ഈ വർഷത്തെ ആദ്യ ഇന്ത്യൻ ഹജ്ജ് സംഘം നാളെ സൗദിയിലെത്തും
മലയാളി തീർഥാടകരുടെ ആദ്യ സംഘം ജൂൺ പത്തിന് എത്തും
ജിദ്ദ: ഈ വർഷത്തെ ഹജ്ജിനായി ആദ്യ സംഘം തീർഥാടകർ നാളെ മുതൽ സൗദിയിലെത്തും. ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ആദ്യമെത്തുക. ഇന്ത്യൻ സംഘം സൗദി സമയം പുലർച്ചെ 5:50ന് മദീനയിലെത്തും. ഹൈദരാബാദിൽ നിന്നുള്ള 289 തീർഥാടകരായിരിക്കും ഈ സംഘത്തിലുണ്ടാവുക. ഹജ്ജ് ഉംറ മന്ത്രാലയം ഉദ്യോഗസ്ഥരും ഇന്ത്യൻ ഹജ്ജ് മിഷനും ചേർന്ന് തീർഥാടകരെ സ്വീകരിക്കും. പുലർച്ചെ 5:55ന് ലക്‌നൗവിൽ നിന്നും, വൈകിട്ട് 7:30ന് മുംബൈയിൽ നിന്നുമുള്ള തീർഥാടകരും നാളെ എത്തും.
തീർഥാടകർക്ക് വേണ്ട എല്ലാ ഒരുക്കങ്ങളും ജിദ്ദ കോൺസുലേറ്റിന് കീഴിലെ ഇന്ത്യൻ ഹജ്ജ് മിഷൻ മദീനയിൽ ഒരുക്കിയിട്ടുണ്ട്. എട്ട് ദിവസം തീർത്ഥാടകർ പ്രവാചക പള്ളിയിൽ പ്രാർത്ഥനകൾ നിർവഹിക്കും. ശേഷം മക്കയിലെത്തി ഹജ്ജ് നിർവഹിച്ച് ജിദ്ദ വഴിയായിരിക്കും മടക്കം. മലയാളി തീർഥാടകരുടെ ആദ്യ സംഘം കോഴിക്കോട് നിന്ന് ജിദ്ദയിലേക്കാണ് എത്തുന്നത്. ജൂൺ പത്തിന് പുലർച്ചെ ഒരു മണിക്കാണ് ആദ്യ വിമാനം. തീർഥാടകർ എത്തുന്നതോടെ മക്കയും മദീനയും പുതിയൊരു ഹജ്ജ് കാലത്തിലേക്ക് പ്രവേശിക്കും.