അബ്ദുല്ല ബാസിലിന് എതിരായ നടപടി അംഗീകരിക്കാനാവില്ല; കട്ടവനെ കിട്ടിയില്ലെങ്കിൽ കണ്ടവനെ പ്രതിയാക്കുന്ന നിലപാട് ശരിയല്ല -ഡോ.ജിന്റോ ജോൺ
മറ്റാരെങ്കിലും സൈബർ അറ്റാക്ക് നടത്തിയിട്ടുണ്ടെങ്കിൽ അതിൽ ബാസിൽ എങ്ങനെ പ്രതിയാകുമെന്നും അദ്ദേഹം പങ്കുവെച്ച ഫെസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു
തിരുവനന്തപുരം: വിസ്ഡം സ്റ്റുഡന്റ്‌സ് നേതാവ് അബ്ദുല്ല ബാസിലിന് എതിരായ നടപടിയോട് ഒരിക്കലും യോജിക്കാനാവില്ലെന്ന് കോൺഗ്രസ് നേതാവ് ഡോ. ജിന്റോ ജോൺ. ബാസിൽ എന്ത് വ്യക്തി അധിക്ഷേപമാണ് നടത്തിയതെന്നും മറ്റാരെങ്കിലും സൈബർ അറ്റാക്ക് നടത്തിയിട്ടുണ്ടെങ്കിൽ അതിൽ ബാസിൽ എങ്ങനെ പ്രതിയാകുമെന്നും അദ്ദേഹം പങ്കുവെച്ച ഫെസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു. കേസ് കൊടുക്കേണ്ടത് സൈബർ അധിക്ഷേപം നടത്തിയവർക്കെതിരെയാണ്. ബാസിലിനെതിരെ കേസ് കൊടുത്ത നടപടി മര്യാദകേടെന്നും അപർണ്ണ സ്വയം വിക്റ്റിമൈസ് ചെയ്യുന്നുവെന്നും
കട്ടവനെ കിട്ടിയില്ലെങ്കിൽ കണ്ടവനെ പ്രതിയാക്കുന്ന ഇടപാട് നിഷ്പക്ഷ മാധ്യമ പ്രവർത്തകക്ക് ചേർന്നതല്ലെന്നും അദ്ദേഹം പോസ്റ്റിൽ പറയുന്നു. ബാസിലിനെതിരായ കേസ് ജനാധിപത്യവിരുദ്ധമെന്നും അപർണയുടെ ന്യായപ്രകാരമാണെങ്കിൽ അപർണക്കെതിരെയും കേസിന് സ്കോപ്പുണ്ടെന്നും അദ്ദേഹം പറയുന്നു.
'അപർണ്ണ കുറുപ്പ് ആ ചർച്ചയുടെ ഇൻട്രോയിൽ പറഞ്ഞത് അത്യന്തം മര്യാദകേടും ഇസ്‌ലാമോഫോബിക് ധാരണയിൽ നിന്നും വമിച്ച മതദ്വേഷ വാക്കുകളും ആയിരുന്നു. അതിൽ അവർ ഖേദം പ്രകടിപ്പിച്ചതിനെ മാനിക്കുന്നു. ആ ദൃശ്യങ്ങൾ നീക്കിയ ബിഗ് ടിവി നിലപാടും അപർണ്ണയുടെ ഖേദവും വെളിവാക്കുന്നത് അത് അനുചിതമായ വാചകങ്ങൾ ആയിരുന്നു എന്ന് തന്നെയാണ്. പറ്റിയ തെറ്റ് (ജാഗ്രത കുറവല്ല) തിരുത്തി ഖേദം പറഞ്ഞത് സ്വാഗതാർഹമാണ്. പക്ഷേ അതിനപ്പുറം അപർണ്ണ സ്വയം വിക്ടിമൈസ് ചെയ്യുന്നത് ജനാധിപത്യപരമായി തോന്നുന്നില്ല.
അവർ ഡിലീറ്റ് ആക്കിയ വീഡിയോ അതിന് മുമ്പേ എടുത്തവർക്ക് അത് പ്രചരിപ്പിക്കാനും അതിന്റെ മറുപക്ഷം പറയാനുമുള്ള സ്വാതന്ത്ര്യമുണ്ടല്ലോ. അതിന്റെ പേരിൽ അബ്ദുല്ല ബാസിലിനെ ഒന്നാം പ്രതിയാക്കിയുള്ള കേസ് ഒരുമാതിരി പരിപാടി ആയിപ്പോയി. അയാൾ അയാളുടെ അഭിപ്രായം പറയാൻ അപർണ്ണ പറഞ്ഞ കാര്യം ഉപയോഗിച്ചതിൽ കവിഞ്ഞെന്ത് വ്യക്തയാധിക്ഷേപമാണ് നടത്തിയത്? ആ സാഹചര്യത്തിൽ മറ്റാരെങ്കിലും സൈബർ അറ്റാക്ക് നടത്തിയിട്ടുണ്ടെങ്കിൽ അതിൽ ബാസിൽ എങ്ങനെ പ്രതിയാകും? സൈബർ അധിക്ഷേപം നടത്തിയവർക്കെതിരെ അല്ലേ കേസ് കൊടുക്കേണ്ടത്? അങ്ങനെയുള്ള മനോരോഗികൾ ആരായാലും അവർക്കെതിരെ ശക്തമായ നടപടി ഉണ്ടാകണം. പക്ഷേ അത് മറയാക്കി തികച്ചും ജനാധിപത്യ രീതിയിൽ തന്നെ അപർണ്ണയുടെ അഭിപ്രായത്തോട് വിയോജിച്ച ബാസിലിനെതിരെ കേസ് കൊടുത്തത് തികഞ്ഞ മര്യാദകേട് തന്നെയാണ്.
അബ്ദുല്ല ബാസിലിനെ പോലുള്ളവർ സൈബർ അറ്റാക്കിന് നേതൃത്വം കൊടുക്കുമെന്ന് കരുതുക വയ്യ. അവരുടെ വാദത്തോട് നമുക്ക് ആർക്ക് വേണമെങ്കിലും വിയോജിക്കാം. അതിന്റെ മറവിൽ കട്ടവനെ കിട്ടിയില്ലെങ്കിൽ കണ്ടവനെ പ്രതിയാക്കുന്ന ഇടപാട് ഒരു 'നിഷ്പക്ഷ' മാധ്യമ പ്രവർത്തകക്ക് ചേർന്നതാണെന്ന് കരുതുന്നില്ല. അങ്ങനെ ചെയ്യുമ്പോൾ നിങ്ങൾക്കെതിരെ മറുപക്ഷം ആരോപിക്കുന്ന ഇസ്ലാമോഫോബിക് ലേബലിന് സംശയത്തിന്റെ ആനുകൂല്യം ലഭിക്കും.
അപർണ്ണ അന്ന് പറഞ്ഞത് തികച്ചും തെറ്റാണ്. അപർണ്ണക്കെതിരെ നടന്ന വ്യക്ത്യാധിക്ഷേപം അത്ര തന്നെ തെറ്റാണ്. അപർണ്ണയുടെ പരാതിയിൽ ബാസിലിനെതിരെ എടുത്ത കേസിനും ഒരുതരത്തിലും ന്യായീകരണമില്ല. ജനാധിപത്യ വിരുദ്ധവുമാണ്. ഇതിൽ ഒന്നും പെടാതെ നിൽക്കുന്ന ഒരു നീതിബോധം നയിക്കുന്ന മാധ്യമപ്രവർത്തനം കാണാൻ ആഗ്രഹിക്കുന്നു. അപർണ്ണയുടെ ന്യായപ്രകാരമാണെങ്കിൽ അപർണ്ണക്കെതിരെയും കേസിന് സ്കോപ്പുണ്ട്. സൈബർ ആക്രമണം നടത്തുന്ന മനോരോഗികളോട് പോരാടേണ്ടത് ജനാധിപത്യ രീതിയിൽ ചർച്ച ചെയ്യാൻ ധൈര്യമുള്ളവർക്കെതിരെ കള്ളക്കേസ് കൊടുത്തിട്ടല്ല. അപർണ്ണയെ വ്യക്തിപരമായി ആക്ഷേപിച്ചവർക്കെതിരെ കേസെടുക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും വേണം. അതിന് ഈ രീതിയിലല്ല സമീപിക്കേണ്ടത്.' - പോസ്റ്റിന്റെ പൂർണ രൂപം.