കിഫ്‌ബി വഴി സംസ്ഥാനത്ത് നടപ്പാക്കിയത് 90,000 കോടിയുടെ പദ്ധതി: മുഖ്യമന്ത്രി
2021 വരെ 62,000 കോടിയുടെ കിഫ്ബി പദ്ധതി വഴി നടപ്പിലാക്കിയെന്നും പിണറായി വിജയൻ
പത്തനംതിട്ട: കിഫ്‌ബി വഴി സംസ്ഥാനത്ത് ഇതുവരെ നടപ്പിലാക്കിയത് 90,000 കോടിയുടെ പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2021 വരെ 62,000 കോടിയുടെ കിഫ്ബി പദ്ധതി വഴി നടപ്പിലാക്കിയെന്നും അദ്ദേഹം പറഞ്ഞു.
കിഫ്ബിക്കെതിരെ എന്തെല്ലാം പരിഹാസമായിരുന്നു. വലിയ എതിർപ്പ് ഉയർത്തി. ആര് പണം തരുമെന്ന് ചോദിച്ചു. ഇപ്പോൾ എവിടെ തിരിഞ്ഞാലും കിഫബിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. " 9 വർഷത്തെ LDF ഭരണം ജനങ്ങൾ വിലയിരുത്തുന്നു. 2016 ലെ കേരളീയ മനസ് ഈ നാടിന് മാറ്റമുണ്ടാകില്ലെന്നായിരുന്നു. ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് LDF നേതാക്കളെ അപകീർത്തിപ്പെടുത്താൻ ശ്രമം ഉണ്ടായി.കെട്ടിച്ചമച്ച നുണ കോൺഗ്രസും ബിജെപിയും ഒരുമിച്ച് പ്രചരിപ്പിച്ചു. ഇതിനായി വലതുപക്ഷ മാധ്യമങ്ങളും കച്ചകെട്ടി ഇറങ്ങി. എൽഡിഎഫ് തകർന്നു എന്ന പ്രവചനം നടത്തി. ഞങ്ങൾ അപ്പോഴും ഭരണവുമായി മുന്നോട്ടുപോയി. 99 സീറ്റാണ് ജനങ്ങൾ എൽഡിഎഫിന് തന്നത്. എന്നിട്ടും അടങ്ങിയിരിക്കുന്നവരല്ല ഇവർ. നമ്മുടെ നാട് തകരട്ടെ എന്ന നിലപാടാണ് ഇവർക്ക്," പിണറായി വിജയൻ ചൂണ്ടിക്കാട്ടി.
കേന്ദ്രത്തിനെതിരെയും മുഖ്യമന്ത്രി രൂക്ഷവിമർശനം ഉയർത്തി. "പ്രതിസന്ധി കാലത്ത് കേന്ദ്രം സഹായം നിഷേധിച്ചു. അന്ന് കേന്ദ്രത്തിന്റെ നടപടി തെറ്റാണെന്ന് പറയാൻ പ്രതിപക്ഷം തയ്യാറായോ? അന്ന് കേന്ദ്രത്തിന് ഹല്ലേലുയ പാടുകയായിരുന്നു പ്രതിപക്ഷം. ബിജെപിയും കോൺഗ്രസും ഇക്കാര്യത്തിൽ നല്ല സൗഹൃദത്തിലാണ്. ഒരുമിച്ച് സർക്കാരിനെതിരെ നീങ്ങി. ബിജെപി കേരളം പിടിക്കാം എന്ന അതിമോഹത്തിൽ ആയിരുന്നു. പക്ഷേ ജനങ്ങൾ തള്ളിക്കളഞ്ഞു. ആ വിരോധം കേരളത്തിലെ ജനങ്ങളോട് ബിജെപി തീർത്തു. ബിജെപിയുടെ കേരള വിരോധത്തിനെതിരെ ഒരക്ഷരം എന്തുകൊണ്ട് പ്രതിപക്ഷം സംസാരിക്കുന്നില്ല? വയനാട് ദുരന്തത്തിൽ ഒരു പൈസയും കേന്ദ്രം തന്നില്ല," അദ്ദേഹം കൂട്ടിച്ചേർത്തു.