Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കൊച്ചി: ഒരപകടമുണ്ടായാൽ ആ വകുപ്പിലെ മന്ത്രി രാജി വെക്കണം എന്നാണോ എന്ന ചോദ്യവുമായി മന്ത്രി വി.എൻ വാസവൻ. അങ്ങനെ വന്നാൽ മന്ത്രിമാരുടെ സ്ഥിതി എന്താകുമെന്ന് വി.എൻ വാസവൻ ചോദിച്ചു. കോട്ടയം മെഡിക്കൽ കോളജിലുണ്ടായ സംഭവം ദൗർഭാഗ്യകരമാണെന്ന് മന്ത്രി പറഞ്ഞു.
ഉമ്മൻചാണ്ടി സർക്കാർ കെട്ടിടം ശോചനീയാവസ്ഥയിലെന്ന് റിപ്പോർട്ട് നൽകി. അന്ന് ഒന്നും ചെയ്തില്ല. എൽഡിഎഫ് സർക്കാർ വന്നു അവശ്യമായ തുക വകയിരുത്തി. നാല് പുതിയ കെട്ടിടങ്ങൾ വന്നു. ഉണ്ടായ സംഭവം ദൗർഭാഗ്യകരമാണ്. അടുത്ത ക്യാബിനറ്റിൽ കുടുംബത്തിന് ധനസഹായം പ്രഖ്യാപിക്കും. ഒരപകടമുണ്ടായാൽ ആ വകുപ്പിലെ മന്ത്രി രാജി വെക്കണം എന്നാണോ. അങ്ങനെ വന്നാൽ മന്ത്രിമാരുടെ സ്ഥിതി എന്താകും. ആരോഗ്യ മന്ത്രി വന്ന് ഉരുട്ടി ഇട്ടതാണോ എന്ന് വി.എൻ വാസവൻ ചോദിച്ചു.
റോഡപകടം ഉണ്ടായാൽ ഗതാഗത വകുപ്പ് മന്ത്രി രാജി വക്കണോ. വിമാനാപകടം ഉണ്ടായാൽ പ്രധാനമന്ത്രി രാജി വെക്കണമെന്നാണോ. കർണ്ണാടകത്തിൽ ക്രിക്കറ്റ് താരങ്ങൾ വന്നപ്പോൾ അപകടമുണ്ടായി. ആരേലും മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ടോ. ആരോഗ്യ സംവിധാനത്തെ നശിപ്പിക്കുകയല്ല സംരക്ഷിക്കുകയാണ് വേണ്ടത്. ഉണ്ടായ സംഭവത്തെക്കുറിച്ച് പരിശോധിച്ച് വീഴ്ചയുണ്ടേൽ പരിഹരിക്കണം. അടുത്ത ക്യാബിനറ്റിൽ കുടുംബത്തിന് ധനസഹായം പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.