തെരുവുനായ ആക്രമണം; തൃശ്ശൂർ ചാലക്കുടിയിൽ 12 പേർക്ക് നായയുടെ കടിയേറ്റു
ചാലക്കുടി നഗരസഭയിലെ പതിനേഴാം വാർഡിലാണ് സംഭവം. ഇതേ വാർഡിൽ രണ്ടാഴ്ച മുമ്പ് 7 പേർക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു
ചാലക്കുടി: തൃശൂർ ചാലക്കുടിയിൽ തെരുവുനായ ആക്രമണം. കുടപ്പുഴ ജനതാ റോഡ് പരിസരത്ത് 12 പേർക്കാണ് നായയുടെ കടിയേറ്റത്. നായയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തി. ചാലക്കുടി നഗരസഭയിലെ പതിനേഴാം വാർഡിലാണ് സംഭവം. ഇതേ വാർഡിൽ രണ്ടാഴ്ച മുമ്പ് 7 പേർക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു.
ഈ വർഷം തെരുവു നായയുടെ കടിയേറ്റ് നിരവധി പേരാണ് ചികിത്സ തേടിയത്. മുൻവർഷങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് തെരുവുനായ ശല്യം അതിരൂക്ഷമെന്ന് കണക്കുകൾ പുറത്തുവന്നിരുന്നു. ഈ വർഷം ഇതുവരെ ഒന്നരലക്ഷത്തിലധികം പേർ തെരുവ് നായയുടെ കടിയേറ്റ് ചികിത്സ തേടി. കഴിഞ്ഞവർഷം 3,16,793 പേർക്ക് നായയുടെ കടിയേറ്റപ്പോൾ 26 പേർ പേവിഷബാധയേറ്റ് മരിച്ചു.ഒരു മാസത്തിനിടെ മൂന്ന് കുരുന്നു ജീവനുകളാണ് പേവിഷബാധ മൂലം നഷ്ടമായത്. നായ്ക്കളുടെ വന്ധ്യംകരണ പരിപാടികൾ താളം തെറ്റിയതോടെയാണ് ആക്രമണം രൂക്ഷമായത്.