വ്യാജലഹരിക്കേസ്; ബാഗിലും സ്കൂട്ടറിലും ലഹരി വച്ച ആളെയാണ് പിടികൂടേണ്ടതെന്ന് ഷീലാ സണ്ണി
മകനുമായി സംഭവത്തിന് ശേഷം ബന്ധപ്പെട്ടിട്ടില്ല
തൃശൂര്‍: നാരായണദാസിനെ അറസ്റ്റ് ചെയ്തതോടെ യഥാർഥ പ്രതിയിലേക്ക് പൊലീസ് എത്തുമെന്ന് ഷീലാ സണ്ണി. തന്‍റെ ബാഗിലും സ്കൂട്ടറിലും വ്യാജ ലഹരി വസ്തുവെച്ച ആളെയാണ് പിടികൂടേണ്ടത്. മകനുമായി സംഭവത്തിന് ശേഷം ബന്ധപ്പെട്ടിട്ടില്ല. ഒളിവിൽ ആണെന്നാണ് അറിയുന്നത്. മരുമകളോടും സഹോദരിയോടുമെല്ലാം നല്ല ബന്ധത്തിലായിരുന്നു പോയിരുന്നത്. യഥാർഥ കുറ്റവാളികളെ കണ്ടെത്തണമെന്നും ഷീല മീഡിയവണിനോട് പറഞ്ഞു.
യഥാർഥ കുറ്റവാളികളെ കണ്ടെത്തണം . ഇതോടെ സത്യം പുറത്തുവരും എന്നാണ് പ്രതീക്ഷിക്കുന്നത് . തന്നോട് എന്തിനാണ് ഇത്ര വൈരാഗ്യം എന്ന് മനസിലാകുന്നില്ല. മരുമകളോടും സഹോദരിയോടുമെല്ലാം നല്ല ബന്ധത്തിലായിരുന്നു പോയിരുന്നത്. താൻ ഇറ്റലിയിലേക്ക് പോകാൻ ശ്രമിച്ചിരുന്നു. അതാണോ വ്യാജ ലഹരിക്കേസ് ഉണ്ടാക്കാൻ കാരണമെന്ന് സംശയിക്കുന്നതായും ഷീലാ സണ്ണി പറഞ്ഞു. ബെംഗളൂരുവിൽ നിന്നാണ് നാരായണ ദാസിനെ പിടികൂടിയത്. പ്രത്യേക അന്വേഷണ സംഘമാണ് കസ്റ്റഡിയിലെടുത്തത്.
ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമയായ ഷീല സണ്ണിയുടെ സ്‌കൂട്ടറിൽ മയക്കുമരുന്ന് സമാനമായ വസ്തുവെച്ചായിരുന്നു എക്‌സൈസിന് വിവരം നൽകിയത്. ഷീലയുടെ വാഹനത്തിൽനിന്ന് എൽഎസ്ഡി സ്റ്റാമ്പുകൾ പിടികൂടിയത് വ്യാജമാണെന്ന് തെളിഞ്ഞിരുന്നു. മരുമകളുടെ സഹോദരിയുടെ സുഹൃത്തായ നാരായണദാസായിരുന്നു ഇതുസംബന്ധിച്ച് വിവരം നൽകിയതും തുടർന്ന് എക്‌സൈസ് പരിശോധന നടത്തിയതും. തുടർന്ന് ഷീലക്ക് 72 ദിവസം ജയിലിൽ കഴിയേണ്ടി വന്നിരുന്നു.
കേസിൽ എക്‌സൈസിന് വലിയ വീഴ്ചയുണ്ടായെന്ന് പിന്നീട് തെളിഞ്ഞിരുന്നു. കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് ഷീലാ സണ്ണി കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.