ഓഫർ തട്ടിപ്പ്: ആനന്ദ് കുമാറിന് ജാമ്യമില്ല

പദ്ധതിയുടെ പരിപാടികളിൽ നിരന്തരം പങ്കെടുത്തിരുന്നല്ലോ എന്ന് കോടതി

Update: 2025-04-09 15:55 GMT
Editor : സനു ഹദീബ | By : Web Desk
ഓഫർ തട്ടിപ്പ്: ആനന്ദ് കുമാറിന് ജാമ്യമില്ല
AddThis Website Tools
Advertising

വയനാട്: ഓഫർ തട്ടിപ്പ് കേസിൽ നാഷനൽ എൻജിഒ കോൺഫെഡറേഷൻ ചെയർമാൻ കെ.എൻ.ആനന്ദ് കുമാറിന് ജാമ്യമില്ല. ആനന്ദ് കുമാറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പദ്ധതിയുടെ പരിപാടികളിൽ നിരന്തരം പങ്കെടുത്തിരുന്നല്ലോ എന്ന് വാദത്തിനിടെ കോടതി ചോദിച്ചിരുന്നു.

പാതിവിലയ്ക്ക് ഇരുചക്ര വാഹനങ്ങളടക്കം നൽകുന്നതിനായി ഫണ്ട് ലഭിക്കും എന്നതുകൊണ്ടാണ് പദ്ധതിക്കൊപ്പം നിന്നത്. എന്നാൽ ഫണ്ട് കിട്ടില്ല എന്നറിഞ്ഞതോടെ പദ്ധതിയുമായുള്ള സഹകരണം അവസാനിപ്പിച്ചു. ആരോഗ്യാവസ്ഥ മോശമാണെന്നും ആനന്ദ്കുമാർ വാദിച്ചു.

അതേസമയം, പാതിവിലത്തട്ടിപ്പ്കേസ് പ്രതികളായ അനന്തുകൃഷ്ണനും ആനന്ദകുമാറിനുമെതിരെ കോഴിക്കോട് വീണ്ടും കേസ്. കോടഞ്ചേരി ഗ്രാമശ്രീമിഷന്‍ ചെയര്‍മാന്‍ ജോയ് നെടുമ്പള്ളിയുടെ പരാതിയിലാണ് കോടഞ്ചേരി പൊലീസ് കേസെടുത്തത്. തങ്ങളുടെ കൈയില്‍ നിന്നും പണം കൈപ്പറ്റിയ ഗ്രാമശ്രീ മിഷന്‍ ചെയര്‍മാനെതിരേയും കേസെടുക്കണമെന്നാവശ്യപ്പെട്ട് തട്ടിപ്പിന് ഇരയായ സ്ത്രീകള്‍ രംഗത്തെത്തിയിട്ടുണ്ട്.

ലാപ് ടോപ്പും സ്കൂട്ടറും നല്‍കാമെന്ന് പറഞ്ഞ് കോടഞ്ചേരി ഗ്രാമശ്രീ ട്രസ്റ്റ് അംഗങ്ങളായ 216 പേരില്‍ നിന്നും പണം തട്ടിയെന്നതാണ് പരാതി.. 2024 ലാണ് ട്രസ്റ്റ്‌ ചെയർമാൻ ജോയ് നെടുമ്പള്ളി പാതിവില ഓഫറിന്റെ പേരിൽ ഇവരിൽ നിന്ന് ഒരു കോടി 7 ലക്ഷം രൂപയോളം പിരിച്ചത്. തട്ടിപ്പിനിരയായ സ്ത്രീകൾ ജോയ് നെടുമ്പള്ളിക്കെതിരെ പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ പാതിവിലത്തട്ടിപ്പ് കേസ് പ്രതികളായ അനന്തുകൃഷ്ണനും ആനന്ദകുമാറുംചേര്‍ന്ന് പല തവണയായി ഒരു കോടി ഏഴു ലക്ഷം രൂപ തട്ടിയെന്ന ജോയ് നെടുമ്പള്ളിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പണം വാങ്ങിയത് ഗ്രാമശ്രീ മിഷന്‍ ചെയര്‍മാനായതിനാല്‍ ഇയാള്‍ക്കെതിരെയും കേസെടുക്കണമെന്നാണ് തട്ടിപ്പിനിരയായവരുടെ ആവശ്യം. ഇക്കാര്യമുന്നയിച്ചാണ് ദിവസങ്ങളായി ഇവര്‍ കോടഞ്ചേരി പോലീസ് സ്റ്റേഷനിലെത്തുന്നത്.

പൊലീസ് ഇവരുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തി. ജോയ് നോടുമ്പള്ളിക്ക് ഇരകൾ പണം നൽകിയത് കാണിക്കുന്ന രേഖകൾ തട്ടിപ്പിന് ഇരയായവരുടെ കൈവശം ഇല്ലെന്ന് പൊലീസ് പറഞ്ഞു. അതിനാൽ ജോയ് നൽകിയ പരാതിയിൽ അവരെയും കക്ഷി ചേർത്താണ് പൊലീസ് കേസ് എടുത്തത്. അനന്തുകൃഷ്ണന്റെയും ആനന്ദകുമാറിന്‍റേയും അക്കൗണ്ടുകളിലേക്ക് ഗ്രാമശ്രീ മിഷന്‍ ചെയര്‍മാന്‍റെ അക്കൗണ്ടില്‍ നിന്നും തവണകളായി പണം കൈമാറിയതിന്‍റെ രേഖകള്‍ കിട്ടിയിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ചെയര്‍മാന്‍റെ പരാതിയില്‍ കേസെടുത്തതെന്നും നടപടികള്‍ വൈകിയിട്ടില്ലെന്നും പോലീസ് അറിയിച്ചു.

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News