'നിങ്ങൾക്ക് വേണ്ടത് എന്റെ രക്തമാണ്, അത് അത്രവേഗം കിട്ടില്ല'; മാസപ്പടി കേസിൽ പിണറായി വിജയൻ

ആശാ സമരം തീരണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുവെന്നും മുഖ്യമന്ത്രി

Update: 2025-04-09 13:49 GMT
Editor : സനു ഹദീബ | By : Web Desk
Advertising

തിരുവനന്തപുരം: മാസപ്പടി കേസ് തന്നെ ബാധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേസിനെ അത്ര ഗൗരവമുള്ളതായി കാണുന്നില്ല. വിഷയത്തിൽ പാർട്ടി പ്രതിരോധിക്കുന്നതിൽ ആശ്ചര്യപ്പെടാനില്ല.എൻ്റെ രാജി ഉണ്ടാകുമോ എന്നാണ് മാധ്യമങ്ങൾ കാത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

"നിങ്ങൾക്ക് വേണ്ടത് എന്റെ രക്തമാണ്, അത് അത്രവേഗം കിട്ടില്ല. കേസ് കോടതിയിൽ അല്ലേ. നടക്കട്ടെ. ബിനീഷിൻ്റെ കാര്യത്തിൽ കൊടിയേരിയുടെ പേര് ഇല്ല. എൻ്റെ മകൾ എന്ന് പറഞ്ഞാണ് ഇത്. ലക്ഷ്യം വ്യക്തമാണ്. എന്നെ അത് ബാധിക്കില്ല. എൻ്റെ മകളുടെ ജിഎസ്ടി അടക്കം എല്ലാം നൽകിയതാണ്. എന്നിട്ടും നൽകാത്ത സേവനമാണ് എന്ന രീതിയിൽ പ്രചരിപ്പിക്കുകയാണ്. നിങ്ങൾക്ക് വേണ്ടത് എൻ്റെ രക്തമാണ്. അത് അത്രവേഗം കിട്ടില്ല," മുഖ്യമന്ത്രി പറഞ്ഞു.

മലപ്പുറത്തിനെതിരായ വിദ്വേഷ പരാമർശത്തിൽ വെള്ളാപ്പള്ളി നടേശനോട് മുഖ്യമന്ത്രി മൃദുസമീപനം സ്വീകരിച്ചു. വിശദീകരണം നൽകിയിട്ടുണ്ടെന്നും ന്യൂനപക്ഷങ്ങളില്‍ തെറ്റിധാരണ പടർത്തുന്ന കാര്യങ്ങള്‍ പറയരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുസ്‍ലിം വിഭാഗത്തെ ആക്ഷേപിക്കാൻ സംഘപരിവാർ നീങുന്നുവെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.

മുനമ്പം കമ്മീഷനിലൂടെ പ്രശ്നപരിഹാരമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വഖഫ് ബില്ലിന് മുൻകാല പ്രാബല്യമില്ല. ബിജെപിയുടെ ക്രിസ്ത്യൻ നാടകത്തിലെ എപ്പിസോഡാണ് മുനമ്പത്ത് കാണുന്നത്. വഖഫ് ഭേദഗതിബില്ലിലൂടെ മുനമ്പം പ്രശ്നത്തിന് പരിഹാരം ആകുമെന്ന് ചിലർ പ്രചരിപ്പിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആശാ സമരം തീരണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സമരം നടത്തുന്നവർക്കും ഒരു താൽപര്യം വേണം. LDF വരുമ്പോൾ 1000 രൂപയാണ് ഓണറേറിയം. ഇതുവരെ 6000 ഓണറേറിയം കൂട്ടി. ഒരു ആശയ്ക്ക് 13000 രൂപ വരെ കിട്ടും. ഇതിൽ 10000 ത്തോളം രൂപ നൽകുന്നത് സംസ്ഥാന സർക്കാരാണ്. എന്നിട്ട് ആ സർക്കാരിന് എതിരെയാണോ സമരം ചെയ്യേണ്ടത്? ഇൻസെൻറ്റീവ് ഉയർത്താത്ത കേന്ദ്രത്തിന് എതിരെയാണോ സമരം ചെയ്യേണ്ടത്? 99 ശതമാനം ആശാവർക്കമാരും സമരത്തിൽ ഇല്ല. അതിനാൽ ആരോഗ്യ മേഖലയെ സമരം ബാധിക്കുന്നില്ല. 5 തവണ സർക്കാർ സമരം നടത്തി. ഉന്നയിച്ച ആവശ്യങ്ങളിൽ നടപ്പാക്കാൻ കഴിയുന്ന പലതും സർക്കാർ നടപ്പാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി. 

അതേസമയം, ആശമാർക്ക് പിടിവാശി ഇല്ലെന്ന് സമരസമതി പ്രസിഡന്റ് വി.കെ സദാനന്ദൻ പ്രതികരിച്ചു.ആശമാരുടെ ആവശ്യത്തെ പൊതുജനങ്ങൾ പോലും പിന്തുണക്കുന്നുണ്ട്. പൊതുവികാരം മാനിക്കാതിരിക്കാൻ സർക്കാരിനാകില്ലെന്നും കെ.സദാനന്ദൻ പറഞ്ഞു.

Full View

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News