കെറ്റാമെലൺ കേസ്; പ്രതികളെ നാർകോട്ടിക്‌സ് ബ്യൂറോ കസ്റ്റഡിയിൽ വാങ്ങും
നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെ പിടിയിലായ എഡിസൺ ബാബുവും കൂട്ടാളി അരുൺ തോമസും ഇപ്പോൾ മൂവാറ്റുപുഴ സബ് ജയിലിലാണ് കഴിയുന്നത്
കൊച്ചി: ഡാർക് നെറ്റ് ഉപയോഗിച്ച് അന്താരാഷ്ട്ര തലത്തിൽ മയക്കുമരുന്ന് വ്യാപാരം നടത്തിയ മൂവാറ്റുപുഴ സ്വദേശി എഡിസൺ ബാബുവിനെയും കൂട്ടാളിയെയും നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ ഉടൻ കസ്റ്റഡിയിൽ വാങ്ങും. എഡിസന്റെ സാമ്പത്തിക ഇടപാടുകൾ അടക്കമുള്ള നിർണായക വിവരങ്ങൾ എൻസിബിക്ക് ലഭിച്ചിട്ടുണ്ട്. ജയിലിലുള്ള എഡിസന്റെ ഇടപാടുകാരെ കണ്ടെത്താനുള്ള അന്വേഷണവും തുടരുകയാണ്.
നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെ പിടിയിലായ എഡിസൺ ബാബുവും കൂട്ടാളി അരുൺ തോമസും ഇപ്പോൾ മൂവാറ്റുപുഴ സബ് ജയിലിലാണ് കഴിയുന്നത്. ഇരുവരുടെയും കസ്റ്റഡിക്കായി തിങ്കളാഴ്ച അന്വേഷണ സംഘം എറണാകുളം കോടതിയിൽ അപേക്ഷ സമർപ്പിക്കും. ഒരു കോടിയിലേറെ മൂല്യമുള്ള ക്രിപ്‌റ്റോ കറൻസി എഡിസന്റെ പക്കൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന് പുറമേ പത്തോളം ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങളും എൻസിബിക്ക് ലഭിച്ചു.
മൂവാറ്റുപുഴ വാഴക്കുളത്ത് ബഹുനില ഷോപ്പിംഗ് കോംപ്ലക്‌സ് നിർമാണം നടക്കുകയാണ്. അന്താരാഷ്ട്ര തലത്തിൽ നടത്തിയ ഇടപാടുകൾ വഴി എഡിസൺ സമ്പാദിച്ച കോടികൾ എവിടെയൊക്കെ നിക്ഷേപിച്ചുവെന്നാണ് എൻസിബി അന്വേഷിക്കുന്നത്. എഡിസണും അരുണും ചേർന്ന് ആയിരത്തോളം വ്യക്തികൾക്ക് കെറ്റമിനും എൽഎസ്ഡിയും വിൽപ്പന നടത്തിയിട്ടുണ്ട്.
പത്ത് വർഷമായി എഡിസൺ ഡാർക് നെറ്റിൽ ഉണ്ട്. രണ്ട് വർഷമായി സജീവ മയക്കുമരുന്ന് ഇടപാടുകാരനുമാണ്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും എഡിസന് ഉപഭോക്താക്കളുണ്ട്. ജയിലിൽ കഴിയുന്ന പീരുമേട് സ്വദേശികളായ ഡിയോൾ ,അഞ്ജു എന്നീ മയക്കുമരുന്ന് കച്ചവടക്കാരും എഡിസണും തമ്മിലുള്ള ബന്ധവും എൻസിബി അന്വേഷിക്കുകയാണ്.
ആഗോള തലത്തിൽ വൻ ഇടപാടുകൾ നടത്തുന്ന എഡിസനുമായി ബന്ധമുള്ള നിരവധി പേർ രാജ്യത്തും വിദേശത്തുമായി കഴിയുന്നുണ്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമകരമായ ദൗത്യത്തിലാണ് നർക്കോട്ടിക്‌സ് കൺഡ്രോൾ ബ്യൂറോ.