ആശാ സമരം: ഐഎഎസ് ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ കമ്മിറ്റി നിയോഗിക്കാന്‍ നീക്കം
സമരക്കാരുമായി ചർച്ച നടത്താൻ മന്ത്രി വി.ശിവൻകുട്ടി
തിരുവനന്തപുരം: ആശമാരുടെ ആവശ്യങ്ങൾ പഠിക്കാൻ കമ്മിറ്റിയെ നിയോഗിച്ച് മുന്നോട്ടുപോകാനുള്ള നീക്കവുമായി സർക്കാർ. ഐഎഎസ് ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിലായിരിക്കും കമ്മിറ്റി. ആരോഗ്യവകുപ്പിന് പുറമേ ധന-തൊഴിൽ വകുപ്പ് അംഗങ്ങളും കമ്മിറ്റിയിൽ ഉണ്ടാകും. ഇന്ന് തൊഴിൽ മന്ത്രി വി.ശിവൻകുട്ടി സമരക്കാരുമായി ചർച്ച നടത്തും.
സമരം ചെയ്യുന്ന ആശമാരുമായി മൂന്നുവട്ടം ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ചർച്ച നടന്നു. ആവശ്യങ്ങളിൽ സർക്കാർ അനുഭാവപൂർവമായ നിലപാട് സ്വീകരിച്ചില്ലെന്ന് ആരോപിച്ച് ചർച്ച അലസി. അവസാനം നടന്ന ചർച്ചയിൽ ആവശ്യങ്ങൾ പഠിക്കാൻ കമ്മറ്റിയെ നിയോഗിക്കാം എന്ന് മന്ത്രി വീണാ ജോർജ് നിർദ്ദേശിച്ചു. ഇത് അംഗീകരിക്കാൻ ആശമാർ തയ്യാറായില്ല.
എന്നാൽ കമ്മിറ്റിയെ നിയോഗിച്ച് ആവശ്യങ്ങൾ പഠിക്കാനുള്ള നീക്കവുമായി മുന്നോട്ടു പോവുകയാണ് സർക്കാർ. ഇതിനായുള്ള നടപടികൾ വിവിധ വകുപ്പുകളും ആയി ഏകോപിപ്പിച്ച് തുടങ്ങി. ഇതിനിടയിൽ സമരക്കാരുടെ ആവശ്യ പ്രകാരം മന്ത്രി വി.ശിവൻകുട്ടി ഇന്ന് സമരസമിതിയുമായി ചർച്ച നടത്തും. ഉച്ചകഴിഞ്ഞ് 3 മണിക്ക് മന്ത്രിയുടെ ചേമ്പറിലാണ് ചർച്ച. സമരത്തിൽ ഇടപെടാമെന്ന് പറഞ്ഞിട്ടും സമര നേതൃത്വം തന്നെ നേരത്തെ സമീപിച്ചില്ലെന്ന് വി.ശിവൻകുട്ടി പറഞ്ഞിരുന്നു. സർക്കാർ നിയോഗിക്കുന്ന ഐഎഎസ് തലത്തിലുള്ള ഉന്നത ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിലെ കമ്മിറ്റി വിഷയങ്ങൾ പഠിച്ച് മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകും.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആശമാരുടെ കാര്യങ്ങൾ അംഗീകരിക്കാം എന്നാണ് സർക്കാർ നിലപാട്. ആരോഗ്യവകുപ്പിന് പുറമേ തൊഴിൽ വകുപ്പ് കൂടി ഇടപെട്ട പശ്ചാത്തലത്തിൽ പ്രശ്ന പരിഹാരത്തിന് വഴിതെളിയുമെന്നാണ് ആശമാരുടെ പ്രതീക്ഷ. രാപകൽ സമരം 57-ാം ദിവസത്തേക്ക് എത്തി. 19-ാം ദിവസമാണ് അനിശ്ചിതകാല നിരാഹാര സമരം.