‘ഒരു തുള്ളി വെള്ളത്തിനായി സ്റ്റേഷനിലെ ബാത്റൂമിൽ വരെ ഞാൻ നോക്കി’ കള്ളക്കേസിൽ പേരൂർക്കട പൊലീസ് കസ്റ്റഡിയിൽ അനുഭവിച്ച ക്രൂരത വിവരിച്ച് യുവതി
‘ആ രാത്രി മുഴുവനും വെള്ളമോ ഭക്ഷണമോ നൽകാൻ പോലും തയറായില്ല. ഒരു പേപ്പർ തന്നിട്ട് സ്റ്റേഷനിൽ വരുന്ന എല്ലാവരും എല്ലാവരും കാണുന്നതരത്തിൽ എന്നെ തറയിൽ ഇരുത്തി. രാത്രി പന്ത്രണ്ട് മണിക്ക് കുടിവെള്ളം തിരഞ്ഞ് ശുചിമുറിയിലെത്തിയെങ്കിലും ബക്കറ്റിൽ പോലും ഒരു തുള്ളിയില്ലായിരുന്നു. പലകുറി ആവശ്യപ്പെട്ടിട്ടാണ് വെള്ളമില്ലാത്ത ആ ശുചിമുറി ഉപയോഗിക്കാൻ തന്നെ അനുവദിച്ചത്. പേരൂർക്കട സ്റ്റേഷനിലുണ്ടായിരുന്ന ഓരോ നിമിഷവും അങ്ങേയറ്റം അപമാനവും മാനസികപീഢനവുമാണ് നേരിടേണ്ടി വന്നത്’ ബിന്ദു മീഡിയവണിനോട്
തിരുവനന്തപുരം: ‘ഒരുരാത്രി മുഴുവൻ സ്റ്റേഷനിൽ പിടിച്ചിരുത്തിയിട്ടും കുടിക്കാൻ ഒരു തുള്ളിവെള്ളമോ ഭക്ഷണമോ നൽകിയില്ല. രാത്രി പന്ത്രണ്ട് മണിക്ക് കുടിവെള്ളം തിരഞ്ഞ് ശുചിമുറിയിലെത്തിയെങ്കിലും ബക്കറ്റിൽ പോലും ഒരു തുള്ളിയില്ലായിരുന്നു. പലകുറി ആവശ്യപ്പെട്ടിട്ടാണ് വെള്ളമില്ലാത്ത ആ ശുചിമുറി ഉപയോഗിക്കാൻ തന്നെ അനുവദിച്ചത്’. വ്യാജമോഷണക്കുറ്റം ചുമത്തി പേരൂർക്കട പൊലീസ് കസ്റ്റഡിയിലെടുത്ത ദലിത് യുവതിയുടെ വാക്കുകളാണിത്. ക്രൂരമായ മാനസികപീഡനത്തിനാണ് താൻ ഇരയായതെന്ന് മീഡിയവൺ ഓൺലൈനിനോട് നെടുമങ്ങാട് പനയമുട്ടം തോട്ടരികത്ത് വീട്ടിൽ പ്രദീഷിന്റെ ഭാര്യയും ഇരയുമായ ആർ. ബിന്ദു പറഞ്ഞു.
പേരൂർക്കട പൊലീസിൽ നിന്ന് അനുഭവിക്കേണ്ടി വന്നത് ഇനി ഒരു സ്ത്രീക്കും ഉണ്ടാകരുതെന്നാണ് പ്രാർത്ഥന. ഒരു സ്ത്രീക്കും താങ്ങാനാകുന്നതല്ല, ആ രാത്രി മുഴുവൻ പേരൂർക്കട പൊലീസ് സ്റ്റേഷനിൽ താൻ നേരിട്ടത്. രണ്ട് പെൺമക്കളുള്ള വീട്ടിലേക്ക് അമ്മയെവിടെയാണെന്ന് പോലും അറിയിക്കാൻ അനുവദിക്കാതെ, ജോലിസ്ഥലത്തുള്ള ഭർത്താവിനോട് ഭാര്യയെ കസ്റ്റഡിയിലെടുത്തുവെന്ന് അറിയിക്കാതെയാണ് 39 കാരിയെ പേരൂർക്കട പൊലീസ് വേട്ടയാടിയത്. പട്ടികജാതി വിഭാഗത്തിലെ പുലയ സമുദായത്തിൽപ്പെട്ട ബിന്ദുവിനെ ഒരു അന്വേഷണവും നടത്താതെ മോഷ്ടാവും കുറ്റവാളിയുമാക്കാനും പൊലീസും പരാതിക്കാരും ശ്രമിച്ചത്.
തിരുവനന്തപുരം കുടപ്പനക്കുന്ന് ഭഗവതി നഗറിൽ ഓമന ഡാനിയലും മകൾ നിഷയും അവരുടെ വീട്ടിൽ നിന്ന് രണ്ടര പവൻ സ്വർണം നഷ്ടമായെന്നും വീട്ടുജോലിക്കെത്തിയിരുന്ന ബിന്ദുവാണ് അത് മോഷ്ടിച്ചതെന്നും ആരോപിച്ച് നൽകിയ പരാതിയിലാണ് പേരൂർക്കട പൊലീസിന്റെ നിയമങ്ങളെ മറികടന്നുള്ള ഇടപെടൽ. സംഭവത്തിൽ കള്ളപ്പരാതി നൽകിയ ഓമന ഡാനിയലിനും മകൾ നിഷക്കും പേരൂർക്കട പൊലീസ് സ്റ്റേഷനിലെ എസ് ഐ പ്രസാദിനും കണ്ടാലറിയാവുന്ന രണ്ട് പുരുഷപൊലീസ് ഉദ്യോഗസ്ഥർക്കും രണ്ട് വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കുമെതിരെ പരാതി നൽകിയിരിക്കുകയാണ് ബിന്ദു.
സംഭവത്തെക്കുറിച്ച് ബിന്ദു പറയുന്നത്:
കഴിഞ്ഞ മൂന്ന് വർഷമായി പലവീടുകളിലായി വീട്ടുജോലിക്ക് പോകുന്നുണ്ട്. തനിക്കും എന്റെ ഭർത്താവിനും കിട്ടുന്ന തുച്ഛമായ വരുമാനത്തിൽനിന്നാണ് രണ്ടു പെൺമക്കളുടെ വിദ്യാഭ്യാസമടക്കമുള്ള കുടുംബ ചിലവുകൾ നടത്തുന്നത്. അതിനിടയിലാണ് ഏപ്രിൽ 14 മുതൽ പരാതിക്കാരിയായ ഓമന ഡാനിയലിന്റെ വീട്ടിൽ ജോലിക്ക് പോകുന്നത്. ഒരു ഏജൻസി വഴിയാണ് അവിടെ ജോലി ശരിയായത്. ആഴ്ചയിൽ മൂന്ന് ദിവസമാണ് അവിടെ പണിയുണ്ടാവുക. ദിവസം 500 രൂപയാണ് കൂലി. രാവിലെ 6.50 ന് ഇറങ്ങിയാൽ തിരികെ വീട്ടിലെത്തുമ്പോൾ രാത്രി എട്ട് മണിയാകും. ബസിറങ്ങി അവരുടെ വീട്ടിലേക്ക് നടന്നാണ് പോവുക. ഓട്ടോറിക്ഷ വിളിച്ചാൽ 50 രൂപയുടെ ദൂരമുണ്ട്. 14,16,19 തീയതികളിലാണ് അവിടെ ജോലിക്ക് പോയത്. 23 ന് മറ്റൊരു വീട്ടിൽ ജോലിക്കുപോയ ശേഷം വൈകിട്ട് നാലുമണിയോടെ വീട്ടിലേക്ക് പോകാനായി ബസ് സ്റ്റോപ്പിൽ കാത്തുനിൽക്കുമ്പോഴാണ് പേരൂർക്കട പൊലീസ് സ്റ്റേഷനിൽ നിന്നും വിളിക്കുന്നത്. തനിക്കെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നും വേഗം സ്റ്റേഷനിലേക്ക് വരണമെന്നും പറഞ്ഞു. ഓമന ഡാനിയലാണ് പരാതി നൽകിയതെന്ന് പറഞ്ഞതുകൊണ്ട് ഞാൻ അവരുടെ വീട്ടിലേക്ക് വിളിച്ചു. ഫോണെടുത്തത് മറ്റൊരു മകളായിരുന്നു. എന്താണ് കാര്യമെന്നന്വേഷിച്ചപ്പോൾ മൂന്നുദിവസത്തെ ശമ്പളം നൽകാനാണെന്നാണ് പറഞ്ഞത്. ഞാൻ സ്റ്റേഷനിലേക്ക് പോയി. അവിടെ എത്തുമ്പോൾ ഓമനയും നിഷയും ഉണ്ടായിരുന്നു. ചെന്ന് കയറുമ്പോൾ തന്നെ എസ്.ഐ പ്രസാദ് ‘മാല എവിടേടീ’ എന്നു അലറിക്കൊണ്ട് തെറിവിളിക്കുകയായിരുന്നു. തെറിവിളി കുറച്ച് നേരം നീണ്ട ശേഷം ഇവളെ ശരിക്ക് ഒന്ന് ചോദ്യം ചെയ്യാം എന്നു പറഞ്ഞ് യൂണിഫോമിലല്ലാത്ത ഒരു പൊലീസുകാരനെ കൂട്ടി മറ്റൊരു മുറിയിൽ കൊണ്ടു പോയി. അവിടെക്ക് യൂണിഫോമിടാത്ത മറ്റൊരു പൊലീസുകാരനും യൂണിഫോമിൽ അല്ലാതിരുന്ന രണ്ട് വനിതാ പൊലീസുകാരികളും ചേർന്ന് തെറിവിളിയും അസഭ്യവർഷവും ആരംഭിച്ചു. ‘നീ മോഷ്ടിച്ച മാല എവിടേടി’ എന്ന് ചോദിച്ചും തെറിയും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള അധിക്ഷേപങ്ങളായിരുന്നു ഓരോരുത്തരും. കൈ ഉയർത്തി അടിക്കാനും മർദിക്കാനും ഒരുങ്ങി. ഞാൻ കരഞ്ഞുപറഞ്ഞെങ്കിലും അതൊന്നും കേൾക്കാനൊ ശ്രദ്ധിക്കാനോ തയാറാകാതെ എന്നെ കുറ്റക്കാരിയാക്കാനായിരുന്നു അവരുടെ ശ്രമം.
പേരൂർക്കട പൊലീസ് ബിന്ദുവിനെതിരെയിട്ട എഫ്ഐആർ. പിന്നീട് ഇത് പിൻവലിച്ചു
ഭർത്താവിനെയോ ബന്ധുക്കളെയോ ബന്ധപ്പെടാൻ അനുവദിക്കാതെ ഫോൺ പിടിച്ചുവാങ്ങി വച്ചിരുന്നു. ഒരുതുള്ളി വെള്ളം പോലും കുടിക്കാൻ അനുവദിക്കാതെയുള്ള മാനസിക പീഡനങ്ങൾ സഹിക്കാനാകാതെ ഞാൻ എടുത്തുവെന്ന് ഒരു ദുർബല നിമിഷത്തിൽ കള്ളം പറഞ്ഞു. അത്രക്ക് ഭീകരമായിരുന്നു അവരുടെ പീഡനം. എടുത്തിട്ടില്ലെന്ന് കരഞ്ഞു കാല് പിടിച്ച് പറഞ്ഞിട്ടും എസ്.ഐ എന്നെ പ്രതിയാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. പീഡനം സഹിക്കാനാകാതെ ഞാൻ എടുത്തുവെന്ന് പറഞ്ഞതോടെ രാത്രി എട്ടരയോടെ പരാതിക്കാരിയുടെ വണ്ടിയിൽ എന്നെ എന്റെ വീട്ടിലേക്ക് കൊണ്ടുവന്നു. മഫ്തിയിലായിരുന്നു പൊലീസ്. വീട് മുഴുവൻ അരിച്ചുപറുക്കിയിട്ടും ഒന്നും കണ്ടെത്താനായില്ല. അപ്പോഴാണ് ഞാൻ പൊലീസ് കസ്റ്റഡിയിലാണെന്ന് കുട്ടികളും ഭർത്താവുമൊക്കെ അറിയുന്നത്.
സ്വർണം കിട്ടാത്തതിനെ തുടർന്ന് വീണ്ടും കാറിൽ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കാറിൽ കയറി സ്റ്റേഷനെത്തുന്നത് വരെ തെറി വിളിക്കുകയായിരുന്നു.രാത്രി ഒൻപതരയോടെ സ്റ്റേഷനിൽ തിരികെ എത്തിയ നിമിഷം മുതൽ അടുത്ത ദിവസം രാവിലെ മൂന്ന് വരെ കണ്ണടക്കാൻ പോലും അനുവദിക്കാതെ അവരെല്ലാം മാറി മാറി എന്നെ അസഭ്യം വിളിച്ചു. മാല എടുത്തുകൊടുത്തില്ലെങ്കിൽ തന്നെയും ഭർത്താവിനെയും പ്രായപൂർത്തിയാകാത്ത പെൺമക്കളെയും കേസിൽ കുടുക്കി ജയിലിൽ അടയ്ക്കുമെന്നും ഭീഷണിപ്പെടുത്തി. മാല ഞാൻ മോഷ്ടിച്ചിട്ടില്ല എന്ന് പൊലീസ് ഉദ്യോഗസ്ഥരുടെ കാലിൽ പിടിച്ച് കരഞ്ഞുപറഞ്ഞെങ്കിലും അവർ കേൾക്കാൻ തയ്യാറായില്ല.
തൊട്ടുപിന്നാലെ സ്റ്റേഷനിലെത്തിയ ഭർത്താവിനൊ സഹോദരിയുടെ മക്കൾക്കോ എന്നെ കാണാനോ സംസാരിക്കാനോ അവർ അനുവദിച്ചില്ല. സമ്മതിച്ചില്ലെങ്കിൽ എന്റെ പെൺമക്കളും കേസിൽ പ്രതിയാണെന്നും അവരെയും സ്റ്റേഷനിൽ കൊണ്ടുവരണമെന്നും ഭീഷണിപ്പെടുത്തി. സ്റ്റേഷനിലെ വനിതാ പൊലീസുപോലും ഒരു സ്ത്രീയെന്ന പരിഗണന തനിക്ക് നൽകിയില്ല. മനംനൊന്ത് അപമാന ഭാരത്താൽ ആത്മഹത്യയെപ്പറ്റി പോലും ഞാൻ ചിന്തിച്ചു. എന്നാൽ എന്റെ പെൺക്കളുടെ ഭാവി മാത്രമോർത്താണ് ഞാൻ അതിന് തുനിയാതിരുന്നത്. സമൂഹത്തിനും നിയമത്തിനും മുന്നിൽ തനിക്ക് തന്റെ സത്യസന്ധത തെളിയിക്കണമായിരുന്നു. അതിന് ജീവിച്ചിരിക്കണമെന്ന് തനിക്ക് തോന്നിയെന്നും ബിന്ദു പറഞ്ഞു.
ആ രാത്രി മുഴുവനും വെള്ളമോ ഭക്ഷണമോ നൽകാൻ പോലും തയറായില്ല. ഒരു പേപ്പർ തന്നിട്ട് സ്റ്റേഷനിൽ വരുന്ന എല്ലാവരും എല്ലാവരും കാണുന്നതരത്തിൽ എന്നെ തറയിൽ ഇരുത്തി. സ്റ്റേഷനിലുണ്ടായിരുന്ന ഓരോ നിമിഷവും അങ്ങേയറ്റം അപമാനവും മാനസികപീഡനവും നേരിടേണ്ടി വന്നു. രാത്രി 11.40 ന് പേരൂർക്കട സ്റ്റേഷനിൽ 0571 -2025 നമ്പറിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. എന്നാൽ രാവിലെ എട്ടരയോടെ പരാതിക്കാരിയായ ഓമന ഡാനിയലും നിഷയും സ്റ്റേഷനിലെത്തി. വീട്ടിൽ നിന്നു സ്വർണം തിരികെ കിട്ടിയെന്ന വിവരം പൊലീസിനെ അറിയിച്ചു. ഇതിന് പിന്നാലെ എസ്ഐ പ്രസാദ് അയ്യാളുടെ മുറിയിലേക്ക് തന്നെ വിളിച്ചു. അപ്പോൾ അവിടെ ഓമനയും നിഷയുമുണ്ടായിരുന്നു. തന്റെ മക്കളേയോർത്ത് പരാതി അവർ പിൻവലിക്കുകയാണെന്ന് എസ് ഐ പറഞ്ഞു. ഈ രണ്ടര പവൻ പോലുള്ള പത്ത് എണ്ണം വാങ്ങാനുള്ള പണം തന്റെ കയ്യിലുണ്ട് എന്നിട്ടും താൻ കേസ് പിൻവലിക്കുകയാണെന്ന് ഓമന എന്നേ നോക്കി പറഞ്ഞു. അതുവരെ എന്നെയും കുടുംബത്തെയും മോഷ്ടാക്കളാക്കുമെന്ന് പറഞ്ഞ പൊലീസ് നിലപാട് മാറ്റി. അതിനിടയിൽ ഓമന മൂന്ന് ദിവസത്തെ ശമ്പളം വെച്ചു നീട്ടി. ഞാനത് വാങ്ങി, കാരണം ഞാൻ ചോര നീരാക്കിയതാണ്. കേസൊന്നുമില്ല, വീട്ടിൽ പൊയ്ക്കൊള്ളാൻ പൊലീസ് പറഞ്ഞു. എന്നാൽ എന്റെ ഫോൺ വേണമെന്ന് ഞാൻ പറഞ്ഞു. അത് കിട്ടിയ ശേഷം മാത്രമെ പോകുള്ളുവെന്ന് പറഞ്ഞപ്പോഴാണ് ഉച്ചക്ക് 12.30 ഓടെ ഫോൺ തന്നത്.
ഒരു സ്ത്രീയെ, വീട്ടമ്മയെ വ്യാജപരാതിയിൽ കൃത്യമായ അന്വേഷണം പോലും നടത്താതെ കുറ്റക്കാരിയാക്കാനുള്ള പൊലീസ് നടപടിക്കെതിരെ നിയമപരമായി നേരിടാൻ തീരുമാനിച്ചാണ് സ്റ്റേഷനിൽ നിന്നിറങ്ങിയത്. ഒരൊറ്റ രാത്രികൊണ്ട് അത്രക്ക് കണ്ണീർ വീണിട്ടുണ്ട് ആ സ്റ്റേഷനുള്ളിൽ. കള്ളപ്പരാതി നൽകിയ ഓമന ഡാനിയൽ, നിഷ എന്നിവർക്ക് തക്കതായ ശിക്ഷ വാങ്ങി നൽകും. എസ്.ഐ പ്രസാദടക്കമുള്ളവർക്കെതിരെ മരണം വരെ നിയമ പോരാട്ടം നടത്തും. അവരെ ജോലിയിൽ നിന്ന് പിരിച്ചുവിടണം. പെൻഷൻ വാങ്ങാൻ പോലും അനുവദിക്കരുത്, നീതിക്ക് വേണ്ടിയാണ് ഞാൻ പോരാടുന്നത് ബിന്ദു പറഞ്ഞു. ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിരിക്കുകയാണ് ബിന്ദു. സംഭവം പരാതിയും വിവാദവുമായതോടെ പൊലീസ് എഫ്ഐആർ പിൻവലിച്ചിരുന്നു.