'വംശഹത്യയുടെ കാലത്ത് എന്തിനാണ് ഒരു സയണിസ്റ്റ് കവിയെ അതിഥിയായി കൊണ്ടുവന്നത് ?' കപടതയുടെ കാര്‍ണിവലില്‍ ഒരിക്കലും പങ്കെടുക്കില്ലെന്ന് ആദില്‍ മഠത്തില്‍

ഇസ്രായേൽ കവിയ്ക്കെതിരെ ലേഖനം എഴുതിയതിനാലാവാം പ്രതീക്ഷിച്ച പോലെ ഇക്കൊല്ലം കാർണിവലിന് ക്ഷണിക്കപ്പെട്ടില്ല

Update: 2025-01-17 04:36 GMT
Editor : Jaisy Thomas | By : Web Desk
Advertising

തൃശൂര്‍:  പട്ടാമ്പി ഗവ. സംസ്‌കൃത കോളേജ് മലയാള വിഭാഗം സംഘടിപ്പിക്കുന്ന 'കവിതയുടെ കാർണിവൽ' പരിപാടിക്കെതിരെ വിമർശനവുമായി യുവകവി ആദിൽ മഠത്തിൽ. ബഹുസ്വരതയുടെ മുദ്രാവാക്യങ്ങൾ മുഴക്കുന്നുണ്ടെങ്കിലും വിമർശനങ്ങൾ ഉന്നയിക്കുന്നവരെ പുറത്താക്കുകയാണ് കാർണിവൽ നടത്തിപ്പുകാരുടെ രീതിയെന്നാണ് ആദിൽ ആരോപിക്കുന്നത്. വ്യാഴാഴ്ച ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റിലാണ് ആദിൽ വിമർശനങ്ങൾ പങ്കുവയ്ക്കുന്നത്.

'ഏകം അനേകം' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് കവിതയുടെ കാർണിവലിന്റെ എട്ടാം പതിപ്പ് വെള്ളിയാഴ്ച (ജനുവരി 17) ആരംഭിക്കുക. എന്നാൽ കഴിഞ്ഞ പതിപ്പുകളിൽ ക്ഷണമുണ്ടായിരുന്ന ആദിലിനെ ഇത്തവണ സംഘാടകർ ഒഴിവാക്കി. 2024ൽ നടന്ന ഏഴാം പതിപ്പിൽ സയണിസ്റ്റ് കവി ആമിർ ഒമറിനെ മുഖ്യാതിഥിയായി ക്ഷണിച്ചതിനെതിരെ പ്രതിഷേധിക്കുകയും ലേഖനങ്ങൾ എഴുതുകയും ചെയ്തതാണ് കാരണമെന്നാണ് ഫേസ്ബുക് പോസ്റ്റിൽ ആദിൽ പറയുന്നത്. 'കപടതയുടെ ഈ കാർണിവലിന് ഇനി ഞാനില്ല !' എന്ന തലക്കെട്ടോടെയാണ് ആദിലിന്റെ കുറിപ്പ്.

'അതിരുകൾ മായുന്നു' എന്നായിരുന്നു പരിപാടിയുടെ ഏഴാം പതിപ്പിന്റെ പ്രമേയം. അവിടെ ഒരു സയണിസ്റ്റ് കവിയെ കൊണ്ടുവരികയും ഇസ്രായേൽ നടത്തുന്ന വംശഹത്യയെ അനുകൂലിച്ച് സംസാരിക്കാൻ അനുവദിക്കുകയും ചെയ്തതിനെ ആദിൽ ചോദ്യം ചെയ്തിരുന്നു. ഫലസ്തീനുവേണ്ടി കവിതകൾ രചിക്കുന്ന കവി കെ സച്ചിദാനന്ദൻ ഉൾപ്പെടെ പങ്കെടുത്ത സെഷനിലായിരുന്നു ആമിർ ഒമറിന്റെ പരാമർശങ്ങളെന്നും ആദിൽ ചൂണ്ടിക്കാട്ടുന്നു. ഈ വിഷയത്തിൽ സച്ചിദാനന്ദൻ ഉൾപ്പെടെ സ്വീകരിച്ച നിലപാടിനെതിരെ ഓൺലൈൻ മാധ്യമമായ 'കേരളീയ'ത്തിൽ ആദിൽ ലേഖനമെഴുതുകയും ചെയ്തിരുന്നു. അത്തരം വിമർശനങ്ങളോടുള്ള അസഹിഷ്ണുതയാണ് പരിപാടിയുടെ സംഘാടകർക്കെന്നും യുവകവി ആരോപിക്കുന്നു. അതിനാലാണ് തന്നെ എട്ടാം പതിപ്പിലേക്ക് ക്ഷണിക്കാതിരുന്നതെന്നും ആദിൽ പോസ്റ്റിൽ കുറിച്ചു.

പോസ്റ്റിന്റെ പൂർണരൂപം

കപടതയുടെ ഈ കാർണിവലിന് ഇനി ഞാനില്ല ! കവിതയുടെ കാർണിവലിനു വരുന്നില്ലേ.. ?? എന്നു ചോദിച്ചു കവി സുഹൃത്തുക്കൾ പലരായി വിളിക്കുന്നു. കഴിഞ്ഞ കുറെ വർഷങ്ങളായി കാർണിവലുമായി പല നിലയ്ക്ക് സഹകരിച്ചിട്ടുള്ളതിനാൽ ( വിവർത്തന ശിൽപ്പശാലകളിലും, ഫെസ്റ്റിവൽ ബുക്ക്‌ എഡിറ്റിങ്ങിലും ഉൾപ്പെടെ ) വീണ്ടും കണ്ടുമുട്ടാനുള്ള സ്നേഹത്തോടെ വിളിക്കുന്ന ഓരോരുത്തരോടും മറുപടി പറയുമ്പോഴും മനസ്സ് വിഷമിക്കുന്നതിനാലും ഇനിയും ഇക്കാര്യങ്ങൾ ആവർത്തിക്കാൻ വയ്യാത്തതിനാലുമാണ് തുറന്ന് പറയുന്നത്.

കവിതയുടെ കാർണിവലിൽ ഇനി ഞാൻ പങ്കെടുക്കുകയില്ല ! കവിതയുടെ ജനാധിപത്യ വേദി എന്ന നിലയ്ക്കാണ് ഓരോ കാർണിവലിലും പങ്കാളിയായിട്ടുള്ളത്. ഏകം, അനേകം എന്നതാണ് ഇക്കുറി കാർണിവൽ തീം. അതിരുകൾ മായുന്നു എന്നായിരുന്നു കഴിഞ്ഞ തവണത്തേത്. എന്നാൽ ബഹുസ്വരതയുടെ ഈ സങ്കൽപ്പനങ്ങൾ മുദ്രാവാക്യങ്ങളാക്കുമ്പോഴും എതിരൊലികൾക്ക്‌ ഇടമില്ലാത്ത മാറ്റൊലികളുടെ കാർണിവൽ ആയിരിക്കുന്നു ഇപ്പോൾ കവിതയുടെ കാർണിവൽ.

കഴിഞ്ഞ തവണ കവിതയുടെ കാർണിവലിൽ 'അതിരുകൾ മായ്ച്ചു കളഞ്ഞത്' സയണിസ്റ്റ് കവി ആമിർ ഓറിനെ മുഖ്യാതിഥിയായി ക്ഷണിച്ചാണ്. ഫലസ്തീനിൽ ഇസ്രായേൽ വംശഹത്യ ഉഗ്രരൂപം പ്രാപിക്കുന്ന നാളുകളിലാണ് കവിതയുടെ കാർണിവലിൽ ഒരു സയണിസ്റ്റ് കവി മുഖ്യാതിഥിയായി ആനയിക്കപ്പെട്ടത്! കവി കെ. സച്ചിദാനന്ദൻ ഉൾപ്പെടെ പങ്കെടുത്ത സെഷനിലാണ് ആമിർ ഓർ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ കപടപ്രചാരണം ആവർത്തിച്ചത്. “ഫലസ്തീനിൽ നടക്കുന്നത് ഒരു വംശഹത്യയാണെന്ന് പറയാനാവില്ല. അവിടെ കൊല്ലപ്പെട്ട 25,000 പേരിൽ 8,000 പേരും ജിഹാദികളാണ്. സാധാരണക്കാരായ മനുഷ്യരെ അവ‍ർ മനുഷ്യകവചമായി ഉപയോഗപ്പെടുത്തുകയാണ്.”

ഗസ്സയിൽ കൊല്ലപ്പെട്ട കുഞ്ഞുങ്ങളും സ്ത്രീകളും എല്ലാം ജിഹാദികളും, മനുഷ്യ കവചങ്ങളും മാത്രമാണെന്ന നെതന്യാഹുവിന്റെ വാചകങ്ങളാണ് ആമിർ ഓർ സച്ചിദാനന്ദനെ പോലെ പലസ്തീൻ വിമോചന കവിതകൾ എഴുതുകയും മൊഴിമാറ്റുകയും ചെയ്ത ഒരു കവിയ്ക്ക് മുന്നിൽ ഇരുന്നു പറഞ്ഞത്.

ആ വേദിയ്ക്ക് മുന്നിൽ തനിച്ചു നിന്നു പ്രതിഷേധിക്കുമ്പോഴും വംശഹത്യയെ ന്യായീകരിക്കുന്ന വാചകങ്ങൾ തൊട്ടടുത്തിരുന്ന് ആമിർ ഓർ ആവർത്തിക്കുമ്പോഴും അദ്ദേഹം മഹാമൗനത്തിൽ ആയിരുന്നു. എന്നുമാത്രമല്ല പിന്നീട് ആമിർ ഓറിന്റെ ഈ പ്രതികരണത്തെ പ്രശ്നവത്കരിച്ച് 'വംശഹത്യയെ പിന്തുണക്കുന്ന ഇസ്രായേൽ കവിയ്ക്ക് വേദിയൊരുക്കുന്നത് എന്തിന്?' എന്നു ചോദിച്ചുകൊണ്ട് ഞാൻ കേരളീയം വെബ് മാഗസിനിൽ ഒരു ലേഖനം എഴുതിയപ്പോൾ അതിനോടും പലയിടത്തായി അദ്ദേഹം നടത്തിയ പ്രതികരണങ്ങൾ..

കേട്ടില്ല, കണ്ടില്ല, മൈക്ക് ശെരിയായിരുന്നില്ല എന്ന മട്ടിലാണ്. ഒരു മണിക്കൂറിൽ ഏറെ നേരം ആ സെഷനിൽ ഇരുന്ന് ആമിർ ഓറുമായി സച്ചിദാനന്ദനും ശ്യാം സുധാകറും സംസാരിച്ച ശേഷമാണ് ആമിർ ഓറിൽ നിന്നും ഈ പ്രതികരണങ്ങൾ ഉണ്ടായത്. എന്നാൽ വംശഹത്യാ പിന്തുണ മാത്രം ഇരുവർക്കും കേൾവിപ്പെട്ടില്ല. അവർക്ക് മുന്നിൽവെച്ചു പ്രതിഷേധിച്ചിട്ടും കാണപ്പെട്ടില്ല. എന്നു മാത്രമല്ല, ആമിർ ഓറിന് എതിരെ ഒരു വാചകം പോലും പിന്നീട് ഒരിക്കലും അദ്ദേഹം പൊതുവിടങ്ങളിൽ എവിടെയും എഴുതിയോ പറഞ്ഞോ കണ്ടിട്ടില്ല. ഞാൻ അദ്ദേഹത്തെ വെറുതെ ആക്ഷേപിച്ചു എന്ന മട്ടിലായിരുന്നു സച്ചിദാനന്ദന്റെ പ്രതികരണങ്ങൾ.

ഇതിനു സമാനമാണ് കവിതയുടെ കാർണിവൽ നടത്തിപ്പുകാരുടെയും നിലപാട്. ‘വംശഹത്യ തുടരുന്ന ഈ സാഹചര്യത്തിലും വംശഹത്യയെ പിന്തുണക്കുകയും ഇസ്രായേലിനെ ന്യായീകരിക്കുകയും ചെയ്യുന്ന ഒരു കവിയെ നിങ്ങൾ വിശിഷ്ടാതിഥിയായി ക്ഷണിച്ചത് എന്തുകൊണ്ടാണ് ?’ എന്ന് കാർണിവൽ സംഘാടകരിൽ പലരോടും ചോദിച്ചിട്ടും. മതിയായൊരു മറുപടിയുണ്ടായില്ല. "ഇതിന് മുമ്പ് ആമിർ ഓറിനെ കുറിച്ചുള്ള ആദിലിന്റെ ധാരണയെന്തായിരുന്നു ?” എന്നു തിരിച്ചു ചോദിക്കുക മാത്രമായായിരുന്നു ഫെസ്റ്റിവൽ ഡയറക്ടർ പി. പി. രാമചന്ദ്രൻ. കവിതയുടെ വേദിയിൽ ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നത് എന്തിനാണ് ? എന്നായിരുന്നു സ്വകാര്യ സംഭാഷണത്തിൽ അദ്ദേഹത്തിന്റെ പ്രതികരണം. ഇത്തരം ചോദ്യങ്ങൾ എല്ലാം ഒഴിവാക്കിയാണ് സച്ചിദാനന്ദനും ശ്യാമും ആമിർ ഓറിന്റെ കവിതകൾ മൊഴിമാറ്റി വായിച്ചതും വർത്തമാനം പറഞ്ഞതും.

ഈ കാപട്യം അന്ന് തന്നെ തിരിച്ചറിഞ്ഞതിനാലാണ് വംശഹത്യയുടെ സമയത്ത് കൊൽക്കത്ത മുതൽ കേരളം വരെ കവിതയുടെ വിവിധ വേദികളിൽ ഈ കവി നിരന്തരം അതിഥിയാവുന്നത് പ്രശ്നവത്കരിച്ചത്. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങൾ ഉണ്ടായി. ഇസ്രായേലിനെ പിന്തുണക്കുന്ന മലയാളത്തിലെ പല സംഘി ചാനലുകളിൽ നിന്നും വിമർശനങ്ങൾ പുറപ്പെട്ടു. എന്നാൽ The New Comrade, Middle East Mirror ഉൾപ്പെടെ അന്താരാഷ്ട്ര മാധ്യമങ്ങളിൽ ഈ വിഷയം റിപ്പോർട്ട് ചെയ്തു. ചന്ദ്രിക ആഴ്ചപ്പതിപ്പ് ആ ലേഖനം പുന:പ്രസിദ്ധീകരിച്ചു. എന്നാൽ മഹാമൗനം മാത്രമാണ് കവിതയുടെ കാർണിവൽ നടത്തിപ്പുകാരുടെ ഭാഗത്തു നിന്നും ഉണ്ടായത്.

ആധുനികതയുടെ രാഷ്ട്രീയ കവിയായി അറിയപ്പെടുന്ന കെ. സച്ചിദാനന്ദനും, ബഹുസ്വരതയുടെ ജനാധിപത്യ മുദ്രാവാക്യങ്ങൾ മുഴക്കുന്ന കവിതയുടെ കാർണിവൽ നടത്തിപ്പുകാരും ഫെസ്റ്റിവൽ ഡയറക്ടർ പി. പി രാമചന്ദ്രനും അവരുടെ വേദിയിൽ വംശഹത്യയെ പിന്തുണച്ച് ഒരു ഇസ്രായേൽ കവി നടത്തിയ ഹീനമായ വാചകങ്ങൾക്ക്‌ എതിരെ പ്രതികരിക്കാതിരുന്നത് ? ഒരിക്കൽ പോലും വിമർശിക്കാതിരുന്നത് ? വംശഹത്യയുടെ കാലത്ത് എന്തിനാണ് ഒരു സയണിസ്റ്റ് കവിയെ അതിഥിയായി കൊണ്ടുവന്നത് ? ഈ ചോദ്യങ്ങൾക്ക്‌ ഇനി മറുപടി ലഭിക്കും എന്ന് എനിക്ക് പ്രതീക്ഷയില്ല. ഇസ്രായേൽ കവിയ്ക്കെതിരെ ലേഖനം എഴുതിയതിനാലാവാം പ്രതീക്ഷിച്ച പോലെ ഇക്കൊല്ലം കാർണിവലിന് ക്ഷണിക്കപ്പെട്ടില്ല.

മുൻവർഷങ്ങളിൽ ക്ഷണിച്ചവരെ മാറ്റിനിർത്തുന്നതാവും എന്നു കരുതി നോക്കുമ്പോൾ പലകുറി വന്നവരും, സ്ഥിരം മുഖങ്ങളും ഇക്കുറിയും ഉണ്ട്. അതിനാൽ കൂട്ടുകാരുടെ ചോദ്യങ്ങൾക്കുള്ള മറുപടി കാർണിവൽ നടത്തിപ്പുകാരുടെ ഈ പ്രതികരണമാണ്. വിദ്യാർത്ഥിയായിരുന്ന കാലം മുതൽ പല നിലകളിൽ പങ്കെടുത്തുവരുന്ന കാർണിവലാണ്. എത്രയോ രാപകലുകൾ കവിതയിൽ മുഴുകിയ കാർണിവലാണ്. മറ്റൊരിടത്ത് നിന്നും ഇങ്ങനെ മാറ്റിനിർത്തുന്നത് ഇത്രമാത്രം വിഷമിപ്പിക്കുകയില്ല, വേറെ വേദികൾ ഇല്ലാഞ്ഞിട്ടുമല്ല.

കേരളത്തിലെ പ്രധാനപ്പെട്ട സാഹിത്യോത്സവങ്ങളിലേക്കെല്ലാം ഇക്കൊല്ലം ക്ഷണവുമുണ്ട്. പക്ഷെ പ്രിയപ്പെട്ട സുഹൃത്തുക്കളെ,വിമർശനങ്ങൾ ഉന്നയിക്കുന്നവരെ പുറന്തള്ളി ബഹുസ്വരതയുടെ മുദ്രാവാക്യങ്ങൾ മുഴക്കുന്ന കപടതയുടെ കാർണിവലിൽ ഒരു കാഴ്ചക്കാരനായി പോലും ഇനി ഞാൻ പങ്കെടുക്കുകയില്ല.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News