കൊല്ലത്ത് ഗ്രാമപഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ കൂട്ടയടി; നാലുപേർക്ക് പരിക്ക്
കഴിഞ്ഞ ദിവസം വിളിച്ചു ചേർത്ത അടിയന്തര പഞ്ചായത്ത് കമ്മിറ്റിയാണ് തമ്മിലടിയിൽ കലാശിച്ചത്
കൊല്ലം: കൊല്ലത്ത് ഉമ്മന്നൂർ ഗ്രാമപഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ കൂട്ടയടി. പാറക്വാറിക്ക് ലൈസൻസ് പുതുക്കി നൽകാൻ കൂടിയ യോഗത്തിലാണ് കയ്യാങ്കളി ഉണ്ടായത്. വൈസ് പ്രസിഡണ്ട് ഉൾപ്പെടെ പരിക്കേറ്റ നാലുപേർ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
കഴിഞ്ഞ ദിവസം വിളിച്ചു ചേർത്ത അടിയന്തര പഞ്ചായത്ത് കമ്മിറ്റിയാണ് തമ്മിലടിയിൽ കലാശിച്ചത്. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്താണ് ഉമ്മന്നൂർ. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. സുജാതൻ, കോൺഗ്രസ് അംഗം അനീഷ് മംഗലത്ത് എന്നിവരും, കോൺഗ്രസിൽ നിന്നു പുറത്താക്കപ്പെട്ട ജിജോയ് വർഗീസ്, മുൻ ബിജെപി അംഗം തേവന്നൂർ ഹരികുമാർ എന്നിവരുമാണ് ഏറ്റുമുട്ടിയത്. വ്യകതിപരമായ ഭീഷണികളും അഴിമതി ആരോപണവും ആണ് തമ്മിലടിയിൽ കലാശിച്ചതെന്ന് ഇരുകൂട്ടരും പറയുന്നു.
ക്വാറിക്ക് ലൈസൻസ് പുതുക്കി നൽകുന്നതിന് എതിരെ പരിസരത്തെ ക്ഷേത്ര ഭരണസമിതി ഭാരവാഹികൾ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു. കഴിഞ്ഞ കമ്മറ്റി യോഗങ്ങളിലും അജൻഡയായി ചർച്ച ചെയ്തെങ്കിലും പരാതിയുള്ളതിനാൽ തീരുമാനം എടുത്തിരുന്നില്ല. സംഘർഷത്തിനു ശേഷം വീണ്ടും യോഗം ചേർന്ന് ക്വാറിക്ക് ലൈസൻസ് പുതുക്കി നൽകാൻ തീരുമാനമെടുത്തു.