Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കാസർകോട്: കാസർകോട് ചെറുവത്തൂരിൽ ദേശീയപാത നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. മണ്ണിനടിയിൽ കുടുങ്ങിയ രണ്ട് പേരെ രക്ഷപ്പെടുത്തി. ഇവരെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചെറുവത്തൂർ മട്ടലായി ദേശീയപാത നിർമാണത്തിനിടെ ഇന്ന് രാവിലെയാണ് അപകടം. ദേശീയ പാതയിലെ ജോലിക്കിടെ പെട്ടന്ന് കുന്ന് ഇടിഞ്ഞ് വീഴുകയായിരുന്നു. മണ്ണിനടിയിൽപ്പെട്ട മൂന്ന് തൊഴിലാളികളെയും ഏറെ പണി പെട്ടാണ് പുറത്തെടുത്തത്. നേരത്തെ തന്നെ കുന്നിടിയൽ ഭീഷണി നിലനിന്ന പ്രദേശമാണിത്.
കഴിഞ്ഞ മഴക്കാലത്ത് ദേശീയ പാതയിൽ മണ്ണിടിഞ്ഞ് അപകടം പതിവായിരുന്നു. ദേശീയപാത നിർമാണത്തിനിടെ അപകടമുണ്ടായ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മേഘ കമ്പനിയാണ് നിർമ്മാണ പ്രവർത്തനം നടത്തുന്നത്.