പഹൽഗാം ആക്രമണത്തിൽ സുപ്രിം കോടതിക്കും പങ്ക്: ആർഎസ്എസ് ദേശീയ നേതാവ് ജെ. നന്ദകുമാർ; ‘സുപ്രിം കോടതിയിൽ കൊളീജിയം തിരുമേനിമാരും കൊളീജിയം എംപുരാൻമാരും’

'പാകമാകാതിരുന്ന കശ്മീരിൽ തെരഞ്ഞെടുപ്പ് നടത്തുക വഴി ഭീകരവാദികൾക്ക് ആക്സസ് ഉള്ള സർക്കാർ അവിടെ വന്നു'

Update: 2025-05-13 09:26 GMT
Advertising

തിരുവനന്തപുരം: പഹൽഗാം ആക്രമണത്തിലും ജമ്മു കാശ്മീരിലെ സ്ഥിതി വഷളാക്കിയതിലും ഒരു പങ്ക് സുപ്രിം കോടതിക്കുമുണ്ടെന്ന് മുതിർന്ന ആർഎസ്എസ് നേതാവ് ജെ. നന്ദകുമാർ. തിരുവനന്തപുരത്ത് നടന്ന അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിലെ പ്രഭാഷണത്തിലാണ് നന്ദകുമാർ വിവാദ പരാമർശം നടത്തിയത്. ആർഎസ്എസിന്റെ വൈജ്ഞാനിക, ബൗദ്ധിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വിഭാഗമായ പ്രജ്ഞാ പ്രവാഹിന്റെ ദേശീയ കൺവീനറാണ് ജെ. നന്ദകുമാർ.

തെരഞ്ഞെടുപ്പ് നടത്തണമെന്ന സുപ്രിം കോടതിയുടെ നിർദേശം കേന്ദ്രത്തിന് നടപ്പാക്കേണ്ടി വരികയായിരുന്നു. കശ്മീരിലെ സ്ഥിതി സാധാരണ നിലയിൽ എത്തുന്നതിന് മുമ്പ് തെരഞ്ഞെടുപ്പ് നടത്തേണ്ടി വന്നു. അങ്ങനെ അവിടെ ഭീകരവാദികളെ പിന്തുണക്കുന്ന, അവർക്ക് ആക്സസ് ഉള്ള സർക്കാർ അധികാരത്തിൽ വന്നു. 'കൊളീജിയം എംപുരാൻമാർ, കൊളീജിയം തിരുമേനിമാർ' എന്നു പറഞ്ഞ് സുപ്രിം കോടതി ജഡ്ജിമാരെ പരിഹസിക്കുകയും ചെയ്യുന്നുണ്ട് നന്ദകുമാർ. 'അവര് ഇരുന്ന് അവരുടെ മക്കൾക്കും മരുമക്കൾക്കും കൂട്ടുകാർക്കും വീട്ടിൽ പണിയെടുക്കുന്നവർക്കും ജഡ്ജിയുദ്യോഗം കൊടുക്കാൻ വേണ്ടി ഒരു സ്ഥാപനം ഉണ്ടാക്കി' - നന്ദകുമാർ പറയുന്നു.സുപ്രിം കോടതി തന്നെ ശിക്ഷിച്ചാലും പ്രശ്നമില്ല എന്ന ആമുഖത്തോടെയാണ് ആർഎസ്എസ് നേതാവ് സുപ്രിം കോടതിക്കെതിരായ ആക്രമണം തുടങ്ങുന്നത്.

ഹിന്ദു ധർമ പരിഷത്തിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും തിരുവനന്തപുരത്ത് നടക്കുന്ന പരിപാടിയാണ് അനന്തപുരി ഹിന്ദു മഹാസമ്മേളനം. 2022ലെ ഈ സമ്മേളനത്തിൽ വെച്ചാണ് ഹിന്ദുക്കളെ വന്ധ്യംകരിച്ച് ജനസംഖ്യ കുറക്കാൻ വേണ്ടി മുസ്‍ലിം ഹോട്ടലുകൾ പാനീയത്തിൽ തുള്ളി മരുന്ന് ചേർക്കുന്നു എന്ന വിവാദ പ്രസ്താവന പി.സി ജോർജ് നടത്തിയത്. അതിന്റെ പേരിൽ പൊലീസ് ജോർജിനെതിരെ കേസ് എടുക്കുകയും ബിജെപി സംസ്ഥാന നേതൃത്വം ജോർജിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ജെ. നന്ദകുമാറിന്റെ പ്രഭാഷണത്തിൽ നിന്ന്:

'എന്തു കൊണ്ടാണ് നമുക്ക് പാളിപ്പോകുന്നത്? നമ്മൾ കൃത്യമായി കാര്യങ്ങൾ പറയുന്നില്ല. കൃത്യമായ കാര്യം പറയുന്നത് കൊണ്ട് എന്ത് അപകടാ ഉണ്ടാവുക? സത്യത്തിൽ ഈ പഹൽഗാമിന്റെ പിന്നിൽ, ഈ ആക്രമണത്തിന് പിന്നിൽ, ജമ്മു കാശ്മീരിലെ സ്ഥിതികൾ അവതാളത്തിലാക്കിയതിൽ ഒരു പങ്ക്, അതിന് സബ്ജുഡൈസ് ആയാലും തരക്കേടില്ല, ഇവിടന്ന് ഇറങ്ങുമ്പോഴേക്ക് സുപ്രിം കോടതി എന്നെ ശിക്ഷിച്ചാലും പ്രശ്നമില്ല, അതിലൊരു പ്രധാന പങ്ക് നമ്മുടെ സുപ്രിം കോടതിക്കില്ലേ? പ്രധാന പങ്ക്? ആർട്ടിക്കൾ 370 റദ്ദ് ചെയ്ത് കഴിഞ്ഞപ്പൊ, റദ്ദ് ചെയ്യാനുള്ള തീരുമാനം എടുത്തത് ഭരണഘടനാ വിരുദ്ധമായിട്ടൊന്നുമല്ല; ഭരണഘടനാപരമായിട്ട് തന്നെ തീരുമാനമെടുത്തതാ. തെരഞ്ഞെടുക്കപ്പെട്ട എം.പിമാര് വോട്ട് ചെയ്തിട്ടാണ് അത് പാസായത്. അത് പാസാക്കാനുള്ള തീരുമാനമെടുത്ത സർക്കാരിന് അന്ത്യശാസനം കൊടുക്കുകയാണ്; വരുന്ന സെപ്തംബറിന് മുമ്പ് തെരഞ്ഞെടുപ്പ് നടത്തണം. ഇപ്പൊ പ്രസിഡന്റിന് അന്ത്യശാസനം കൊടുത്തില്ലേ? ഗവർണർമാർക്ക് അന്ത്യശാസനം കൊടുത്തില്ലേ? അവരിങ്ങനെ ഇരിക്കയാണ്. കൊളീജിയം തിരുമേനിമാർ; അല്ലെങ്കിൽ കൊളീജിയം എംപുരാൻമാർ. അവരിങ്ങനെ ഇരിക്കയാണ്. അവര് ഇരുന്ന് അവരുടെ മക്കൾക്കും മരുമക്കൾക്കും കൂട്ടുകാർക്കും വീട്ടിൽ പണിയെടുക്കുന്നവർക്കും ജഡ്ജിയുദ്യോഗം കൊടുക്കാൻ വേണ്ടി ഒരു സ്ഥാപനം ഉണ്ടാക്കി. പിന്നെ ഈ ല്യൂട്ടിയൻസ് സർക്കിളിലെ മനോഹരമായ രാജകൊട്ടാര സദൃശമായ വീടുകൾ വേറെ ആർക്കും പോകാതിരിക്കാൻ, മക്കള് തന്നെ ജഡ്ജിയാവാനുള്ള സംവിധാനങ്ങൾ ചെയ്തിട്ട് അവിടന്ന തിട്ടൂരങ്ങൾ എഴുതിയുണ്ടാക്കുകയാണ്. ആർക്കാണറിയുക; ജന്മു കശ്മീരിൽ സ്ഥിതിഗതി ശാന്തമായോ ഇല്ലയോ എന്നറിയുന്നത് ആർക്കാണ്; അത് ഡൽഹിയിലെ ശീതീകരിച്ച സുപ്രിം കോടതി മുറിയിൽ ഇരിക്കുന്നവർക്കാണോ അതോ ഗ്രൗണ്ടിൽ പണിയെടുക്കുന്ന അവിടത്തെ മിലിട്ടറിക്കാണോ, അവിടത്തെ സുരക്ഷാ വിഭാഗത്തിനാണോ; അവർക്ക് നേതൃത്വം നൽകുന്ന ഭരണകൂടത്തിനാണോ അറിയുന്നത്? സിംപിളല്ലേ ചോദ്യം? പക്ഷേ, എന്നിട്ടും അതിനെ പരിഗണിക്കാതെ ആജ്ഞാപിക്കുകയാണ്. ജനാധിപത്യബോധമുള്ള, എക്സിക്യുട്ടീവും ജുഡീഷ്യറിയും ലജിസ്ലേച്ചറും അത് തമ്മിൽ തർക്കിക്കുകയും തമ്മിൽ തല്ല് കൂടുകയും ചെയ്യുന്ന ആളുകൾ തെരുവിൽ നടക്കുന്ന തല്ല് പോലെ നടത്താൻ പാടില്ല എന്ന ഉത്തമ ജനാധിപത്യ ബോധമുണ്ട് കേന്ദ്ര സർക്കാരിന് എന്നത് കൊണ്ട് അത് പറഞ്ഞു നോക്കി; ആയിട്ടില്ല സാഹചര്യങ്ങൾ എന്ന്. പക്ഷേ, എന്നാലും കൽപന കല്ലേൽ പിളർക്കും എന്ന് പറയില്ലേ. ഒരു ഏറ്റുമുട്ടൽ ഉണ്ടാകാതിരിക്കാൻ വേണ്ടി അവര് അതിനെ അംഗീകരിച്ചു. വേണ്ടത്ര പാകമല്ലാതിരുന്ന ജമ്മു കശ്മീരിലേക്ക് വീണ്ടും ഭീകരവാദികളെ പിന്തുണക്കുന്ന, പിന്തുണക്കാൻ സാധ്യതയുള്ള, ഭീകരവാദികൾക്ക് ആക്സസ് ഉള്ള ഒരു സർക്കാർ വന്നു'.

പ്രസംഗത്തിന്റെ ഭാഗങ്ങൾ കാണാം 


Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News