മുതലപ്പൊഴി; ഡ്രഡ്ജറും എസ്‌കവേറ്ററും നാളെ മുതൽ പ്രവർത്തനമാരംഭിക്കുമെന്ന് സമവായ ചർച്ചയിൽ തീരുമാനം

നിലവിലെ ഉറപ്പിൽ മാറ്റം വന്നാൽ ചൊവ്വാഴ്ച നാലുമണിക്ക് ശേഷം പൊഴി മൂടുന്ന സമരത്തിലേക്ക് പോകുമെന്ന് സമരസമിതി അറിയിച്ചു

Update: 2025-05-16 15:02 GMT
Advertising

തിരുവനന്തപുരം: ഡ്രഡ്ജറും എസ്‌കവേറ്ററും നാളെ മുതൽ പ്രവർത്തനമാരംഭിക്കുമെന്ന് മുതലപ്പൊഴി സമരസമിതിയും എക്‌സിക്യുട്ടീവ് എഞ്ചിനീയറും തമ്മിൽ നടത്തിയ ചർച്ചയിൽ തീരുമാനം. ചന്ദ്രഗിരി ഡ്രഡ്ജർ നാളെ മുതൽ 10 മണിക്കൂർ പ്രവർത്തിച്ച് തുടങ്ങുമെന്നും അടുത്ത ആഴ്ച മുതൽ സമയം വർധിപ്പിക്കുമെന്നും ചർച്ചയിൽ തീരുമാനിച്ചു. ഇരുപത് മണിക്കൂർ പ്രവർത്തിപ്പിക്കണമെന്നായിരുന്നു സമരസമിതിയുടെ ആവശ്യം.

ചാനലിൽ കിടക്കുന്ന ടെട്രാപ്പോഡുകൾ ചൊവ്വാഴ്ച മെഷീനറി എത്തിച്ച് ബുധനാഴ്ച മുതൽ മാറ്റിത്തുടങ്ങുമെന്നും എക്‌സവേറ്ററുകൾ നാളെ മുതൽ പ്രവർത്തിച്ച് മണ്ണ് മാറ്റുമെന്നും ഉറപ്പു നൽകി. മണൽ നിക്ഷേപിക്കുന്ന വടക്ക് ഭാഗത്ത് ബണ്ട് നിർമ്മിക്കുമെന്ന് എഞ്ചിനീയർ പറഞ്ഞതായും സമരസമിതി അംഗം സജീവ് പറഞ്ഞു.

ജനൽ തകർത്ത കേസിൽ അറസ്റ്റ് ചെയ്തയാളെ വിട്ടയക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടിരുന്നു. മണൽ നീക്കവുമായി ബന്ധപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങൾ ചർച്ചയിൽ അംഗീകരിച്ചിട്ടുണ്ട്. അക്കാര്യം രേഖാമൂലം സമ്മതിച്ചിട്ടുമുണ്ട്. നിലവിലെ ഉറപ്പിൽ മാറ്റം വന്നാൽ ചൊവ്വാഴ്ച നാലുമണിക്ക് ശേഷം പൊഴി മൂടുന്ന സമരത്തിലേക്ക് പോകുമെന്ന് സമരസമിതി അറിയിച്ചു.

അതേസമയം ചർച്ച സമവായത്തിൽ എത്തിയിട്ടില്ലെന്നും സമരസമിതി വ്യക്തമാക്കി. ഉപരോധം ഇപ്പോഴും തുടരുന്ന സാഹചര്യത്തിൽ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ഉൾപ്പെടെയുള്ളവർ ഓഫീസിൽ തുടരുകയാണ്

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News