ശബരിമല സ്വർണക്കൊള്ള: നടൻ ജയറാമിനെ സാക്ഷിയാക്കും
ശബരിമലയിൽ നിന്ന് അറ്റകുറ്റപ്പണിക്കായി പുറത്ത് കൊണ്ടുപോയെന്ന് കരുതുന്ന സ്വർണപ്പാളിയും ദ്വാരപാലക ശിൽപവും ഉണ്ണികൃഷ്ണൻ പോറ്റി ജയറാമിന്‍റെ വീടുകളിലടക്കം പ്രദര്‍ശിപ്പിക്കുകയും പൂജക്ക് വെക്കുകയും ചെയ്തിരുന്നു
തിരുവനന്തപുരം: ശബരിമല സ്വർണകൊള്ളയിൽ നടൻ ജയറാമിനെ സാക്ഷിയാക്കും. ജയറാമിൽ നിന്ന് മൊഴിയെടുക്കാൻ പ്രത്യേകം സംഘം സമയം തേടി.ശബരിമലയിൽ നിന്നുള്ള സ്വർണപ്പാളികൾ ജയറാമിന്റെ വീട്ടിൽ എത്തിച്ച് പൂജ നടത്തിയിരുന്നു.
ശബരിമലയിൽ നിന്ന് അറ്റകുറ്റപ്പണിക്കായി പുറത്ത് കൊണ്ടുപോയെന്ന് കരുതുന്ന സ്വർണപ്പാളിയും ദ്വാരപാലക ശിൽപവും ഉണ്ണികൃഷ്ണൻ പോറ്റി ജയറാമിന്‍റെ വീടുകളിലടക്കം പ്രദര്‍ശിപ്പിക്കുകയും പൂജക്ക് വെക്കുകയും ചെയ്തിരുന്നു. നടൻ ജയറാം,ഗായകന്‍ വീരമണി തുടങ്ങിയവര്‍ പൂജയിൽ പങ്കെടുത്തിരുന്നു. 2019 ല്‍ ചെന്നൈയില്‍ നടന്ന പൂജയുടെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.
ശബരിമലയിലെ സ്വർണപ്പാളി തന്റെ വീട്ടിലെത്തിക്കാൻ പാടില്ലായിരുന്നുവെന്ന് ജയറാം പിന്നീട് പ്രതികരിച്ചിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ നിന്നുള്ള പരിചയമാണെന്നും തന്‍റെ കൈയില്‍ നിന്ന് ഒരുരൂപപോലും വാങ്ങിയിട്ടില്ലെന്നും ജയറാം മീഡിയവണിനോട് പറഞ്ഞിരുന്നു. അയ്യന്റെ മുതൽ കട്ടിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണമെന്നും ജയറാം അന്ന് പറഞ്ഞിരുന്നു.സ്വര്‍ണപ്പാളിയില്‍ പൂജനടത്താനായത് എന്റെ ജീവിതത്തിലെ മഹാഭാഗ്യമായി കരുതിയതെന്നും ഇതുമായി ബന്ധപ്പെട്ട ഏത് അന്വേഷണത്തിനും സഹകരിക്കുമെന്നും ജയറാം വ്യക്തമാക്കി.
അതേസമയം, ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് എ.പത്മകുമാറിന്റെ ഭൂമി ഇടപാടുകളിലും അന്വേഷണം വ്യാപിപ്പിച്ച് എസ്ഐടി. പത്മകുമാറിന്റെ പന്തളത്തെ വീട്ടിൽ നിന്നും കണ്ടെത്തിയ രേഖകളുടെ കൂടി അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്. ദേവസ്വം ബോർഡ് പ്രസിഡന്‍റ് ആയതിനുശേഷം ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി പത്മകുമാർ സാമ്പത്തിക ഇടപാടുകൾ നടത്തിയതായി പ്രത്യേക അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. സ്വർണക്കൊള്ള കേസിൽ എ പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങും. ഇതിനായി തിങ്കളാഴ്ച കൊല്ലം വിജിലൻസ് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകാനാണ് തീരുമാനം.