‘എന്റെ കയ്യിലുള്ള ഈ വസ്തുവില്ലേ, ഇതിന് ഒരു വിലയുമില്ല’; ഇന്ത്യൻ പാസ്പോർട്ട് മൂലം നേരിട്ട ദുരിതം പങ്കുവച്ച് വ്ലോഗർ
2025ലെ ഹെൻലി പാസ്പോർട്ട് സൂചിക പ്രകാരം ലോകത്തിലെ ഏറ്റവും മൂല്യമുള്ള പാസ്പോർട്ടുകളിൽ 85ാം സ്ഥാനത്താണ് ഇന്ത്യ
ന്യൂഡൽഹി: ഇന്ത്യൻ പാസ്പോർട്ടുമായി സഞ്ചരിക്കവേ താൻ നേരിട്ട ദുരിതങ്ങൾ പങ്കുവച്ച് പ്രമുഖ യാത്രാ വ്ലോഗർ. ഇൻസ്റ്റാഗ്രാമിൽ 'ഓൺ റോഡ് ഇന്ത്യൻ' എന്ന പേരിൽ അറിയപ്പെടുന്ന വ്ലോഗറാണ് അനുഭവങ്ങൾ പങ്കുവെച്ച് വീഡിയോ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തത്. രണ്ട് ദിവസം കൊണ്ട് എട്ട് മില്യൺ ആളുകൾ കണ്ട വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.
‘എന്റെ കയ്യിലുള്ള ഈ വസ്തുവില്ലേ, ഇതിന് ഒരു വിലയുമില്ല’ -ഇന്ത്യൻ പാസ്പോർട്ട് ചൂണ്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു. ‘മലേഷ്യ, ശ്രീലങ്ക, തായ്‌ലൻഡ് പോലുള്ള രാജ്യങ്ങൾ കണ്ട് സന്തോഷിക്കേണ്ട, വലിയ രാജ്യങ്ങളിൽ ഈ പാസ്പോർട്ട് ഉപയോഗിച്ച് യാത്ര ചെയ്‌താൽ ബുദ്ധിമുട്ടും’ -അദ്ദേഹം കൂട്ടിച്ചേർത്തു.
വിസയില്ലാതെയും ഓൺ-അറൈവൽ വിസയും വഴി പ്രവേശനം നൽകുന്ന രാജ്യങ്ങൾ ഇന്ത്യൻ പാസ്പോർട്ടുമായി യാത്ര ചെയ്യുമ്പോൾ മനപ്പൂർവം പ്രവേശനം വിലക്കുന്നു. ജോർദാനിൽ പോയ സമയത്ത് തന്റെ ഇന്ത്യൻ പാസ്പോർട്ട് കണ്ടതിന് പിന്നാലെ വിസ നൽകാതെ തന്നെ അവർ മടക്കി. ഇന്ത്യൻ പാസ്പോർട്ടുകൾക്ക് 24 മണിക്കൂർ മാത്രം വിസ ഫ്രീ ട്രാൻസിസ്റ്റ് അനുവദിക്കുന്ന ചൈന മറ്റുരാജ്യങ്ങൾക്ക് പത്ത് ദിവസമാണ് നൽകുന്നതെന്നും വ്ലോഗർ പറയുന്നു.
‘അമിതാ ബച്ചനേയും ഷാരൂഖ് ഖാനെയും പറ്റി വാചാലരാവുന്ന അവർ രേഖകൾ പരിശോധിക്കുമ്പോൾ നമ്മെ വിശ്വസിക്കുന്നില്ല. എന്റെ കയ്യിൽ ആവശ്യത്തിന് പണമുണ്ട്, എല്ലാ രേഖകളുമുണ്ട്, എന്റെ മുൻ യാത്രകൾ എല്ലാം മികച്ചതാണ്. എന്നിട്ടും പാസ്പോർട്ട് കാണുമ്പോൾ അവർ എന്നെ പരിശോധിക്കുന്നു, പലപ്പോഴും യാത്ര തടയുന്നു’ -അദ്ദേഹം വീഡിയോയിൽ പറഞ്ഞു. 2025ലെ ഹെൻലി പാസ്പോർട്ട് സൂചിക പ്രകാരം ലോകത്തിലെ ഏറ്റവും മൂല്യമുള്ള പാസ്പോർട്ടുകളിൽ 85ാം സ്ഥാനത്താണ് ഇന്ത്യ.