റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട മലയാളി ജെയിൻ വീട്ടിലെത്തി
ഇന്ന് രാവിലെയോടെ ജെയിൻ റഷ്യയിൽ നിന്ന് ഡൽഹിയിൽ എത്തിയിരുന്നു
തൃശൂർ: റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട തൃശൂർ കുറാഞ്ചേരി സ്വദേശി ജെയിൻ കുര്യൻ വീട്ടിലേക്ക് മടങ്ങിയെത്തി. റഷ്യയിലെ മലയാളികളുടെ സഹായത്തോടെയാണ് ജെയിൻ നാട്ടിൽ തിരികെയെത്തിയത്. ഇന്ന് രാവിലെയോടെ ജെയിൻ റഷ്യയിൽ നിന്ന് ഡൽഹിയിൽ എത്തിയിരുന്നു. മൂന്നുമാസം മുമ്പ് യുദ്ധത്തിൽ മുഖത്ത് പരിക്കേറ്റ് ജയിന്‍ ചികിത്സയിലായിരുന്നു. അതേസമയം യുക്രൈനുമായുള്ള യുദ്ധത്തിൽ കൊല്ലപ്പെട്ട ജെയിനിന്റെ ബന്ധു ബിനിലിന്റെ മൃതദേഹം ഇതുവരെയും നാട്ടിലെത്തിക്കാൻ ആയിട്ടില്ല.
ഒരു വർഷം മുമ്പാണ് ജെയിനും, ബന്ധു ബിനിലും ജോലിക്കായി റഷ്യയിലേക്ക് പോയത്. പിന്നീട് കാൻറീൻ ജോലി എന്ന വ്യാജേന റഷ്യൻ കൂലി പട്ടാളത്തിൽ ചേർത്തു. ഇരുവരെയും നാട്ടിലെത്തിക്കാൻ ശ്രമിക്കുന്നതിനിടെ യുദ്ധത്തിൽ ജെയിനിന് ഗുരുതരമായി പരിക്കേൽക്കുകയും, ബന്ധു ബിനിൽ കൊല്ലപ്പെടുകയും ചെയ്തു. ചികിത്സയിലിരുന്ന മോസ്കോയിലെ ആശുപത്രിയിൽ നിന്നും രണ്ടു ദിവസം മുൻപാണ് ജെയിന്‍ ഡിസ്ചാർജ് ആയത്. തിരികെ ക്യാമ്പിലേക്ക് പോകാനായിരുന്നു അവിടെ നിന്നുള്ള നിർദ്ദേശം. അതിനായി ട്രെയിൻ ടിക്കറ്റും ജെയിനിനെ ഏൽപ്പിച്ചിരുന്നു.
റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്നുന്നതായി പറഞ്ഞ് ആശുപത്രിയിൽ നിന്നും ഇറങ്ങി, റഷ്യയിലെ മലയാളികളുടെ സഹായത്തോടെ നാട്ടിൽ എത്തുകയായിരുന്നു.ആർമി കരാർ കാലാവധി പൂർത്തിയായിട്ടും തിരികെ ക്യാമ്പിലേക്ക് പോകുന്നതിന്റെ ആശങ്ക കുടുംബം മീഡിയാവണുമായി പങ്കുവെച്ചിരുന്നു. പിന്നാലെയാണ് ജെയിനിനെ നാട്ടിലെത്തിച്ചെന്ന ആശ്വാസമായ വാര്‍ത്ത കുടുംബത്തിന് ലഭിച്ചത്. എത്രയും പെട്ടെന്ന് ബിനിലിന്റെ മൃതദേഹം കൂടി നാട്ടിലെത്തും എന്ന പ്രതീക്ഷയിലാണ് കുടുംബം.