'ആരിഫ് ഹുസൈനെതിരെ കേസെടുക്കാന്‍ ഇനിയും മടിക്കരുത്, സംഘികളെ കാണുമ്പോള്‍ വിറക്കുന്ന പൊലീസുകാര്‍ ഭരണം മാറിയത് അറിയട്ടെ'; ജിൻ്റോ ജോണ്‍
അബ്ദുല്ല ബാസിലിൻ്റെ വീട്ടിലെ സ്ത്രീകളെ അധിക്ഷേപിച്ച് ആരിഫ് ഹുസൈന്‍ പോസ്റ്റിട്ട ദിവസം തന്നെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി ലഭിച്ചിട്ടും നടപടിയില്ലെന്ന് ജിൻ്റോ ജോണ്‍
എറണാകുളം: വിദ്വേഷ പ്രചാരകന്‍ ആരിഫ് ഹുസൈന്‍ തെരുവത്ത് നിരന്തരം മുസ്‌ലിം സ്ത്രീകളെ അധിക്ഷേപിക്കുന്നതില്‍ പൊലീസ് കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിന്റോ ജോണ്‍. സംഘപരിവാറിന്റെ ഷാഡോ പണിയെടുക്കുന്ന ആരിഫ് ഹുസൈനെതിരെ ഇനിയും കേസെടുക്കാന്‍ മടിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ തികഞ്ഞ സംഘപരിവാര്‍ ബോധത്താല്‍ നയിക്കപ്പെടുന്നവരാണ്. അവര്‍ കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ പൊലീസ് നയമല്ല ഫോളോ ചെയ്യുന്നത് -ജിന്റോ പറഞ്ഞു. ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത മുജാഹിദ് വിദ്യാര്‍ഥി നേതാവ് ഡോ. അബ്ദുല്ല ബാസിലിനെതിരെ കേസെടുത്ത നടപടിയില്‍ പൊലീസിനെ വിമര്‍ശിക്കുകയും ചെയ്തു. സംഘികളെ കാണുമ്പോള്‍ വിറക്കുന്ന കാക്കി കുപ്പായക്കാര്‍ പിണറായി ഭരണം അവസാനിച്ചത് അറിഞ്ഞില്ലെങ്കില്‍ ആഭ്യന്തര മന്ത്രിയും സര്‍ക്കാരും അറിയിക്കണമെന്ന് ജിന്റോ ജോണ്‍ പറഞ്ഞു.
അബ്ദുല്ല ബാസിലിന്റെ വീട്ടിലെ സ്്ത്രീകളെ അധിക്ഷേപിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത് പോസ്റ്റിട്ട ദിവസം തന്നെ മുഖ്യമന്ത്രിക്കും ഡിജിപിക്കും ഇക്കാര്യത്തില്‍ പരാതി നല്‍കിയെന്നാണ് അറിയുന്നതെന്ന് ജിന്റോ ജോണ്‍ പറഞ്ഞു. മുഖ്യമന്ത്രിയുടേയും ഡിജിപിയുടേയും ഓഫീസുകളില്‍ നിന്ന് ആ പരാതി സൈബര്‍ ക്രൈം പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് മുഖേന കണ്ണൂര്‍ ചക്കരക്കല്‍ പൊലീസ് സ്റ്റേഷനിലേക്ക് ഫോര്‍വേര്‍ഡ് ചെയ്തതായും അറിയുന്നു. എന്നാല്‍ അവിടം മുതല്‍ ഫ്രീസറിലിരിക്കുന്ന ആ പരാതിയില്‍ ഇതുവരെ എഫ്‌ഐആര്‍ ഇട്ടതായി അറിവില്ല. വി.ഡി സതീശനേക്കാള്‍ വലിയ മുഖ്യമന്ത്രിയും രമേശ് ചെന്നിത്തലയേക്കാള്‍ വലിയ ആഭ്യന്തരമന്ത്രിയും ചക്കരക്കല്‍ പൊലീസ് സ്റ്റേഷനില്‍ ഇല്ലെന്ന് കരുതുന്നു. കണ്ണുള്ളവര്‍ കണ്ടും കാതുള്ളവര്‍ കേട്ടും തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു -ജിന്റോ ജോണ്‍ ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞു.
ജിന്റോ ജോണിന്റെ പോസ്റ്റ് പൂര്‍ണരൂപം....
ആരിഫ് ഹുസൈന്‍ തെരുവത്ത് 2026 ഓഗസ്റ്റ് 12 ന് ഡോ. അബ്ദുള്ള ബാസിലിന്റെ വീട്ടിലെ സ്ത്രീകളേയും മുസ്‌ലിം സ്ത്രീകളെ പൊതുവായും ലൈംഗികമായി അധിക്ഷേപിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിട്ട അന്നേ ദിവസം തന്നെ മുഖ്യമന്ത്രിക്കും ഡിജിപിക്കും ഇക്കാര്യത്തിലുള്ള പരാതി കൊടുത്തതായാണ് അറിയുന്നത്.
മുഖ്യമന്ത്രിയുടേയും ഡിജിപിയുടേയും ഓഫീസുകളില്‍ നിന്ന് ആ പരാതി സൈബര്‍ ക്രൈം പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് മുഖേന കണ്ണൂര്‍ ചക്കരക്കല്‍ പോലീസ് സ്റ്റേഷനിലേക്ക് ഫോര്‍വേര്‍ഡ് ചെയ്തതായും അറിയുന്നു. എന്നാല്‍ അവിടം മുതല്‍ ഫ്രീസറിലിരിക്കുന്ന ആ പരാതിയില്‍ ഇതുവരെ എഫ്ഐആർ ഇട്ടതായി അറിവില്ല. ആരിഫ് ഹുസൈന്‍ പിന്നീടും പലവട്ടം ലൈംഗിക അധിക്ഷേപ, സ്ത്രീവിരുദ്ധ പോസ്റ്റുകളിട്ടു. അതെല്ലാം ചൂണ്ടിക്കാണിച്ച് വീണ്ടും പരാതികള്‍ കൊടുത്തെങ്കിലും അതെല്ലാം തണുപ്പിക്കാന്‍ വച്ചിരിക്കുകയാണ്. അയാള്‍ തുടരുന്ന സ്ത്രീവിരുദ്ധ, മതവിദ്വേഷപരമായ, വര്‍ഗ്ഗീയ താത്പര്യത്തിലൂന്നിയ തുടര്‍ പ്രചരണങ്ങള്‍ക്ക് പോലീസിലെ ചിലരുടെ മൗനപിന്തുണയുമുണ്ടെന്ന് സംശയിക്കാന്‍ ഇടവരരുത്. നീതിയും നിയമവും എല്ലാവര്‍ക്കും തുല്യമായി വിതരണം ചെയ്യപ്പെടണം. സംഘികളെ കാണുമ്പോള്‍ വിറക്കുന്ന കാക്കി കുപ്പായക്കാര്‍ പിണറായി ഭരണം അവസാനിച്ചത് അറിഞ്ഞില്ലെങ്കില്‍ ആഭ്യന്തര മന്ത്രിയും സര്‍ക്കാരും അറിയിക്കണം... നിയമത്തെ നീതിയുടെ വഴിയെ നടപ്പാക്കിക്കൊണ്ട്.
ആരൊക്കെയോ നടത്തിയ മ്ലേച്ഛമായ സൈബര്‍ അക്രമത്തിന്റെ പേരില്‍ ഡോ. അബ്ദുല്ല ബാസിലിനെ പ്രതിയാക്കാന്‍ വെമ്പല്‍കൊണ്ടവര്‍, ഖേദം പ്രകടിപ്പിച്ചിട്ടും (പറഞ്ഞതിനെ ഒരുതരത്തിലും ഒരു ബഹുസ്വര സമൂഹത്തിന് അംഗീകരിക്കാന്‍ പറ്റില്ലെങ്കിലും) സണ്ണി എം. കപിക്കാടിനെതിരെ കേസെടുത്ത് മിടുക്ക് കാണിച്ചവര്‍, അപര്‍ണ്ണ കുറുപ്പിന്റെ ഖേദപ്രകടനത്തെ മാത്രം മാനിച്ച് അവര്‍ക്കെതിരേയുള്ള കേസില്‍ നടപടി എടുത്തതായും കാണുന്നില്ല. ഇതൊക്കെ എന്ത് തരം നീതീകരണമാണ് ജനാധിപത്യ മതേതര മനുഷ്യരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി തരുന്നത്?
ആരിഫ് ഹുസൈന്‍ തെരുവത്ത് ഒരുതരത്തിലും സ്ത്രീപക്ഷ നിലപാടുള്ളയാളല്ല. അതയാളുടെ പോസ്റ്റില്‍ നിന്ന് വ്യക്തമാണ്. എങ്ങനെയാണ് ഒരു മനുഷ്യന് ഇത്രയും വൃത്തികെട്ട രീതിയില്‍ അമ്മമാരേയും സ്ത്രീകളേയും അഭിസംബോധന ചെയ്യാനാകുക? അയാള്‍ മുസ്‌ലിം സ്ത്രീകളുടെ വിമോചനമെന്ന പേരില്‍ പറഞ്ഞുക്കൂട്ടുന്നതെല്ലാം തികഞ്ഞ ഇസ്‌ലാമോഫോബിയയും വര്‍ഗ്ഗീയതയുമാണ്. സ്വയം എക്‌സ് മുസ്‌ലിം എന്ന് അഡ്രസ്സ് ചെയ്യുന്ന അയാള്‍ ഇസ്‌ലാം ഫോളോ ചെയ്തിരുന്ന കാലത്ത് അയാളുടെ പോസ്റ്റില്‍ പറഞ്ഞപ്രകാരമാണോ വീട്ടിലെ സ്ത്രീകളെ കണ്ടിരുന്നത്? ഞാന്‍ അങ്ങനെ വിചാരിക്കുന്നില്ല. അങ്ങനെ ആണെങ്കില്‍ അയാള്‍ ഒരുതരത്തിലും ഒരു പരിഷ്‌കൃത സമൂത്തിന് യോജിച്ച ആളല്ല. അത്രമേല്‍ വൃത്തികെട്ട മനസ്ഥിതിയാണ് അയാളെ ഇപ്പോള്‍ നയിക്കുന്നത്. അപരന്റെ വീട്ടിലെ സ്ത്രീകളെ കുറിച്ച് ഇത്തരം വൃത്തികേടുകള്‍ പറയാന്‍ അയാള്‍ക്ക് ഒരുതരത്തിലുമുള്ള അവകാശമില്ല. മതവിശ്വാസികളായ സ്ത്രീകളെ ലൈംഗീകമായി ആക്ഷേപിക്കുന്നതല്ല സ്ത്രീപക്ഷ, സ്ത്രീസമത്വ, ലിംഗനീതിയുടെ ജനാധിപത്യ ബോധം. അയാളെ നയിക്കുന്നത് അന്ധമായ ഇസ്‌ലാം വിരുദ്ധതയും മതവെറിയും വര്‍ഗ്ഗീയതയുമാണ്.
സംഘപരിവാറിന്റെ ഷാഡോ പണിയെടുക്കുന്ന ആരിഫ് ഹുസൈനെതിരെ ഇനിയും കേസെടുക്കാന്‍ മടിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ തികഞ്ഞ സംഘപരിവാര്‍ ബോധത്താല്‍ നയിക്കപ്പെടുന്നവരാണ്. അവര്‍ കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ പോലീസ് നയമല്ല ഫോളോ ചെയ്യുന്നത്. ആരിഫ് ഹുസൈന്റെ സംഘിബോധത്തെ ഫോളോ ചെയ്യുന്ന ഏമാന്മാര്‍ രാഹുല്‍ ഗാന്ധി മുന്നോട്ട് വയ്ക്കുന്ന ഭരണഘടനാ മൂല്യങ്ങളുടെ യുഡിഎഫ് രാഷ്ട്രീയത്തെ അണ്‍ഫോളോ ചെയ്യുന്നു. വി ഡി സതീശനേക്കാള്‍ വലിയ മുഖ്യമന്ത്രിയും രമേശ് ചെന്നിത്തലയേക്കാള്‍ വലിയ ആഭ്യന്തരമന്ത്രിയും ചക്കരക്കല്‍ പോലീസ് സ്റ്റേഷനില്‍ ഇല്ലെന്ന് കരുതുന്നു. കണ്ണുള്ളവര്‍ കണ്ടും കാതുള്ളവര്‍ കേട്ടും തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.