ചീഫ് മാർഷലിനെ മർദിച്ച സംഭവം: മൂന്ന് യുഡിഎഫ് എംഎൽഎമാർക്ക് സസ്‌പെൻഷൻ
മന്ത്രി എം.ബി രാജേഷാണ് എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്യാനുള്ള പ്രമേയം അവതരിപ്പിച്ചത്
തിരുവനന്തപുരം: നിയമസഭയിൽ ചീഫ് മാർഷലിനെ മർദിച്ചതിന് മൂന്ന് യുഡിഎഫ് എംഎല്‍എമാര്‍ക്ക് സസ്പെൻഷൻ. റോജി എം ജോൺ, സനീഷ് കുമാർ ജോസഫ്, എം. വിൻസന്റ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞദിവസങ്ങളില്‍ തുടര്‍ച്ചയായി ഉണ്ടായ സംഘര്‍ഷങ്ങള്‍ കൂടി കണക്കിലെടുത്താണ് സസ്പെന്‍ഷന്‍. മന്ത്രി എം.ബി രാജേഷാണ് എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്യാനുള്ള പ്രമേയം അവതരിപ്പിച്ചത്. സ്പീക്കറുടെ അനുമതിയോടെ സഭ പാസാക്കുകയായിരുന്നു. ഈ സമ്മേളന കാലായവധിയിലാണ് സസ്പെന്‍ഷന്‍.
മുഖ്യമന്ത്രിക്കെതിരെ പാഞ്ഞടുത്തു,തുടര്‍ച്ചയായി സഭയിലെ ബെല്ലുകള്‍ അനുമതിയില്ലാതെ മുഴക്കി,തുടര്‍ച്ചയായി സ്പീക്കറുടെ ചെയറിലേക്ക് കടന്നുകയറാന്‍ ശ്രമിച്ചു,വനിതാ വാച്ച് ആന്‍ഡ് വാര്‍ഡുമാരെപ്പോലും ആക്രമിച്ചു,സഭ തുടര്‍ച്ചയായി തടസ്സപ്പെടുത്തി,സഭയുടെ അന്തസ്സിന് കളങ്കം ഉണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ കാര്യങ്ങളാണ് എം.ബി രാജേഷ് അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നത്.
അതിനിടെ, ശബരിമല സ്വർണ്ണപ്പാളി വിവാദം കത്തിച്ച് പ്രതിപക്ഷം ഇന്നും നിയമസഭ ബഹിഷ്കരിച്ചു.. സഭയ്ക്ക് അകത്തും, പുറത്തും പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ സഭക്കുള്ളിൽ ഗുണ്ടായിസമെന്ന് ഭരണപക്ഷം കുറ്റപ്പെടുത്തി. ഉന്തിലും തള്ളിലും ചീഫ് മാർഷലിന് പരിക്കേറ്റു.കഴിഞ്ഞ മൂന്ന് ദിവസവും കണ്ടതുപോലെ ചോദ്യോത്തരവേള മുതൽ തന്നെ പ്രതിപക്ഷത്തിന് പ്രതിഷേധം ആരംഭിച്ചത്.
പതിവിന് വ്യത്യസ്തമായി കർക്കശമായ നിലപാടിൽ ആയിരുന്നു സ്പീക്കർ.പ്രതിപക്ഷത്തിന്റെ ബാനർ പിടിച്ചു വാങ്ങാൻ വാച്ച് ആൻഡ് വാർഡിന് സ്പീക്കര്‍ നിര്‍ദേശം നല്‍കി. ബഹളത്തിനിടയിലും ചോദ്യോത്തരവേള സ്പീക്കർ പൂർത്തിയാക്കി.ശൂന്യവേളയിലേക്ക് കടന്നതോടെ പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചു.തുടർന്ന് സഭ ബഹിഷ്കരിച്ചു. പ്രതിപക്ഷം ഇല്ലാതിരുന്ന പശ്ചാത്തലത്തിൽ ബില്ലുകൾ സഭ പാസാക്കി.