ജീവിതത്തിൽ പുകവലിക്കാത്തയാൾക്ക് ‘പുകവലിച്ചതിന്’ 200 രൂപ പിഴ; സുമേഷ് സുധാകരനെതിരെയുള്ള പരാതികളിൽ നടപടിയെടുക്കാതെ പൊലീസ്
സുമേഷ് സുധാകരനടക്കമുള്ള പൊലീസുകാർക്കെതിരെ തക്കതായ നടപടി സ്വീകരിക്കണമെന്നും ഹരജിക്കാരന് തക്കതായ നഷ്ടം സർക്കാർ നൽകണമെന്നും ഉത്തരവിലുണ്ടായിരുന്നു. നടപടിയെടുക്കാതെ പൊലീസിലെ ഉന്നത നേതൃത്വം സുമേഷ് സുധാകരനെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചത്
പെരിന്തൽമണ്ണ: വിസ്ഡം ഇസ്‍ലാമിക് സ്റ്റുഡൻസ് ഓർഗനൈസേഷൻ സംഘടിപ്പിച്ച പരിപാടിയിൽ അതിക്രമിച്ചു കയറി അലങ്കോലമാക്കിയ പെരിന്തൽമണ്ണ എസ്എച്ച്ഒ സുമേഷ് സുധാകരനെതിരെ വ്യാപക പരാതികൾ. സംസ്ഥാന ന്യൂനപക്ഷ കമീഷനലടക്കം സുമേഷ് സുധാകരനെതിരെ പത്ത് വർഷം മുമ്പ് തന്നെ പരാതി ലഭിച്ചിരുന്നു.
സുമേഷ് സുധാകരനിൽ നിന്ന് മോശം അനുഭവം ഉണ്ടായ നിരവധി പേർ സോഷ്യൽ മീഡിയയിലടക്കം രംഗത്തെത്തിയിട്ടുണ്ട്. പലരും സുമേഷിന്റെ അമിതാധികാര പ്രയോഗത്തെയും അതിക്രമത്തെ പറ്റിയും ഗുരുതര ആരോപണങ്ങളാണുന്നയിച്ചിരിക്കുന്നത്. 2015 ൽ തിരൂർ എസ്ഐ ആയിരിക്കെയാണ് സ്വകാര്യസ്ഥലത്ത് സംസാരിച്ചുകൊണ്ടിരുന്ന കെഎസ്ആർടിസി കണ്ടക്ടറായ അബ്ദുന്നാസറിനെയും സുഹൃത്തുക്കളെയും ഷർട്ടിൽ വലിച്ച് ജീപ്പിൽ കയറ്റി കൊണ്ടുപോകുന്നത്. 2015 ആഗസ്റ്റ് പത്തിനാണ് സംഭവം നടക്കുന്നത്.
തെറിവിളിച്ചതിനും അപമര്യാദയായി പെരുമാറിയതിനും പിന്നാലെ പൊലീസിന് നേരെ കേസുണ്ടാകാതിരിക്കാൻ വേണ്ടി ജീവിതത്തിൽ ഒരു തവണ പോലും പുകവലിക്കാത്ത ഹരജിക്കാരനെതിരെ പുകവലിക്ക് 200 രൂപ പിഴയടപ്പിച്ചിരുന്നു സുമേഷ് സുധാകരൻ. പരാതിയിൽ അന്വേഷണം നടത്തിയ ന്യൂനപക്ഷ കമീഷൻ പൊലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയിരുന്നു. പൊലീസുകാരുടെ പേരിൽ തക്കതായ നടപടി സ്വീകരിക്കണമെന്നും ഹരജിക്കാരന് തക്കതായ നഷ്ടം സർക്കാർ നൽകണമെന്നും അത് പൊലീസുകാരിൽ നിന്ന് ഈടാക്കണമെന്നും ഉത്തരവിലുണ്ടായിരുന്നു. എന്നാൽ നടപടിയെടുക്കാതെ പൊലീസിലെ ഉന്നത നേതൃത്വം സുമേഷ് സുധാകരനെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.
സുമേഷ് സുധാകരനെതിരെ രാഷ്ട്രീയ പ്രവർത്തകരടക്കം രംഗത്തെത്തിയിട്ടുണ്ട്. കത്വയിലെ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയകേസിൽ തിരൂരിൽ നടന്ന ജനകീയ ഹർത്താലിൽ നിരപരാധികൾക്കെതിരെ കള്ള കേസടുത്തതും ജയിലിൽ അടച്ചതും തിരൂർ എസ്ഐ ആയിരുന്ന സുമേഷ് സുധാകരനായിരുന്നുവെന്ന് മുസ്ലിം യൂത്ത് ലീഗ് തിരൂർ മണ്ഡലം കമ്മിറ്റിജനറൽ സെക്രട്ടറി കെ.കെ റിയാസ് പറയുന്നു. സുമേഷിന്റെ പ്രവർത്തികൾ കണ്ടാൽ ലഹരി ഉപയോഗിച്ചിട്ടാണോ കോപ്രായങ്ങൾ കാണിക്കുന്നതെന്ന് ചോദിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം വിസ്ഡം സ്റ്റുഡൻസിൻ്റെ കേരള സ്റ്റുഡന്റ്സ് കോൺഫറൻസ് പരിപാടിയുടെ സ്റ്റേജിലേക്കാണ് പൊലീസ് അതിക്രമിച്ചു കയറി അലങ്കോലമാക്കിയത്. പെരിന്തൽമണ്ണയിൽ നടന്ന പരിപാടി പൊലീസ് അതിക്രമത്തെതുടർന്ന് അലങ്കോലമാവുകയും പരിപാടി നിർത്തിവെക്കേണ്ട സാഹചര്യമുണ്ടായതിൽ പ്രതിഷേധവുമായി സംഘടന പ്രവർത്തകർ രംഗത്തെത്തി. സാധാരണ 10 മണിക്ക് മുമ്പ് നിർത്തുന്ന വിധമാണ് എല്ലാ പരിപാടികളും സംഘടനക്രമീകരിക്കാറുള്ളത്. പ്രഭാഷണങ്ങളുടെ സമയം കൃത്യമായി ക്രമീകരിച്ചു. സ്വാഭാവികമായും 10 മണി എന്നത് ഒരു 3 മിനിറ്റ് കൂടി.
അപ്പോഴേക്കും പോലീസുകാർ വിളിച്ചു. ഇപ്പോൾ നടക്കുന്നത് സമാപന സംസാരമാണെന്നും ഉടനെ നിർത്താമെന്നും മാന്യമായി മറുപടി പറഞ്ഞു. അത് ചെവിക്കൊള്ളാതെ പൊലീസുദ്യോഗസ്ഥൻ തിങ്ങിനിറഞ്ഞ പെൺകുട്ടികൾക്ക് ഇടയിലൂടെ അലറി വിളിച്ച് വരികയും സ്റ്റേജിലേക്ക് കയറി പ്രഭാഷകന് നേരെ ആക്രോശിക്കുകയുമാണ് ചെയ്തത്. അപ്പോൾ സമയം 10.06. വെറും 3 മിനിറ്റ് മാത്രമാണ് പ്രസംഗം പൂർത്തീകരിക്കാൻ ബാക്കിയുണ്ടായിരുന്നത്. അദ്ദേഹം ഇത് പറഞ്ഞ ഉടനെ ഞങ്ങൾ പരിപാടി നിർത്തുകയും ചെയ്തു. തിരിച്ച് പോകുന്ന വഴിക്ക് ഇതിന് നേതൃത്വം നൽകിയ പോലീസുകാരൻ കുട്ടികളെ നോക്കി മുഖം കൊണ്ട് പ്രത്യേക രീതിയിൽ ഗോഷ്ടി കാണിക്കുകയും ചെയ്തു. നമ്മുടെ നിയമ പാലകർ കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതിൽ നഷ്ടപ്പെട്ട് പോകുന്ന വിവേകം, നിയമത്തിൻ്റെ അന്തസ്സത്തയെയാണ് ചോർത്തിക്കളയുന്നതെന്നും ജനറൽ സെക്രട്ടറി, ടി.കെ അഷ്‌റഫ് പറഞ്ഞു.