'ഹൈബ്രിഡ് കഞ്ചാവ് ഉപയോഗിക്കാറില്ല, മെത്താംഫെറ്റമിനാണ് ഉപയോഗിക്കുന്നത്'; എക്സൈസിന് മൊഴി നൽകി ഷൈൻ ടോം

ഷൈൻ ടോം ചാക്കോയെ രണ്ട് തവണയാണ് എക്സൈസ് ചോദ്യം ചെയ്തത്

Update: 2025-04-28 13:50 GMT
Editor : Jaisy Thomas | By : Web Desk
Advertising

കൊച്ചി: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, മോഡൽ സൗമ്യ എന്നിവരുടെ ചോദ്യം ചെയ്യൽ 8 മണിക്കൂർ പിന്നിട്ടു. രാവിലെ 10 മണി മുതൽ ആലപ്പുഴ എക്സൈസ് ഓഫീസിൽ തുടരുന്ന ചോദ്യം ചെയ്യലിൽ, ഷൈൻ ടോം ചാക്കോയും മോഡൽ സൗമ്യയും ലഹരി ഇടപാട് നിഷേധിച്ചു. എന്നാൽ ഇരുവരെയും മാറിമാറി ചോദ്യം ചെയ്തതോടെ തസ്‍ലീമയുമായി ലഹരി ഇടപാട് നടത്തിയെന്ന വിലയിരുത്തലിലാണ് ഉദ്യോഗസ്ഥർ.

ഷൈൻ ടോം ചാക്കോയെ രണ്ട് തവണയാണ് എക്സൈസ് ചോദ്യം ചെയ്തത്. മോഡൽ സൗമ്യയുടെ ചോദ്യം ചെയ്യൽ അഞ്ച് മണിക്കൂറിലേറെ നീണ്ടു. എന്നാൽ സാമ്പത്തിക ഇടപാടുകളുടെ രേഖകൾ മുന്നിൽ വെച്ചപ്പോൾ, മൊഴികൾ മാറിമറിഞ്ഞു. ആറു മാസത്തെ നൂറിലേറെ പേജുള്ള പണമിടപാട് രേഖകൾ എക്സൈസ് സൗമ്യയെ കാണിച്ചു.

എന്നാൽ ലൈംഗിക ഇടപാടുകൾക്ക് ലഭിച്ച കമ്മീഷൻ തുകയാണെന്നും ലഹരി ഇടപാടില്ലെന്നും സൗമ്യ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. എക്സൈസ് ഉദ്യോഗസ്ഥർ ഇത് മുഖവിലക്കെടുത്തില്ല. കൂടുതൽ ചോദ്യം ചെയ്തതോടെ ലഹരി ഇടപാട് സൗമ്യ സമ്മതിച്ചതായാണ് വിവരം. ഇതോടെ സൗമ്യയുടെ അറസ്റ്റിന് സാധ്യതയേറി. തസ്‍ലീമയുമായി ലഹരി ഇടപാട് ഇല്ലെന്നും ഹൈബ്രിഡ് കഞ്ചാവ് ഉപയോഗിക്കാറില്ലെന്നും ഷൈൻ മൊഴി നൽകി. മെത്താംഫെറ്റമിൻ ആണ് ഉപയോഗിക്കാറുള്ളതെന്നും, ലഹരി വിമുക്തിക്കായി സിനിമ ഷൂട്ട് വരെ മാറ്റിവെച്ചിട്ടുണ്ട് എന്നും ഷൈൻ ആവർത്തിച്ചു. അസ്വസ്ഥതകൾ പ്രകടിപ്പിച്ചതോടെ ഷൈനിന്‍റെ പിതാവ് മെഡിക്കൽ രേഖകളുമായി എക്സൈസ് ഓഫീസിലെത്തി. ശ്രീനാഥ് ഭാസിയുടെ ചോദ്യം ചെയ്യലും തുടരുകയാണ്.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News