''ഞാൻ അച്ഛനെ കെട്ടിപ്പിടിച്ച് കരയുകയായിരുന്നു, എനിക്ക് മനസിലായി, അച്ഛൻ ഇനി ഇല്ലാ എന്ന്''; പഹല്‍ഗാം ഭീകരാക്രമണത്തിന്റെ അനുഭവങ്ങള്‍ പങ്കുവെച്ച് കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകള്‍ ആരതി

''കശ്മീരില്‍ പോയപ്പോൾ എനിക്ക് രണ്ട് സഹോദരന്മാരെ കിട്ടി എന്നാണ് യാത്രയയ്ക്കാന്‍ എയര്‍പോര്‍ട്ടില്‍ വന്നപ്പോള്‍ അവരോട് ഞാന്‍ പറഞ്ഞത്. അള്ളാഹു രക്ഷിക്കട്ടേയെന്നും അവരോട് പറഞ്ഞു''

Update: 2025-04-24 07:10 GMT
Editor : rishad | By : Web Desk
Advertising

കൊച്ചി: നടുക്കുന്ന അനുഭവങ്ങള്‍ പങ്കുവെച്ച് പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്റെ മകള്‍ ആരതി. തന്റെ മുൻപിലാണ് അച്ഛൻ വെടിയേറ്റ് മരിച്ചതെന്ന് ആരതി പറഞ്ഞു. തന്നെ അടക്കം ഭീകരർ ഉപദ്രവിക്കാതെ വിട്ടത് മക്കൾ കരഞ്ഞതിനാലാകാം എന്നും മക്കളുമായി ഭയന്ന് കാട്ടിലൂടെ ഓടിരക്ഷപ്പെടുകയായിരുന്നുവെന്നും ആരതി പറഞ്ഞു.

അര മണിക്കൂറോളം ഓടിയ ശേഷമാണ് മൊബൈൽ റേഞ്ച് കിട്ടിയത്. ഫോൺ വിളിച്ച ശേഷം സൈന്യവും നാട്ടുകാരും രക്ഷക്കെത്തി. തന്റെ ഡ്രൈവർമാരായ മുസാഫിറും സമീറും എല്ലാത്തിനും കൂടെനിന്നുവെന്നും സഹോദരിയോടെന്ന പോലെയാണ് പെരുമാറിയതെന്നും ആരതി പറഞ്ഞു.

ആരതിയുടെ വാക്കുകള്‍ ഇങ്ങനെ:  '' അവിടെ നിറയെ ടൂറിസ്റ്റുകളുണ്ടായിരുന്നു. എല്ലാവരും അവിടെ ഒരോ വിനോദ പരിപാടികളിലായിരുന്നു. പെട്ടന്നൊരു ശബ്ദം കേട്ടു. എന്താണെന്ന് മനസിലായില്ല. വീണ്ടും അതെ ശബ്ദം കേട്ടു. പിന്നീടാണ് ഒരാൾ ദൂരെ നിന്ന് മേലേക്ക് വെടിവെക്കുന്നതായി കണ്ടത്. അപ്പോഴാണ് ഭീകരാക്രമണമാണെന്ന് എനിക്ക് മനസിലായത്. അപ്പോ ഞാൻ എല്ലാവരെയും നിലത്തേക്ക് കടത്തി. പിന്നാലെ അവിടെ നിന്നും ഓടി. ഓടുന്നതിനിടെ ഞങ്ങളുടെ മുന്നിലേക്ക് ഒരു ഭീകരവാദി വന്നു. എല്ലാവരോടും കിടക്കാൻ ആവശ്യപ്പെട്ടു.

എന്തോ ചോദിക്കുന്നുണ്ട്. പേടിച്ചുമരവിച്ചു കിടക്കുന്നതിനാൽ എന്താണ് ചോദിക്കുന്നതെന്ന് വ്യക്തമാകുന്നില്ല. ചോദിക്കുന്നുണ്ട്, വെടിവെക്കുന്നുണ്ട്. പിന്നെ അച്ഛന്റെയും എന്റെയും അടുത്തേക്ക് വന്നു. സെന്റൻസൊന്നും അല്ല ഒരൊറ്റ വാക്കാണ് അവര് ചോദിക്കുന്നത്. കലിമ, അങ്ങനെ എന്തോ ഒരോ വാക്ക് ചോദിച്ചു, മനസിലായില്ല എന്ന് ഹിന്ദിയിൽ മറുപടി കൊടുത്തു. അപ്പോഴേക്കും എന്റെ അച്ഛനെ വെടിവെച്ചിരുന്നു. എന്റെ തലയിലും തോക്കുകൊണ്ട് കുത്തി. പേടിപ്പിക്കാനോ മറ്റോ ആയിരിക്കും. പക്ഷേ ഒന്നും ചെയ്തില്ല.

Full View 

ഞാൻ അച്ഛനെ കെട്ടിപ്പിടിച്ച് കരയുകയായിരുന്നു. എനിക്ക് മനസിലായി, അച്ഛൻ ഇനി ഇല്ലാ എന്ന്. എന്റെ മക്കളും കൂടെയുണ്ടായിരുന്നു. അതുകൊണ്ടായിരിക്കാം ഉപദ്രവിക്കാതെ വിട്ടത്. അങ്ങനെ അവിടെ നിന്ന് എങ്ങനെയോ രക്ഷപ്പെട്ടു. ഇങ്ങനെ പലിയടത്ത് നിന്നും എത്തിപ്പെട്ടവർ ഒരിടത്ത് ഒരുമിച്ച് കൂടി. അങ്ങനെ മുക്കാൽ മണിക്കൂറിന് ശേഷം ഫോണിന് സിഗ്നൽ ലഭിക്കാൻ തുടങ്ങി. അപ്പോള്‍ വേഗം എന്റെ ഡ്രൈവറും നാട്ടുകാരനുമായ മുസാഫിറിനെ വിളിച്ചു. അയാളാണ് ബാക്കി എല്ലാവരെയും അറിയിക്കുന്നത്. പിന്നാലെ സൈന്യം ഓടിക്കയറിപ്പോകുന്നത് കണ്ടു. നാട്ടകാരും സൈന്യത്തോടൊപ്പം സഹായത്തിനായി എത്തിയിരുന്നു.

എന്റെ അടുത്ത് വന്ന ഭീകരന്‍ സൈനിക വേഷത്തിൽ അല്ലായിരുന്നു. നാട്ടുകാർ വളരെയധികം സഹായിച്ചു. അവരാണ് റൂമും കാര്യങ്ങളുമെല്ലാം ചെയ്തു തന്നത്. അതിന് പണമൊന്നും ഇല്ല. എന്റെ കൂടെയുണ്ടായിരുന്ന മുസാഫിർ എന്ന ആ പാവം കശ്മീരി ഡ്രൈവർ. മറ്റൊരു ഡ്രൈവര്‍ സമീര്‍. അവർ രണ്ട് പേരും അനിയനും ചേട്ടനും കൊണ്ടുനടക്കുന്നത് പോലെയാണ് എന്നെ നോക്കിയത്. രാത്രി മൂന്ന് മണിവരെ ഞാൻ മോർച്ചറിയുടെ മുന്നിലായിരുന്നു.

അപ്പോഴൊക്കൊ ഇവരായിരുന്നു കൂടെ, കശ്മീരില്‍ പോയപ്പോൾ എനിക്ക് രണ്ട് സഹോദരന്മാരെ കിട്ടി എന്നാണ് യാത്രയയ്ക്കാന്‍ എയര്‍പോര്‍ട്ടില്‍ വന്നപ്പോള്‍ അവരോട് ഞാന്‍ പറഞ്ഞത്. അള്ളാഹു അവരെ രക്ഷിക്കട്ടേയെന്നും പറഞ്ഞു'' - ഇങ്ങനെയായിരുന്നു ആരതിയുടെ വാക്കുകള്‍

Watch Video 

Full View


Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News