വഖഫ് ഭേദഗതി ബില്ലിനെ എതിർത്തും അനുകൂലിച്ചും ജോസ് കെ. മാണി; 'മുനമ്പം വിഷയത്തിൽ ബിഷപ്പുമാർക്കൊപ്പം'
ബില്ലിലെ 9,11 വ്യവസ്ഥകളെ എതിർത്തും 20, 35 വ്യവവസ്ഥയെ അനുകൂലിച്ചുമാണ് ജോസ് കെ. മാണി രംഗത്തെത്തിയത്.
ന്യൂഡൽഹി: കേന്ദ്ര സർക്കാർ ലോക്സഭയിൽ പാസാക്കിയ വഖഫ് ഭേദഗതി ബില്ലിനെ എതിർത്തും അനുകൂലിച്ചും കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി. അഞ്ച് വർഷം മുസ്‌ലിം ആയി ജീവിക്കുന്നത് തെളിയിക്കണമെന്ന വ്യവസ്ഥ തെറ്റാണെന്ന് ജോസ് കെ. മാണി രാജ്യസഭയിൽ പറഞ്ഞു.
വഖഫ് ബോർഡിൽ അമുസ്‌ലിം വേണമെന്ന വ്യവസ്ഥയോടും വിയോജിപ്പാണെന്നും ജോസ് കെ. മാണി പറഞ്ഞു. ബില്ലിലെ 9,11 വ്യവസ്ഥകളെ എതിർത്തും 20, 35 വ്യവവസ്ഥയെ അനുകൂലിച്ചുമാണ് ജോസ് കെ. മാണി രംഗത്തെത്തിയത്.
അതേസമയം, വഖഫ് ട്രിബൂണൽ വിധിയെ ഹൈക്കോടതിയിൽ ചോദ്യം ചെയ്യാമെന്ന വ്യവസ്ഥയെ അനുകൂലിച്ച ജോസ് കെ. മാണി, ഏത് ഭൂമിയെയും വഖഫ് സ്വത്തായി നിയോഗിക്കാനുള്ള അധികാരം നിലവിലുണ്ടെന്നും ഇതിനോട് വിയോജിപ്പാണെന്നും അഭിപ്രായപ്പെട്ടു.
മുനമ്പം വിഷയം പരിഹരിക്കണം. മുനമ്പം വിഷയത്തിൽ ബിഷപ്പുമാർക്കൊപ്പമാണെന്നും സഭയിൽ ജോസ് കെ മാണി പ്രഖ്യാപിച്ചു. മുനമ്പം വിഷയം ഭേദഗതിയിലൂടെ പരിഹരിക്കാനാകുമോ എന്ന് മന്ത്രി കൃത്യമായി പറയണമെന്നും ജോസ് കെ. മാണി ആവശ്യപ്പെട്ടു.