തപാൽ വോട്ടുകൾ തിരുത്തിയെന്ന വെളിപ്പെടുത്തൽ; ജി.സുധാകരനെതിരെ കേസെടുത്തു
നിയമോപദേശം ലഭിച്ചതിന് പിന്നാലെ ആലപ്പുഴ സൗത്ത് പോലീസാണ് കേസെടുത്തത്
ആലപ്പുഴ: തപാൽ വോട്ടുകൾ തിരുത്തിയെന്ന വെളിപ്പെടുത്തലിൽ ജി.സുധാകരനെതിരെ പൊലീസ് കേസെടുത്തു. വിവാദ പ്രസംഗത്തിന് പിന്നാലെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർ കത്ത് നൽകിയിരുന്നു. കത്തിന്റെ അടിസ്ഥാനത്തിൽ നിയമോപദേശം ലഭിച്ചതിന് പിന്നാലെ ആലപ്പുഴ സൗത്ത് പോലീസാണ് കേസെടുത്തത്.
തപാൽ ബാലറ്റ് തിരുത്തിയെന്ന വെളിപ്പെടുത്തലിലാണ് കേസെടുത്തത്. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 136, 128 എന്നിവയുടെ ലംഘനവും 1961ലെ തെരഞ്ഞെടുപ്പ് ചട്ടലംഘനവും നടത്തിയതായി കണ്ടത്തിയതിനെ തുടർന്നാണ് നടപടി. ഐപിസി 465, 468,471 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ജി. സുധാകരന്റെ മൊഴി രേഖപ്പെടുത്തും.
1989 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥിക്ക് വേണ്ടി തപാൽ വോട്ടുകൾ പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്നായിരുന്നു സുധാകരന്റെ വെളിപ്പെടുത്തൽ. ഇതിന്റെ പേരിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ കേസെടുത്താൽ പ്രശ്‌നമില്ലെന്നും സുധാകരൻ പറഞ്ഞിരുന്നു. ആലപ്പുഴയിൽ എൻജിഒ യൂണിയൻ സംഘടിപ്പിച്ച പരിപാടിയിലാണ് വിവാദ പരാമർശം.
'1989 ൽ കെ.വി. ദേവദാസ് ആലപ്പുഴയിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചപ്പോൾ ഇലക്ഷൻ കമ്മിറ്റി സെക്രട്ടറിയായിരുന്നു ഞാൻ.പോസ്റ്റൽ ബാലറ്റ് ശേഖരിച്ച് സി പി എം ജില്ലാ കമ്മിറ്റി ഓഫീസിൽ കൊണ്ടുവന്നു. അവിടെ വെച്ച് ഞാനുൾപ്പടെയുള്ളവർ പോസ്റ്റൽ വോട്ടുകൾ പൊട്ടിച്ചു തിരുത്തിയിട്ടുണ്ട്.അന്നു സിപിഎം സർവീസ് സംഘടനകളിലെ അംഗങ്ങളുടെ വോട്ടിൽ 15 ശതമാനം ദേവദാസിന് എതിരായിരുന്നു.അംഗങ്ങളുടെ പോസ്റ്റൽ ബാലറ്റുകളിൽ 15 ശതമാനം മറിച്ചു ചെയ്തു.' എന്നായിരുന്നു സുധാകരൻ പറഞ്ഞത്.
പ്രാഥമികമായി തെളിവുകളൊന്നുമില്ലാതെ എങ്ങനെയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ മീഡിയവണിനോട് പ്രതികരിച്ചു.
എന്നാൽ താൻ കൊലക്കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും ഭയമില്ലെന്നുമായിരുന്നു തഹസിൽദാർ മൊഴിയെടുത്തതിന് പിന്നാലെ സുധാകരൻ പറഞ്ഞത്. പിന്നാലെ മറ്റൊരു പൊതുപരിപാടിയിൽ താൻ ഭാവന കലർത്തി പറഞ്ഞതാണെന്ന് പറഞ്ഞ് മലക്കം മറിഞ്ഞു. അങ്ങനെയൊരു സംഭവമേ നടന്നിട്ടില്ലയെന്ന് 1989ലെ സിപിഎം സ്ഥാനാർഥി കെ.വി ദേവദാസ് പ്രതികരിച്ചിരുന്നു.
വക്കം പുരുഷോത്തമനെതിരെയാണ് അന്നു ദേവദാസ് മത്സരിച്ചത്. കാൽലക്ഷത്തിൽപരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണു വക്കം പുരുഷോത്തമൻ അന്ന് വിജയിച്ചത്.