നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവം; ജാർഖണ്ഡ് സ്വദേശികളായ മാതാപിതാക്കള്‍ പൊലീസ് കസ്റ്റഡിയില്‍
കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ ദമ്പതികള്‍ക്കെതിരെ പൊലീസ് നേരരത്തെ തന്നെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു
കൊച്ചി: നവജാത ശിശുവിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഉപേക്ഷിച്ചുപോയ ജാർഖണ്ഡ് സ്വദേശികൾ പൊലീസ് കസ്റ്റഡിയിൽ. കുഞ്ഞിനെ ഏറ്റെടുക്കാൻ തിരിച്ചെത്തിയപ്പോഴാണ് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് മാതാപിതാക്കളെ കസ്റ്റഡിയിലെടുത്തത്. ആശുപത്രി ബില്ലടക്കാൻ പണമില്ലാത്തതിനാലാണ് പ്രസവശേഷം കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് മാതാപിതാക്കളുടെ മൊഴി.
കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ ദമ്പതികള്‍ക്കെതിരെ പൊലീസ് നേരത്തെ തന്നെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ കുഞ്ഞിനെ കാണണമെന്നും ഏറ്റെടുക്കാന്‍ തയാറാണെന്നും മാതാപിതാക്കൾ പൊലീസിനെ അറിയിക്കുകയായിരുന്നു. നിലവില്‍ സിഡബ്ലുസിയുടെ സംരക്ഷണയില്‍ കഴിയുന്ന കുഞ്ഞിനെ കൈമാറുന്നതില്‍ നിയമതടസങ്ങളുമുണ്ട്.
എന്നാല്‍ വീഡിയോ കോളിലൂടെ കുഞ്ഞിനെ മാതാപിതാക്കളെ കാണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുഞ്ഞിനെ നേരിട്ട് കാണാനും തിരികെ കൊണ്ടുപോകണമെന്ന ആവശ്യവുമായി ദമ്പതികള്‍ എത്തിയത്. എന്നാല്‍ കേസുളളതിനാല്‍ എറണാകുളത്തെത്തിയ ഉടന്‍ പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സിഡബ്ലിയുസിയുടെ സംരക്ഷണയിലുള്ള കുഞ്ഞ് നിലവിൽ അങ്കമാലിയിലെ ശിശു സംരക്ഷണ കേന്ദ്രത്തിലാണ്.