'അമേഠിയിൽ നിന്നിരുന്നെങ്കിൽ തോൽപിക്കുമായിരുന്നു, രാഹുലിനെ ഇനി വിമര്‍ശിക്കാനില്ല'; സ്മൃതി ഇറാനി
2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ അമേഠിയിൽ രാഹുൽ ഗാന്ധിയെ സ്മൃതി ഇറാനി പരാജയപ്പെടുത്തിയിരുന്നു
ഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ സ്ഥിരം വിമര്‍ശക ആയിരുന്നു ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി. എന്നാൽ കുറച്ചുകാലമായി സ്മൃതി രാഹുലിനെതിരെ തിരിയാറില്ല. രാഹുൽ ഗാന്ധിയെ ആക്രമിക്കുക എന്നത് തന്‍റെ ഉത്തരവാദിത്തങ്ങളിൽ ഉൾപ്പെടുന്നില്ലെന്നാണ് സ്മൃതി ഇപ്പോൾ വ്യക്തമാക്കിയിരുന്നത്. രാഹുലിനെ ഇനി വിമര്‍ശിക്കാനില്ലെന്നും ഇന്ത്യാ ടുഡേക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ അവര്‍ പറഞ്ഞു.
‘മത്സരരംഗത്തേക്ക് അവരിറങ്ങുന്നില്ല. അപ്പോൾപ്പിന്നെ ഞാനെന്താണ് പറയേണ്ടത്? എനിക്കവരുടെ പിന്നാലെ പോകാനാകില്ലല്ലോ’- സ്‌മൃതി ഇറാനി പറഞ്ഞു. 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ അമേഠിയിൽ രാഹുൽ ഗാന്ധിയെ സ്മൃതി ഇറാനി പരാജയപ്പെടുത്തിയിരുന്നു. ദീർഘകാലം മത്സരിച്ച അമേഠിയിൽനിന്ന് 2024ലെ തെരഞ്ഞെടുപ്പിൽ രാഹുൽ മാറി റായ്ബറേലിൽ നിന്ന് മത്സരിച്ചാണ് ജയിച്ചത്. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു സ്‌മൃതിയുടെ പ്രതികരണം.
ഗാന്ധി കുടുംബം വയനാട്ടിൽ നിന്ന് മത്സരിക്കാൻ തീരുമാനിച്ചത് അവിടുത്തെ അനുകൂലമായ സാമൂഹിക ജനസംഖ്യാശാസ്‌ത്രം മൂലമാണെന്ന് സ്മൃതി ഇറാനി അഭിമുഖത്തിനിടെ ചൂണ്ടിക്കാട്ടി."ബുദ്ധിമാനായ ഒരു നേതാവും പരാജയം ഉറപ്പുള്ള ഒരു സീറ്റ് സ്വമേധയാ തെരഞ്ഞെടുക്കില്ല. അത്തരമൊരു സീറ്റ് നൽകിയാൽ അത് പാർട്ടിയോടുള്ള കടമയുടെ പേരിൽ മാത്രമാണ്. എന്നാൽ 2019 ൽ, അസാധ്യമായതിനെ ഞാൻ സാധ്യമാക്കി മാറ്റി" അവര്‍ കൂട്ടിച്ചേര്‍ത്തു. 2014-ൽ അമേഠിയിൽ താൻ നേരിട്ട തോൽവിയെക്കുറിച്ച് ഇറാനി പരാമര്‍ശിച്ചു. അടുത്ത അഞ്ച് വർഷം വിശ്രമമില്ലാതെ പ്രവർത്തനനിരതയായി എന്നും അവര്‍ പറഞ്ഞു. "ഞാൻ സ്വയം അഴുക്കുചാലുകൾ വൃത്തിയാക്കി, ഗ്രാമങ്ങളിൽ വൈദ്യുതി എത്തിച്ചു, ഒരു ലക്ഷത്തിലധികം വീടുകൾ നിർമ്മിച്ചു, ഒരു മെഡിക്കൽ കോളജ്, 200 കിടക്കകളുള്ള ഒരു ആശുപത്രി, ഒരു കലക്ടറുടെ ഓഫീസ്, ഒരു ഒരു ഫയർ സ്റ്റേഷൻ പോലും സ്ഥാപിച്ചു," സ്മൃതി അവകാശപ്പെട്ടു.
2024 ൽ മത്സരിച്ചിരുന്നെങ്കിൽ രാഹുൽ ഗാന്ധിയെ വീണ്ടും തോൽപ്പിക്കാൻ ഇറാനിക്ക് കഴിയുമായിരുന്നോ എന്ന് മാധ്യമപ്രവര്‍ത്തക അഞ്ജന ഓം കശ്യപ് ചോദിച്ചപ്പോൾ, "തീർച്ചയായും, അതുകൊണ്ടാണ് അദ്ദേഹം മത്സരിക്കാത്തത്" എന്നായിരുന്നു സ്മൃതിയുടെ മറുപടി. അമേഠിയോട് തനിക്ക് വൈകാരികമായ ബന്ധമാണുള്ളതെന്നും അവര്‍ പറഞ്ഞു. “ഞാൻ ജോലി ചെയ്തില്ലായിരുന്നെങ്കിൽ, എന്റെ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന് ആളുകൾ പറഞ്ഞിരുന്നെങ്കിൽ, അത് കൂടുതൽ വേദനിപ്പിക്കുമായിരുന്നു. പക്ഷേ എനിക്ക് കഴിയുന്നതെല്ലാം ഞാൻ ചെയ്തു” മുൻ കേന്ദ്രമന്ത്രി പറഞ്ഞു.