രക്ഷാപ്രവർത്തനക്കേസ് അട്ടിമറി: എം.ആർ അജിത് കുമാർ പ്രതികൾക്ക് സംരക്ഷണമൊരുക്കാൻ ഇടപെട്ടതായി കണ്ടെത്തൽ
എം.ആർ അജിത് കുമാറിനെതിരായ ആഭ്യന്തരവകുപ്പിന്റെ കണ്ടെത്തലുകൾ മീഡിയവണിന്
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ച കേസ് അട്ടിമറിച്ച സംഭവത്തിൽ എം.ആർ അജിത് കുമാറിനെതിരായ ആഭ്യന്തരവകുപ്പിന്റെ കണ്ടെത്തലുകൾ മീഡിയവണിന്. ഇരകൾക്ക് നീതി നിഷേധിക്കാനും പ്രതികൾക്ക് സംരക്ഷണമൊരുക്കാനും അജിത് ഇടപെട്ടു. കേസ് അവസാനിപ്പിക്കാൻ സമ്മർദം ചെലുത്തിയെന്നും കണ്ടെത്തൽ.
സംഭവത്തിൽ എം.ആർ അജിത് കുമാറിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും ആഭ്യന്തരവകുപ്പ് കണ്ടെത്തി. കൂടുതൽ വിശദീകരണം നൽകാൻ അധികസമയം അനുവദിക്കണമെന്ന അജിത്കുമാറിന്‍റെ ആവശ്യം സംസ്ഥാന പൊലീസ് മേധാവി തള്ളിയിരുന്നു. പിന്നാലെയാണ് നടപടി. കേസ് ഡയറി തിരുത്താനും റഫർ റിപ്പോർട്ട് തയ്യാറാക്കാനും ഉദ്യോഗസ്ഥർക്ക് മേൽ അജിത്കുമാർ ഇടപെടൽ നടത്തിയെന്ന അന്വേഷണറിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവദിവസം താൻ വയനാട് ചൂരൽമലയിലെ രക്ഷാപ്രവർത്തനങ്ങളുടെ ഭാഗമായിരുന്നെന്ന അദ്ദേഹത്തിന്‍റെ വിശദീകരണം തള്ളിക്കൊണ്ടാണ് നടപടി.
ഡിജിപിയുടെ അന്വേഷണ റിപ്പോർട്ടും ആഭ്യന്തര സെക്രട്ടറിയുടെ ശിപാർശയും പരിശോധിച്ച ശേഷം മുഖ്യമന്ത്രിയും ആഭ്യന്തരവകുപ്പും കർശനമായ നടപടി സ്വീകരിക്കാൻ തീരുമാനിക്കുകയായിരുന്നു. ഈ മാസം 31-ന് ഫയർഫോഴ്സ് മേധാവി വിരമിക്കുന്ന ഒഴിവിലേക്ക് ഡിജിപി പദവിയിലേക്ക് പരിഗണിക്കപ്പെടേണ്ടിയിരുന്ന സീനിയർ ഉദ്യോഗസ്ഥനാണ് അജിത്കുമാർ. ഇതിനിടെയാണ് കനത്ത തിരിച്ചടിയായി സസ്പെൻഷൻ നടപടി തേടിയെത്തിയിരിക്കുന്നത്.