'അവാർഡ് കിട്ടാനിടയുള്ള ഒരു സാഹിത്യകാരനാണ് താനെന്ന് സ്വരാജ് കരുതിയിട്ടുണ്ടാകില്ല'; അശോകൻ ചരുവിൽ

അവാർഡിനു വേണ്ടി സ്വരാജോ പ്രസാധകരോ പുസ്തകം അയച്ചിട്ടില്ലെന്ന് അക്കാദമി സെക്രട്ടറി ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്

Update: 2025-06-28 16:25 GMT
Editor : Jaisy Thomas | By : Web Desk
Advertising

തൃശൂര്‍: സിപിഎം നേതാവ് എം.സ്വരാജ് സാഹിത്യ അക്കാദമി അവാര്‍ഡ് നിരസിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്‍റ് അശോകന്‍ ചരുവില്‍. ബാലചന്ദ്രൻ ചുള്ളിക്കാടിനെപ്പോലെ യാതൊരു പുരസ്കാരങ്ങളും സ്വീകരിക്കുകയില്ല എന്ന് നേരത്തേ പ്രഖ്യാപിച്ചിട്ടുള്ളവരെ ലിസ്റ്റിൽ ഉൾപ്പെടുത്താറില്ലെന്നും പക്ഷേ സ്വരാജ് അങ്ങനെ പ്രഖ്യാപിച്ചിരുന്നില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. അവാർഡ് കിട്ടാനിടയുള്ള ഒരു സാഹിത്യകാരനാണ് താൻ എന്ന് സ്വരാജ് കരുതിയിട്ടുണ്ടാവില്ല. ഒരു വായനക്കാരൻ എന്ന നിലയിൽ എം.സ്വരാജിന്‍റെ പുസ്തകം ഉപന്യാസത്തിനുള്ള ബഹുമതി കിട്ടാൻ നൂറുശതമാനം അർഹമാണെന്ന് അശോകൻ ചരുവിൽ അഭിപ്രായപ്പെട്ടു.

അശോകൻ ചരുവിലിന്‍റെ കുറിപ്പ്

കേരള സാഹിത്യഅക്കാദമി പുരസ്കാരങ്ങൾ.

എനിക്ക് 1998ൽ ചെറുകഥാവിഭാഗത്തിൽ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. എം.ടി. ആയിരുന്നു അന്ന് പ്രസിഡണ്ട്. ഞാനോ ബന്ധുക്കളോ സുഹൃത്തുക്കളോ അവാർഡിനു വേണ്ടി അപേക്ഷിച്ചിരുന്നില്ല. പുസ്തകവും അയച്ചിട്ടില്ല. പുസ്തകങ്ങൾ അയച്ചു കൊടുക്കാത്തവരേയും പരിഗണിക്കുന്നു എന്നതാണ് കേരള സാഹിത്യ അക്കാദമി അവാർഡിനെ കൂടുതൽ മേന്മയുള്ളതാക്കുന്നത്.

അപേക്ഷിച്ചും പുസ്തകമയച്ചും (ഇപ്പോൾ ചില അവാർഡ് മാഫിയകൾ വലിയ രജിസ്ട്രേഷൻ ഫീസും വാങ്ങുന്നുണ്ട്) അവാർഡ് നൽകുന്നതും സ്വീകരിക്കുന്നതും ഒരു നിലക്ക് അപമാനകരമായിട്ടാണ് എനിക്കു തോന്നുന്നത്. എഴുത്തിന്‍റെ ആദ്യകാലങ്ങളിൽ ഞാൻ പല അവാർഡുകൾക്കും പുസ്തകങ്ങൾ അയച്ചു കൊടുത്തിട്ടുണ്ട്. അവാർഡിനൊപ്പമുള്ള തുകയായിരുന്നു അന്ന് എന്‍റെ താൽപര്യം. വരുമാനമില്ലാത്തതുകൊണ്ട് ജീവിതം അത്രക്ക് ബുദ്ധിമുട്ടേറിയതായിരുന്നു. സാമ്പത്തികമായി ഒരു മട്ടിൽ കരകയറിയ ശേഷം ഞാൻ ഒരു പുരസ്കാരത്തിനും പുസ്തകങ്ങൾ അയച്ചു കൊടുത്തിട്ടില്ല.

ഓരോ വിഭാഗത്തിലും അവാർഡിന് അർഹമായ പത്ത് കൃതികൾ തെരഞ്ഞെടുക്കുന്നത് അക്കാദമി ലൈബ്രറിയെ അവലംബമാക്കിയാണ്. ഒന്നുംതന്നെ വിട്ടുപോകരുത് എന്നു കരുതിയാണ് എഴുത്തുകാരോട് കൃതികൾ അയക്കാൻ ആവശ്യപ്പെടുന്നത്. പ്രാഥമിക ലിസ്റ്റ് തയ്യാറാക്കുന്ന സമിതിയിലും ഫൈനൽ ജൂറിയിലും അക്കാദമി അംഗങ്ങൾ ഉൾപ്പെടേണ്ടതില്ല എന്നാണ് തീരുമാനിച്ചിട്ടുള്ളത്. അധികാരമുണ്ടെങ്കിലും ജൂറിയുടെ തീരുമാനത്തിൽ എക്സികുട്ടീവ് കമ്മിറ്റി ഇടപെടുക പതിവില്ല. ഇതുപറയുമ്പോൾ എല്ലാകാലത്തും ഇങ്ങനെ കൃത്യമായാണ് കാര്യങ്ങൾ നടക്കുന്നത് എന്നു തെറ്റിദ്ധരിക്കരുത്. അതതുകാലത്തെ ഭരണസമിതികൾ തങ്ങളുടെ താൽപര്യങ്ങൾക്കനുസരിച്ച് മാനദണ്ഡങ്ങളിൽ ഭേദഗതികൾ വരുത്താറുണ്ട്. പ്രാഥമികപരിശോധന മാത്രമല്ല; അന്തിമവിധിയും എക്സിക്യുട്ടീവ് / ജനറൽ കൗൺസിൽ അംഗങ്ങൾ ഉൾപ്പെട്ട സമിതികൾ നിശ്ചയിച്ച ചരിത്രമുണ്ട്. ആരുടെ കാലത്താണ് എന്ന് പറയുന്നില്ല.

ഇപ്പോഴത്തെ അക്കാദമി നേതൃത്വം എന്തായാലും അവാർഡ് നിർണയത്തിൽ ഉൾപ്പെടാൻ ആഗ്രഹിക്കുന്നില്ല. കൃത്യവും സുതാര്യവുമാണ് നടപടികൾ എങ്കിലും അവാർഡ് നിർണയം ഇപ്പോഴും പരിപൂർണമായും ശരിയായി നടക്കുന്നു എന്ന് ഞാൻ കരുതുന്നില്ല. വിഷയം സാഹിത്യമായിരിക്കുകയും അഭിരുചികൾ വ്യക്തിനിഷ്ഠമായി തുടരുകയും ചെയ്യുന്ന കാലത്തോളം മൂല്യനിർണയം എല്ലാവർക്കുമുള്ള ശരിയാവാനിടയില്ല.

സിപിഎം നേതാവ് എം.സ്വരാജിന് ഉപന്യാസത്തിനുള്ള സി.ബി.കുമാർ എൻഡോവ്മെന്‍റ് പ്രഖ്യാപിച്ചതാണല്ലോ ഇപ്പോഴത്തെ വിമർശനത്തിനു കാരണം. അവാർഡിനു വേണ്ടി സ്വരാജോ പ്രസാധകരോ പുസ്തകം അയച്ചിട്ടില്ലെന്ന് അക്കാദമി സെക്രട്ടറി ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് ഏറെമുൻപ് തന്നെ പ്രാഥമികപരിശോധനയും ജൂറിമാരുടെ തീർപ്പും ഉണ്ടായിക്കഴിഞ്ഞിരുന്നു. കവറുകൾ തുറന്ന് ടാബുലേഷൻ നടത്താത്തതുകൊണ്ട് സംഗതി ആരും അറിഞ്ഞിരുന്നില്ല എന്നുമാത്രം. നിശ്ചിതകാലയളവിനുള്ളിൽ പ്രസിദ്ധീകരിക്കപ്പെട്ട ഒരു കൃതി മെച്ചപ്പെട്ടതാണെന്ന് പ്രാഥമിക പരിശോധന കമ്മിറ്റിക്ക് തോന്നിയാൽ അത് പട്ടികയിൽ ഉൾപ്പെടുത്തുക തന്നെ ചെയ്യും. അക്കാര്യത്തിൽ ഗ്രന്ഥകാരന്‍റെ അനുവാദം ചോദിക്കുക പതിവില്ല. അവാർഡ് പ്രഖ്യാപിച്ചാൽ താൽപര്യമില്ലെങ്കിൽ ഗ്രന്ഥകാരന് അത് നിരസിക്കാവുന്നതാണ്. ഉചിതമായ ആ നടപടിയാണ് എം.സ്വരാജ് ചെയ്തത്.

ബാലചന്ദ്രൻ ചുള്ളിക്കാടിനെപ്പോലെ യാതൊരു പുരസ്കാരങ്ങളും സ്വീകരിക്കുകയില്ല എന്ന് നേരത്തേ പ്രഖ്യാപിച്ചിട്ടുള്ളവരെ ലിസ്റ്റിൽ ഉൾപ്പെടുത്താറില്ല. പക്ഷേ സ്വരാജ് അങ്ങനെ പ്രഖ്യാപിച്ചിരുന്നില്ല. അവാർഡ് കിട്ടാനിടയുള്ള ഒരു സാഹിത്യകാരനാണ് താൻ എന്ന് അദ്ദേഹം കരുതിയിട്ടുണ്ടാവില്ല. ഒരു വായനക്കാരൻ എന്ന നിലയിൽ എം.സ്വരാജിന്‍റെ പുസ്തകം ഉപന്യാസത്തിനുള്ള ബഹുമതി കിട്ടാൻ നൂറുശതമാനം അർഹമാണെന്ന് ഞാൻ പറയും. ഹൃദ്യമായ, വായിക്കാൻ പ്രേരിപ്പിക്കുന്ന ഗദ്യശൈലിയാണ് അദ്ദേഹത്തിന്‍റേത്. അതുകൊണ്ടാണ് ആ പുസ്തകം ഇന്ന് ഡിസി ബുക് ഷോപ്പിൽ നോവലുകൾക്കൊപ്പം ബെസ്റ്റ് സെല്ലർ ആയിരിക്കുന്നത്.

എഴുത്തും വായനയും പൊതുപ്രവർത്തനത്തിന്‍റെ ഉപാധിയാക്കുന്നവർ തീരെ കുറഞ്ഞുകൊണ്ടിരിക്കുന്ന കാലത്താണ് എം.സ്വരാജ് വലിയ പ്രതീക്ഷയായി നിൽക്കുന്നത്. എഴുത്തും വായനയും അന്യമായവരുടെ ദീനവിലാപങ്ങൾക്കിവിടെ പ്രസക്തിയില്ല. കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ!

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News