കാട്ടാന ചരിഞ്ഞ കേസിൽ കസ്റ്റഡിയിലെടുത്തയാളെ ബലമായി മോചിപ്പിച്ചു; എംഎൽഎ കെ.യു ജനീഷ് കുമാറിനെതിരെ ആരോപണം

റേഞ്ച് ഓഫിസർ അടക്കമുള്ള ഉദ്യോഗസ്ഥരോട് മോശമായി സംസാരിച്ചു എന്നും ആക്ഷേപമുണ്ട്

Update: 2025-05-14 09:18 GMT
Advertising

കോന്നി: കോന്നിയിൽ കാട്ടാന ഷോക്കേറ്റ്  ചരിഞ്ഞ കേസിൽ പൊലീസ് കസ്റ്റഡിയിൽ എടുത്തയാളെ എംഎൽഎ ബലമായി മോചിപ്പിച്ചതായി ആരോപണം. പാടം ഫോറസ്റ്റ് സ്റ്റേഷനിൽ കസ്റ്റഡിയിലെടുത്ത മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവറെ ആണ് കെ.യു ജനീഷ് കുമാർ എംഎൽഎ മോചിപ്പിച്ചത്. റേഞ്ച് ഓഫിസർ അടക്കമുള്ള ഉദ്യോഗസ്ഥരോട് മോശമായി സംസാരിച്ചു എന്നും ആക്ഷേപമുണ്ട്. സംഭവത്തിൽ വനംമന്ത്രി ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

കൃത്യമായ തെളിവുകൾ ഇല്ലാതെ നിരപരാധികളായവരെ കസ്റ്റഡിയിലെടുക്കുന്നതും ചോദ്യം ചെയ്യുന്നതുമൊക്കെ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ പതിവ് രീതിയാണെന്നും ഇതിനെതിരെ ജനങ്ങളുടെ പ്രതിഷേധമുണ്ടാകും എന്നും പറയുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ആദ്യം പ്രതിഷേധവുമായി വരുന്നത് ജനങ്ങളായിരിക്കുമെന്നും പിന്നീട് നക്സലൈറ്റുകളായിരിക്കുമെന്നും എംഎൽഎ പറയുന്നതായി ദൃശ്യങ്ങളിൽ കാണാം.

കൈതകൃഷി പാട്ടത്തിന് എടുത്തവർ സോളാർ വേലിയിൽ അനുവദനീയമായതിലും കൂടുതൽ വൈദ്യുതി കടത്തിവിട്ടതാണ് ഷോക്കിന് കാരണമെന്നാണ് ഫോറസ്റ്റ് അധികൃതർ പറയുന്നത്. ഇതിൽ പൊലീസ് സംശയിക്കുന്ന മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവറെ മൊഴിയെടുക്കാനായി സ്റ്റേഷനിൽ വിളിച്ചു വരുത്തിപ്പോഴാണ് എംഎൽഎ എത്തി പ്രശ്നമുണ്ടാക്കിയത്.

സ്റ്റേഷനിൽ നിന്നും ഡ്രൈവറെ ബലമായി ഇറക്കിക്കൊണ്ട് പോയി എന്നും ആരോപണമുണ്ട്. സ്റ്റേഷനിൽ പോയിരുന്നുവെന്നും എന്നാൽ ബലമായി ആരെയും മോചിപ്പിച്ചിട്ടില്ലെന്നും ജനീഷ് കുമാർ പറഞ്ഞു. ആരോപണത്തെ കുറിച്ച് അറിയില്ല. കാര്യങ്ങൾ പരിശോധിച്ച ശേഷം പ്രതികരിക്കാമെന്നും എംഎൽഎ പറഞ്ഞു.

നേരത്തെ കോന്നി ആനക്കൂട്ടിലിൽ നാലു വയസ്സുകാരൻ കോൺക്രീറ്റ് തൂൺ തകർന്നു വീണ് മരിച്ച സംഭവത്തിൽ ഫോറസ്റ്റ് ഡിപാർട്ട്മെന്റിനെതിരെ ജനീഷ് കുമാർ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.

watch video:

Full View

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News