Writer - അൻഫസ് കൊണ്ടോട്ടി
anfas123
കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷനെതിരെ രൂക്ഷ വിമര്‍ശനവുമായി ഷാഫി പറമ്പില്‍ എംപി. ശബരിമല കോഴിക്കോട് ആയിരുന്നുവെങ്കില്‍ അയ്യപ്പന്റെ പൊന്ന് കോര്‍പറേഷന്‍ ഭരിച്ചവര്‍ എന്നേ അടിച്ചുമാറ്റുമായിരുന്നുവെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എംപി. കോഴിക്കോട്ട് യുഡിഎഫ് സംഘടിപ്പിച്ച കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു ഷാഫി. ജനങ്ങള്‍ നന്നാവണം. അതിനാണ് വോട്ടുചോദിക്കുന്നതെന്നും ഭരിക്കുന്നവരല്ല നന്നാവേണ്ടതെന്നും ഷാഫി പറഞ്ഞു.
'ഭരിക്കുന്നവര്‍ നന്നാവാന്‍ വേണ്ടിയല്ല, ജനങ്ങളുടെ നന്മക്ക് വേണ്ടിയാണ് യുഡിഎഫ് വോട്ട് ചോദിക്കുന്നത്. ഇത്രയും കാലം കോര്‍പറേഷന്‍ ഭരിച്ചവര്‍ക്ക് മാത്രമാണ് വളര്‍ച്ചയുണ്ടായിരിക്കുന്നത്. തലപ്പത്തിരിക്കുന്നവര്‍ക്ക് വലിയ വളര്‍ച്ചയാണുള്ളത്. എന്നാല്‍, ജനങ്ങള്‍ക്ക് വളര്‍ച്ചയുണ്ടായിട്ടില്ലെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഭരണം കിട്ടിയാല്‍ ജനങ്ങള്‍ നന്നാവണമെന്ന ആഗ്രഹത്തോട് കൂടിയാണ് ഞങ്ങള്‍ വോട്ടുചോദിക്കുന്നത്.' ഷാഫി പറഞ്ഞു.
'ശബരിമല സ്വര്‍ണക്കൊള്ളയില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് പറഞ്ഞിരുന്നവരാണ് സിപിഎം. എന്നാല്‍ ഇപ്പോള്‍ അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്ന ആള്‍ ഡിവൈഎഫ്‌ഐയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു. ഇപ്പോ ജയിലിലടക്കപ്പെട്ടയാള്‍ 26ാമത്തൈ വയസ്സില്‍ അവിടത്തെ ഏരിയ കമ്മിറ്റി സെക്രട്ടറിയാണ്. എന്നുവെച്ചാല്‍, സിപിഎമ്മും സര്‍ക്കാരും സ്‌പോണ്‍സര്‍ ചെയ്ത അഴിമതിയാണ് ശബരിമലയില്‍ നടന്നിട്ടുള്ളത് എന്നത് പറയാതിരിക്കാനാവില്ല.' ഷാഫി വ്യക്തമാക്കി.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ അയ്യപ്പന്റെ പൊന്ന് കക്കാന്‍ സര്‍ക്കാര്‍ നേതൃത്വം നല്‍കിക്കാണുമെന്ന് വോട്ടര്‍മാര്‍ കരുതിയിട്ടുണ്ടാകില്ലെന്നും പത്മകുമാറിനെതിരെ നടപടിയെടുക്കുന്നതിനെ കുറിച്ച് സിപിഎം ചിന്തിച്ചിട്ട് പോലുമുണ്ടാകില്ലെന്നും ഷാഫി പറഞ്ഞു. ചില കേസുകളില്‍ നിന്ന് രക്ഷപ്പെടുന്നതിനായി സിപിഎം ആര്‍എസ്എസിനോട് അടുക്കുകയാണെന്നും ഇവരെ ചോദ്യം ചെയ്യുകയാണെങ്കില്‍ മുഖ്യമന്ത്രിയിലേക്ക് എത്തുമെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു.