ജൂനിയർ അഭിഭാഷകയ്ക്ക് മർദനമേറ്റത് ഗൗരവമേറിയ വിഷയം: മന്ത്രി പി രാജീവ്

മർദനമേറ്റ ശ്യാമിലിയെ സന്ദർശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം

Update: 2025-05-14 10:40 GMT
Editor : സനു ഹദീബ | By : Web Desk
Advertising

തിരുവനന്തപുരം: ജൂനിയർ അഭിഭാഷകയ്ക്ക് മർദനമേറ്റത് ഗൗരവമേറിയ വിഷയമാണെന്ന് നിയമമന്ത്രി പി.രാജീവ്. നടപടികൾ സ്വീകരിക്കണമെന്ന് സർക്കാർ ബാർ കൗൺസിലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിയെ രക്ഷപെടാൻ സഹായിച്ചവരും കുറ്റവാളികളാണെന്നും മന്ത്രി പറഞ്ഞു. മർദനമേറ്റ ശ്യാമിലിയെ സന്ദർശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.

"വളരെ ഗൗരവപരമായ സംഭവമാണ്. ശ്യാമിലിയെ കാണാൻ വേണ്ടിയാണ് താൻ വന്നത്. പൊലീസ് നടപടികൾ തുടങ്ങിയിട്ടുണ്ട്. ബാർ കൗൺസിൽ നടപടികൾ സ്വീകരിക്കുന്നുണ്ട്. വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് സർക്കാർ ബാർ കൗൺസിലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാം മറന്ന് അഭിഭാഷക സമൂഹവും ഒറ്റക്കെട്ടായി അക്രമിക്കപ്പെട്ട പെൺകുട്ടിയോടൊപ്പം നിൽക്കണമായിരുന്നു. കോടതികളിൽ ഇന്റെര്ണല് കമ്മിറ്റികൾ വേണോ എന്നുള്ളത് പരിശോധിക്കും.ജൂനിയർ അഭിഭാഷകർക്കൊപ്പം നിൽക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നത്. കേരളത്തിൽ ഇതിനുമുമ്പും കേട്ടിട്ടില്ലാത്ത സംഭവമാണ്. രക്ഷപ്പെടാൻ സഹായിച്ചവരും നിയമത്തിന്റെ പരിധിയിൽ വരണം. പ്രതിയെ രക്ഷപെടാൻ സഹായിച്ചവരും കുറ്റവാളികളാണ്," മന്ത്രി പറഞ്ഞു.

ഇന്നലെ ഉച്ചയോടെയാണ് വഞ്ചിയൂർ കോടതിയിൽ ജൂനിയർ അഭിഭാഷകയായ ശ്യാമിലിയെ ബെയ്ലിൻ ദാസ് അതിക്രൂരമായി മർദിച്ചത്. ശ്യാമിലിയുടെ ഇടതു കവിളിൽ രണ്ടു തവണ ബെയ്‌ലിന്‍ അടിച്ചു ഗുരുതര പരിക്കേൽപ്പിച്ചു. അഭിഭാഷകൻ മോപ്സ്റ്റിക് കൊണ്ട് മർദിച്ചുവെന്ന് യുവതി പറഞ്ഞിരുന്നു. ഇന്നലെ രാത്രിയോടുകൂടിയാണ് വഞ്ചിയൂർ പൊലീസ് ജൂനിയർ അഭിഭാഷകയിൽ നിന്ന് മൊഴി രേഖപ്പെടുത്തിയ ശേഷം എഫ്ഐആർ രജിസ്റ്റർ ചെയ്തത്. പ്രതി ബെയ്‌ലിന്‍ ദാസ് ഇപ്പോഴും ഒളിവിലാണ്. ഇടതു കവിളിൽ രണ്ടു തവണ അടിയേറ്റ ശാമിലിക്ക് സംസാരിക്കുന്നതിനടക്കം പ്രയാസമുണ്ട്. വിദഗ്ധ ചികിത്സയ്ക്ക് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നിന്ന് നിർദേശം നൽകിയെങ്കിലും പാല് കുടിക്കുന്ന കുഞ്ഞുള്ളതിനാൽ വീട്ടിലേക്ക് വന്ന ശ്യാമിലി ഇന്ന് വിദഗ്ധ ചികിത്സ തേടിയേക്കും.

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News