യുവ അഭിഭാഷകയെ മർദിച്ച സംഭവം: ബെയ്ലിൻ ദാസിൻ്റെ അഭിഭാഷ അംഗത്വം റദ്ദാക്കണമെന്ന് ശുപാർശ
ഇന്നലെ ഉച്ചയോടെയാണ് വഞ്ചിയൂർ കോടതിയിൽ ജൂനിയർ അഭിഭാഷകയായ ശ്യാമിലിയെ ബെയ്ലിൻ ദാസ് അതിക്രൂരമായി മർദിച്ചത്
തിരുവനന്തപുരം: വഞ്ചിയൂരിൽ യുവ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ബെയ്ലിൻ ദാസിൻ്റെ അഭിഭാഷ അംഗത്വം റദ്ദാക്കണമെന്ന് ശുപാർശ. തിരുവനന്തപുരം ബാർ അസോസിയേഷൻ്റേതാണ് റിപ്പോർട്ട്. ബാർ കൗൺസിലിന് ബാർ അസോസിയേഷൻ റിപ്പോർട്ട് നൽകി. മർദ്ദിച്ചത് പ്രഥമദൃഷ്ട്യാ വസ്തുതാപരമെന്ന് ബാർ അസോസിയേഷൻ കണ്ടെത്തി. ബാർ അസോസിയേഷൻ പ്രസിഡൻറ് പ്രമോദ് പള്ളിച്ചൽ ആണ് റിപ്പോർട്ട് നൽകിയത്.
ഇന്നലെ ഉച്ചയോടെയാണ് വഞ്ചിയൂർ കോടതിയിൽ ജൂനിയർ അഭിഭാഷകയായ ശ്യാമിലിയെ ബെയ്ലിൻ ദാസ് അതിക്രൂരമായി മർദിച്ചത്. ശ്യാമിലിയുടെ ഇടതു കവിളിൽ രണ്ടു തവണ ബെയ്‌ലിന്‍ അടിച്ചു ഗുരുതര പരിക്കേൽപ്പിച്ചു. അഭിഭാഷകൻ മോപ്സ്റ്റിക് കൊണ്ട് മർദിച്ചുവെന്ന് യുവതി പറഞ്ഞിരുന്നു. ഇന്നലെ രാത്രിയോടുകൂടിയാണ് വഞ്ചിയൂർ പൊലീസ് ജൂനിയർ അഭിഭാഷകയിൽ നിന്ന് മൊഴി രേഖപ്പെടുത്തിയ ശേഷം എഫ്ഐആർ രജിസ്റ്റർ ചെയ്തത്. പ്രതി ബെയ്‌ലിന്‍ ദാസ് ഇപ്പോഴും ഒളിവിലാണ്. ഇന്നലെ ബെയ്ലിൻ ദാസിനെ ബാർ അസോസിയേഷനിൽ നിന്ന് പുറത്താക്കിയിരുന്നു.
ഇടതു കവിളിൽ രണ്ടു തവണ അടിയേറ്റ ശാമിലിക്ക് സംസാരിക്കുന്നതിനടക്കം പ്രയാസമുണ്ട്. വിദഗ്ധ ചികിത്സയ്ക്ക് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നിന്ന് നിർദേശം നൽകിയെങ്കിലും പാല് കുടിക്കുന്ന കുഞ്ഞുള്ളതിനാൽ വീട്ടിലേക്ക് വന്ന ശ്യാമിലി ഇന്ന് വിദഗ്ധ ചികിത്സ തേടിയേക്കും.