'അടിവസ്ത്രം വരെ അഴിപ്പിച്ച് പരിശോധിച്ചു'; കണ്ണൂർ വിമാനത്താവളത്തിൽ ദുരനുഭവം നേരിട്ടതായി പ്രവാസിയുടെ പരാതി

ദുബൈയിൽ ഐടി മാനേജരായ കാസർകോട് സ്വദേശി ഹുസൈനാർ മഹഷാദാണ് പരാതി നൽകിയത്

Update: 2026-07-24 03:57 GMT

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് പരിശോധനയുടെ പേരിൽ കടുത്ത മാനസിക പീഡനത്തിന് ഇരയാക്കിയതായി പ്രവാസി യുവാവിന്റെ പരാതി. അടിവസ്ത്രം വരെ അഴിപ്പിച്ച് പരിശോധിച്ചതായാണ് ദുബൈയിൽ ഐടി മാനേജരായ കാസർകോട് സ്വദേശി ഹുസൈനാർ മഹഷാദിന്റെ പരാതി. സംഭവത്തിൽ മുഖ്യമന്ത്രി, കസ്റ്റംസ് കമ്മീഷണർ, ദേശീയ-സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുകൾ, നോർക്ക റൂട്സ് എന്നിവർക്ക് ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്.

ജൂലൈ 19നായിരുന്നു സംഭവം. രാവിലെ ഫുജൈറയിൽ നിന്നുള്ള ഇൻഡി​ഗോ വിമാനത്തിൽ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ മഹഷാദിന് വനിതാ കസ്റ്റംസ് ഉദ്യോ​ഗസ്ഥയിൽ നിന്നാണ് മനുഷ്യത്വരഹിതവും അപമാനകരവുമായ ദുരനുഭവം ഉണ്ടായത്. കസ്റ്റംസ് പരിശോധനയുടെ ഭാഗമായി ഒരു വനിതാ ഉദ്യോഗസ്ഥയുടെ നിർദേശപ്രകാരം വസ്ത്രങ്ങൾ അഴിപ്പിച്ചു പരിശോധിക്കുകയായിരുന്നു. അടിവസ്ത്രം വരെ അഴിപ്പിച്ചുള്ള ഈ പരിശോധന, കടുത്ത മാനസിക പ്രയാസവും അപമാനവും ഉണ്ടാക്കിയെന്ന് യുവാവിന്റെ ആരോപണം.

Advertising
Advertising

പ്രതികാരം തീർക്കുന്ന രീതിയിലാണ് ഉദ്യോഗസ്ഥർ പെരുമാറിയതെന്നും പരാതിയിൽ പറയുന്നു. പരിശോധനയ്ക്ക് ശേഷം പുറത്തിറങ്ങിയപ്പോൾ മറ്റ് ജീവനക്കാരും കസ്റ്റംസ് ഉദ്യോഗസ്ഥരും തന്നെ നോക്കി പരിഹസിച്ചതായും ഇത് വലിയ അപമാനമായതായും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് സത്യം കണ്ടെത്തണമെന്നും യുവാവ് ആവശ്യപ്പെട്ടു. അതേസമയം സംഭവം പതിവ് പരിശോധനയുടെ ഭാഗമാണെന്നാണ് കസ്റ്റംസ് അധികൃതർ നൽകിയ വിശദീകരണം.

Full View

Tags:    

Writer - അഭിരാമി ഒതയോത്ത്

contributor

Editor - അഭിരാമി ഒതയോത്ത്

contributor

By - Web Desk

contributor

Similar News