സ്പായിൽ പോയത് വീട്ടുകാരെ അറിയിക്കുമെന്ന് സിപിഒയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസ്: പാലാരിവട്ടം എസ്‌ഐ കെ.കെ ബിജുവിന് സസ്‌പെൻഷൻ
നാലുലക്ഷം രൂപയാണ് ബിജുവും എറണാകുളത്തെ സ്പാ സെൻറർ ജീവനക്കാരും സിപിഒയിൽ നിന്ന് തട്ടിയെടുത്തത്
കൊച്ചി: സിപിഒയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ പാലാരിവട്ടം എസ്.ഐ കെ.കെ ബിജുവിന് സസ്പെൻഷൻ.സിപിഒയെ ഭീഷണിപ്പെടുത്തി പണം തട്ടിയതിൽ ഇന്നലെ പാലാരിവട്ടം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.ഇതിന് പിന്നാലെയാണ് നടപടിയെടുത്തത്. നാലുലക്ഷം രൂപയാണ് ബിജുവും എറണാകുളത്തെ സ്പാ സെൻറർ ജീവനക്കാരും സിപിഒയിൽ നിന്ന് തട്ടിയെടുത്തത്.
നവംബർ ആദ്യവാരമാണ് സിപിഒ കൊച്ചിയിലെ സ്പാ സെൻ്ററിലെത്തി മടങ്ങിയത്. പിന്നാലെ സ്പാ ജീവനക്കാർ മാലമോഷണവുമായി ബന്ധപ്പെട്ട് പരാതി ഉന്നയിക്കുകയുമായിരുന്നു. തുടർന്ന് വിഷയത്തിൽ എസ്ഐ കെ.കെ ബിജു ഇടപെട്ടു. സ്പായിൽ പോയത് വീട്ടുകാരെ അറിയിക്കുമെന്ന ഭീഷണിയുമുണ്ടായി. ആസൂത്രിത നീക്കമാണെന്ന് മനസിലായതോടെ സിപിഒ പരാതിയും നൽകി. സംഭവത്തിൽ സ്‌പാ ജീവനക്കാരടക്കം മൂന്ന് പേരെ പ്രതിയാക്കി പൊലീസ് കേസെടുത്തിട്ടുണ്ട്. കുറ്റക്കാരെന്ന് കണ്ടാൽ തുടർ നടപടിയുണ്ടാകുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ ഇന്നലെ പറഞ്ഞിരുന്നു. പാലാരിവട്ടം സ്റ്റേഷനിലെ തന്നെ ഉദ്യോഗസ്ഥനാണ് പരാതിക്കാരനായ സിപിഒ.