Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
പത്തനംതിട്ട: പത്തനംതിട്ട കോഴഞ്ചേരിയിൽ ചികിത്സയിലിരിക്കെ സ്ത്രീ മരിച്ചത് ചികിത്സാപിഴവ് മൂലമെന്ന് പരാതി. ആങ്ങമൂഴി സ്വദേശി മായയാണ് മരിച്ചത്. സ്വകാര്യ ആശുപത്രിക്കെതിരെയാണ് പരാതി. കഴിഞ്ഞ തിങ്കളാഴ്ചയാണ് മായയെ ചികിത്സക്കായി കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. തുടർന്ന് ആശുപത്രിയിൽ വെച്ച് ഗർഭപാത്രത്തിലെ മുഴയുമായി ബന്ധപ്പെട്ട ശസ്ത്രക്രിയ ചെയ്തു.
എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ മായയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായതിനെ തുടർന്ന് സ്കാനിങ്ങിന് വിധേയമാക്കുകയും ഈ സ്കാനിങ്ങിൽ ആദ്യ ശസ്ത്രക്രിയയിൽ ഉടലിൽ മുറിവുണ്ടായതായി കണ്ടെത്തി. തുടർന്ന് വീണ്ടും ശസ്ത്രക്രിയ നടത്തി. ഈ ശസ്ത്രക്രിയയെ തുടർന്ന് ആരോഗ്യനില വീണ്ടും ഗുരുതരമാവുകയും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവിക്കുന്നതെന്ന് ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിക്കുകയും ചെയ്തു.
ഇന്നലെ രാത്രി എട്ടുമണിയോടെ മായ മരണപ്പെട്ടു. ആശുപത്രി അധികൃതർക്കെതിരെ ബന്ധുക്കൾ ആറന്മുള പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. മായയുടെ സ്ഥിതി ഗുരുതരമായിരുന്നെന്നും ശസ്ത്രക്രിയ സമയത്ത് അതീവ സങ്കീർണമായിരുന്നുവെന്നുമാണ് ആശുപത്രിയുടെ ഭാഗത്ത് നിന്നുള്ള വിശദീകരണം. ശസ്ത്രക്രിയക്ക് മുൻപ് തന്നെ ഈ സങ്കീർണതകൾ എല്ലാം ബന്ധുക്കളെ ബോധ്യപ്പെടുത്തിയിരുന്നുവെന്നും ആശുപത്രി അധികൃതർ അറിയിച്ചു.