സംവിധായകൻ ഷാജി എൻ. കരുൺ അന്തരിച്ചു

കഴിഞ്ഞവർഷം ജെ.സി ഡാനിയേൽ പുരസ്കാരം നേടിയിരുന്നു.

Update: 2025-04-28 11:59 GMT
Advertising

തിരുവനന്തപുരം: പ്രശസ്ത സംവിധായകനും ഛായാ​ഗ്രഹകനുമായ ഷാജി എൻ. കരുൺ (73) അന്തരിച്ചു. വഴുതക്കാട് ഉദാര ശിരോമണി റോഡിലെ വസതിയായ 'പിറവി'യിലായിരുന്നു അന്ത്യം. ഏറെ നാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഭാര്യ: അനസൂയ വാര്യർ. മക്കൾ: അപ്പു കരുൺ, കരുൺ അനിൽ.

കഴിഞ്ഞവർഷം ജെ.സി ഡാനിയേൽ പുരസ്കാരം നേടിയിരുന്നു. 40 ഓളം സിനിമകൾക്ക് ഛായാഗ്രഹണം നിർവഹിച്ച അദ്ദേഹം, പിറവി, വാനപ്രസ്ഥം അടക്കം ദേശീയ- അന്തർദേശീയ ശ്രദ്ധനേടിയ സിനിമകൾ സംവിധാനം ചെയ്തു. മികച്ച സംവിധായകൻ, ഛായാ​ഗ്രഹകൻ അടക്കം സംസ്ഥാന സർക്കാരിന്റെ വിവിധ പുരസ്കാരങ്ങൾക്ക് അർഹനായ അദ്ദേഹം നിരവധി ദേശീയ, അന്തർദേശീയ അവാർഡുകളും കരസ്ഥമാക്കിയിട്ടുണ്ട്.

കൊല്ലം ജില്ലയിലെ കണ്ടച്ചിറയിൽ എൻ കരുണാകരന്റെയും ചന്ദ്രമതിയുടെയും മൂത്തമകനായി 1952 ജനുവരി ഒന്നിനാണ് ജനനം. പള്ളിക്കര സ്കൂൾ, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

1971ൽ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ ചേർന്ന് ഛായാഗ്രഹണത്തിൽ ഡിപ്ലോമ നേടി. 1998ൽ ചലച്ചിത്ര അക്കാദമി രൂപീകരീച്ചപ്പോൾ ആദ്യ ചെയർമാനായി. കേരള രാജ്യാന്തര ചലച്ചിത്രമേളയെ ദേശീയ ശ്രദ്ധയാകർഷിക്കുന്ന രീതിയിലേക്ക് മാറ്റുന്നതിൽ പ്രധാന ഇടപെടൽ നടത്തി.

70ലേറെ ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കുകയും 31 പുരസ്കാരങ്ങൾ നേടുകയും ചെയ്ത ‘പിറവി’, കാൻ ചലച്ചിത്രമേളയിൽ പാംദോറിന് നാമനിർദേശം ചെയ്യപ്പെട്ട ‘സ്വം’, കാനിൽ ഔദ്യോഗിക വിഭാഗത്തിൽ പ്രദർശിപ്പിച്ച ‘വാനപ്രസ്ഥം’ തുടങ്ങിയ ചിത്രങ്ങളിലൂടെ അന്തർദേശീയതലത്തിൽ മലയാള സിനിമയെ അടയാളപ്പെടുത്തിയ അതുല്യ പ്രതിഭ ആയിരുന്നു ഷാജി എൻ. കരുൺ.

വാനപ്രസ്ഥത്തിലൂടെ മോഹൻലാലിന് ദേശീയ അവാർഡ് ലഭിച്ചിരുന്നു. ജി. അരവിന്ദൻ്റെ തമ്പ്, കാഞ്ചന സീത, കുമ്മാട്ടി, എസ്തപ്പാൻ, പോക്കുവെയിൽ, ചിദംബരം എന്നീ സിനിമകളുടെ ഛായാഗ്രാഹകനായി. കെ.ജി ജോർജ്, എം.ടി വാസുദേവൻ എന്നിവരുടെ ചിത്രങ്ങൾക്കും ക്യാമറ ചലിപ്പിച്ചു.


Full View

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News