'ആപ്പിലായി ബിഎല്‍ഒമാര്‍'; വിവരങ്ങൾ രേഖപ്പെടുത്താൻ കഴിയുന്നില്ലെന്ന് പരാതി
അര്‍ധരാത്രിയും പുലര്‍ച്ചെയും എണീറ്റിരുന്നാണ് പലരും ആപ്പില്‍ വിവരങ്ങള്‍ ചേര്‍ക്കുന്നത്
മലപ്പുറം: ബൂത്ത് ലെവല്‍ ഓഫീസര്‍മാരെ ദുരിതത്തിലാക്കി ബിഎല്‍ഒ ആപ്പ്.ആപ്പിൽ വിവരങ്ങൾ എൻട്രി ചെയ്യാൻ കഴിയുന്നില്ലെന്നാണ് പരാതി.പലപ്പോഴും ആപ്പ് പ്രവർത്തനരഹിതമാകുന്നു വെന്നും ബിഎൽഒമാർ ആരോപിക്കുന്നുണ്ട്.
നേരത്തെ സമയമെടുത്തും ബിഎല്‍ഒ ആപ്പില്‍ വിവരങ്ങള്‍ ചേര്‍ക്കാന്‍ സാധിച്ചിരുന്നു.എന്നാല്‍ ഇപ്പോള്‍ അതിന് സാധിക്കുന്നില്ലെന്നും ബിഎല്‍ഒമാര്‍ പറയുന്നു. അര്‍ധരാത്രിയും പുലര്‍ച്ചെയും എണീറ്റിരുന്നാണ് പലരും ആപ്പില്‍ വിവരങ്ങള്‍ ചേര്‍ക്കുന്നത്. എന്നാല്‍ ആ സമയത്ത് പോലും ആപ്പ് പ്രവര്‍ത്തനരഹിതമാകുകയാണ്. ഇക്കാര്യം മുതിര്‍ന്ന ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും ഫലമില്ലെന്ന് ബിഎല്‍ഒമാര്‍ പറയുന്നു.ആപ്പ് മൊബൈലില്‍ ന ിന്ന് മാത്രമേ പ്രവര്‍ത്തിക്കാന്‍ സാധിക്കൂ എന്നതും വെല്ലുവിളിയാണ്.
അതേസമയം, സംസ്ഥാനത്ത് ജോലിഭാരത്തില്‍ ബിഎല്‍ഒമാരുടെ പ്രതിഷേധം കടുക്കുകയാണ്. ടാര്‍ഗറ്റ് തികയ്ക്കാന്‍ സമ്മര്‍ദമുണ്ടെന്ന വെളിപ്പെടുത്തലുമായി കൂടുതല്‍ ബിഎല്‍ഒമാര്‍ രംഗത്തെത്തിയതോടെ എസ്‌ഐആര്‍ അപേക്ഷ ഫോം വിതരണം മന്ദഗതിയിലായിരുന്നു.
ഇന്നലെ കണ്ണൂരില്‍ വീണ്ടും ബിഎല്‍ഒ കുഴഞ്ഞുവീണിരുന്നു. കീഴല്ലൂര്‍ കുറ്റിക്കര സ്വദേശി വലിയ വീട്ടില്‍ രാമചന്ദ്രന്‍(53)ആണ് കുഴഞ്ഞുവീണത്. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചുമതലപ്പെടുത്തിയ ജോലിക്കിടെയാണ് സംഭവം.
ഇന്നലെ വൈകിട്ട് കണ്ണൂര്‍ അഞ്ചരക്കണ്ടിയിലാണ് സംഭവം. ജോലിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ അഞ്ചരക്കണ്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.