'ഇന്ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ, രാത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കും'; വി.ഡി സതീശൻ
നിലമ്പൂർ നിയോജക മണ്ഡലത്തിൽ തെരഞ്ഞെടുപ്പിനെ നേരിടാൻ യുഡിഎഫ് സുസജ്ജമാണെന്ന് സതീശൻ
തിരുവനന്തപുരം: ഇന്ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ രാത്രിയോടെ കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അതിനുള്ള പ്രാഥമികമായ ചർച്ചകൾ നേതൃത്വം നടത്തിയിട്ടുണ്ട്. കൂടുതൽ കൂടിയാലോചനകൾ നടത്തി മണിക്കൂറുകൾക്കകം ഉചിതമായ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്നും വി.ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ വളരെ നേരത്തെ തുടങ്ങിയതാണെന്നും അദ്ദേഹം പറഞ്ഞു.
ഏത് സമയത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും യുഡിഎഫ് നിലമ്പൂർ നിയോജക മണ്ഡലത്തിൽ തെരഞ്ഞെടുപ്പിനെ നേരിടാൻ സുസജ്ജമാണ്. ഉയർന്ന ഭൂരിപക്ഷത്തിൽ യുഡിഎഫ് അവിടെ ജയിക്കും. സർക്കാരിനെതിരായ ജനങ്ങളുടെ അതിശക്തമായ എതിർപ്പും നിരാശയും എല്ലാം ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. സർക്കാരിനെതിരെ പ്രതികരിക്കാൻ ജനങ്ങൾ ഒരു അവസരം നോക്കി നിൽക്കുകയാണ്. അൻവർ യുഡിഎഫുമായി സഹകരിച്ച് പ്രവർത്തിക്കും. അദ്ദേഹത്തിന്റെ പിന്തുണ്ടായുണ്ടാകും, വി.ഡി സതീശൻ പറഞ്ഞു.