'പുകസയിലെ ബിന്‍ലാദന്‍ എന്നുവരെ വിളിച്ചതാണ്'; കെ.ഇ.എന്നെ മതവാദിയായി ദുര്‍വ്യാഖ്യാനം ചെയ്യാന്‍ ഇടതുപക്ഷത്തു നിന്നുള്ളവരും ശ്രമിക്കുന്നുവെന്ന് പുകസ

കെ.ഇ.എന്നെതിരായ ഇത്തരം ആക്ഷേപങ്ങളെ മതനിരപേക്ഷതക്കും ജനാധിപത്യ സംസ്‌കാരത്തിനും എതിരായ ആക്രമണമായി കാണണമെന്ന് പുകസ

Update: 2026-06-14 02:48 GMT

തിരുവനന്തപുരം: ചിന്തകനും എഴുത്തുകാരനുമായ കെ.ഇ.എന്‍ കുഞ്ഞഹമ്മദിനെ ആക്ഷേപിക്കാനുള്ള ശ്രമങ്ങളെ അപലപിച്ച് പുരോഗമന കലാസാഹിത്യ സംഘം. രാഷ്ട്രീയ ഹിന്ദുത്വവാദികള്‍ക്കൊപ്പം ഇടതുപക്ഷത്തു നിന്നുള്ളവരും മതേതരത്വത്തിന്റെ പുറംകുപ്പായമിട്ട ചിലരും ഈയിടെ അത്തരം ആക്രമണങ്ങളില്‍ പങ്കാളികളാവുന്നുണ്ടെന്ന് പുകസ വിമര്‍ശിച്ചു. നേരത്തേ ചില അതിവിപ്ലവഗ്രൂപ്പുകളില്‍ നിന്ന് 'പുകസയിലെ ബിന്‍ലാദന്മാര്‍' എന്ന ആക്ഷേപത്തിന് വരെ അദ്ദേഹം വിധേയനായെന്നും പുകസ പ്രസിഡന്റ് വൈശാഖന്‍, ജനറല്‍ സെക്രട്ടറി കെ.പി മോഹനന്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു. 

Advertising
Advertising

മതജീവിതം പൂര്‍ണ്ണമായി ഉപേക്ഷിച്ചുകൊണ്ട് കേരളത്തില്‍ ഒരു മതനിരപേക്ഷ ജനാധിപത്യസമൂഹം നിര്‍മ്മിക്കാനായി നീണ്ടകാലമായി നിരന്തരം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന സാംസ്‌കാരിക പ്രവര്‍ത്തകനാണ് കെ.ഇ.എന്‍ എന്ന് പുകസ ചൂണ്ടിക്കാട്ടി. പുരോഗമന കലാസാഹിത്യസംഘത്തിന്റെ ഏറ്റവും മുന്‍നിരയിലെ നേതാവാണ് അദ്ദേഹം. എന്നാല്‍ ദുഷ്ടലാക്കോടെ കെ.ഇ.എന്നെ ഒരു മതവാദിയും അപരനുമായി ദുര്‍വ്യാഖ്യാനം ചെയ്യാനുള്ള ശ്രമങ്ങള്‍ ചില കോണുകളില്‍ നിന്ന് ഉണ്ടാവുന്നതായി കാണുന്നു. കേരളത്തിലെ രാഷ്ട്രീയഹിന്ദുത്വവാദികള്‍ സ്വാഭാവികമായും അദ്ദേഹത്തെ നിരന്തരം കടന്നാക്രമിക്കുന്നുണ്ട്. എന്നാല്‍ ഇടതുപക്ഷത്തിന്റെയും മതേതരത്വത്തിന്റെ പുറംകുപ്പായമിട്ട ചിലരും അത്തരം ആക്രമണങ്ങളില്‍ ഈയിടെയായി പങ്കാളികളാവുന്നതായി കാണുന്നു. ഈ ദുഷ്പ്രവണയെ ശക്തിയായി അപലപിക്കുന്നു -പുകസ വ്യക്തമാക്കി.

മതനിരപക്ഷതയുടെ ഏറ്റവും ശക്തനായ വക്താവ് എന്ന നിലയില്‍ കെ.ഇ.എന്‍ നേരത്തേയും ആക്രമിക്കപ്പെട്ട സന്ദര്‍ഭങ്ങള്‍ ഓര്‍ക്കുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു. നേരത്തേ ചില അതിവിപ്ലവ ഗ്രൂപ്പുകളില്‍ നിന്ന് 'പുകസയിലെ ബിന്‍ലാദന്മാര്‍' എന്ന ആക്ഷേപത്തിന് അദ്ദേഹം വിധേയനായി. പുരോഗമന സാഹിത്യ പ്രസ്ഥാനത്തിനെതിരെ തിരിഞ്ഞ ഒട്ടുമിക്കപേരുടേയും ആക്ഷേപത്തിന് കെ.ഇ.എന്‍ ശരവ്യനായിട്ടുണ്ട്. ഒരു ഘട്ടത്തില്‍ 'അധിനിവേശ പ്രതിരോധസമിതി' ഉണ്ടാക്കി വിഭാഗീയനീക്കം നടത്തിയവര്‍ കെ.ഇ.എന്നെ ആക്ഷേപിച്ച് അവരുടെ ആശയപരമായ പാപ്പരത്തം പ്രകടിപ്പിച്ചിട്ടുണ്ട്. കെ.ഇ.എന്നെതിരായ ഇത്തരം ആക്ഷേപങ്ങളെ മതനിരപേക്ഷതക്കും ജനാധിപത്യ സംസ്‌കാരത്തിനും എതിരായ ആക്രമണമായി കാണണം. നിരന്തരമായ ആക്രമണങ്ങളെ അവഗണിച്ചും അതിജീവിച്ചും ജനാധിപത്യത്തിന്റെ ആശയസംവാദവേദിയില്‍ അടിയുറച്ച് നിന്ന് പോരാടുന്ന സഖാവിനെ അഭിവാദ്യം ചെയ്യുന്നുവെന്നും പുകസ പറഞ്ഞു.

ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ സമ്മേളന സെമിനാറില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഇടതുപക്ഷ വാട്സ്ആപ്പ് ഗ്രൂപ്പില്‍ കെ.ഇ.എന്നെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന സെമിനാറിന്റെ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട്, സിപിഎം നേതാക്കളടക്കമുള്ള വാട്സ്ആപ്പ് ഗ്രൂപ്പിലാണ് കെ.ഇ.എന്നിനെതിരെ വിമര്‍ശനം ഉയര്‍ന്നത്. 'കെ.ഇ.എന്നിന് നമ്മള്‍ എന്തിനാണ് സ്പേസ് കൊടുക്കുന്നത്?, നമ്മുടെ സംഘടന സഖാക്കള്‍ പണി എടുത്ത് ആളുകളെ എത്തിച്ച് ഇയാള്‍ക്ക് ഓഡിയന്‍സ് ഉണ്ടാക്കണോ?' എന്നായിരുന്നു ഗ്രൂപ്പില്‍ വന്ന ചോദ്യം.

ഈ സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് കെ.ഇ.എന്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും പ്രതികരണം നടത്തുകയും ചെയ്തിരുന്നു. 'ജിഹാദി കമ്മ്യൂണിസ്റ്റ്' എന്നത് മോശം വാക്കല്ലെന്നും ആഴത്തിലറിഞ്ഞാല്‍ അതൊരു ഗംഭീരമായ വിശേഷണമാണെന്നും ചരിത്രബോധം കുറഞ്ഞവര്‍ക്കും 'അറബിവാക്കുകള്‍' അപകടകരമാണെന്ന് കരുതുന്നവര്‍ക്കും ഒരു തൊപ്പി കണ്ടാല്‍ പോലും തല കറങ്ങുന്നവര്‍ക്കും 'ഇപ്പോള്‍' അത് മനസ്സിലാവുകയില്ലെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - Web Desk

contributor

Similar News