Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ന്യൂഡൽഹി: ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ 25 വയസുകാരിയായ യുവതി അറസ്റ്റിൽ. ഡൽഹി നിഹാൽ വിഹാറിലായിരുന്നു സംഭവം. ബറേലി സ്വദേശിയായ എം.ഡി സാഹിദ് (32) ആണ് കൊല്ലപ്പെട്ടത്. പ്രതി കൊലപാതകത്തെ ആത്മഹത്യയായി ചിത്രീകരിക്കാൻ ശ്രമിച്ചുവെന്നും ആരോപണമുണ്ട്.
ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് രണ്ടര വർഷമായി. ഇരുവരും ബറേലി സ്വദേശികളാണ്. ഭർത്താവുമൊത്തുള്ള ജീവിതത്തിൽ ലൈംഗികമായി തൃപ്തയല്ലെന്നും ഓൺലൈൻ ചൂതാട്ടം കാരണം സാഹിദിന് വലിയ കടബാധ്യതയുണ്ടെന്നും ചോദ്യം ചെയ്യലിൽ പ്രതിയായ ഭാര്യ പൊലീസിനോട് പറഞ്ഞു. ബറേലിയിൽ താമസിക്കുന്ന കസിനുമായി ഭർത്താവിന് ബന്ധമുണ്ടായിരുന്നുവെന്നും യുവതി ആരോപിച്ചു.
ജൂലൈ 20നായിരുന്നു സഞ്ജയ് ഗാന്ധി മെമ്മോറിയൽ ആശുപത്രിയിൽ നിന്ന് യുവാവിന്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് ആശുപത്രി അധികൃതർ പൊലീസിനെ വിവരമറിയിച്ചത്. യുവാവിന്റെ വയറ്റിൽ ആഴത്തിൽ മുറിവുകൾ കണ്ടെത്തിയെന്നായിരുന്നു മെഡിക്കൽ റിപ്പോർട്ട്. എന്നാൽ ചൂതാട്ടത്തിൽ വന്ന കടബാധ്യതകൾ സഹിക്കാതെ സാഹിദ് ആത്മഹത്യ ചെയ്തതാണെന്ന ഭാര്യയുടെ വാദത്തിൽ ആശുപത്രി അധികൃതർക്ക് സംശയം തോന്നുകയായിരുന്നു. ഏതോ ഗുളികകൾ എടുത്ത് കഴിച്ചുവെന്നും തുടർന്ന് ഛർദിയും അബോധാവസ്ഥയും വരുകയായിരുന്നുവെന്നുമാണ് യുവതിയുടെ ആദ്യ മൊഴിയെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ സച്ചിൻ ശർമ്മ പറഞ്ഞു.
യുവാവ് മരിച്ച ദിവസം തന്നെ പൊലീസ് സംഭവസ്ഥലം പരിശോധിച്ചിരുന്നു. എന്നാൽ പൊലീസ് എത്തുന്നതിന് മുമ്പ് യുവതി വീട് വൃത്തിയാക്കിയിരുന്നു. എന്നാൽ ഇവരുടെ ഇന്റർനെറ്റ് ബ്രൗസിങ് ഹിസ്റ്ററിയിൽ ഒരാളെ എങ്ങനെ കൊല്ലാം എന്നതുമായി ബന്ധപ്പെട്ട സെച്ചുകൾ ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിൽ എന്തെങ്കിലും തരത്തിൽ പങ്കുണ്ടോ എന്ന് അന്വേഷിക്കുന്നതിനായി ബറേലിയിലെ യുവാവിന്റെ കസിന്റെ വീട്ടിലേക്ക് പൊലീസ് സംഘത്തെ അയച്ചിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.