2027 യുപി നിയമസഭാ തെരഞ്ഞെടുപ്പിലും ഇൻഡ്യാ സഖ്യം; ബിജെപി 'ഭൂമാഫിയാ പാർട്ടി': അഖിലേഷ് യാദവ്

ഭൂമി തട്ടിയെടുക്കാൻ വേണ്ടിയാണ് ബിജെപി വഖഫ് ഭേദഗതി നിയമം കൊണ്ടുവന്നിരിക്കുന്നതെന്ന് അഖിലേഷ് യാദവ് ആരോപിച്ചു.

Update: 2025-04-20 12:48 GMT
Advertising

ലഖ്‌നൗ: 2027ൽ നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ ഇൻഡ്യാ സഖ്യം ഒരുമിച്ച് മത്സരിക്കുമെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ഭൂമി പിടിച്ചെടുക്കാനുള്ള ബിജെപിയുടെ ആസൂത്രിത നീക്കമാണ് വഖഫ് ഭേദഗതി നിയമമെന്നും അഖിലേഷ് പറഞ്ഞു.

ഭൂമി തട്ടിയെടുക്കാൻ വേണ്ടിയാണ് ബിജെപി വഖഫ് ഭേദഗതി നിയമം കൊണ്ടുവന്നിരിക്കുന്നത്. എവിടെ ഭൂമി കണ്ടാലും അവർ അത് കൈവശപ്പെടുത്തുന്നു. ബിജെപി ഭൂമാഫിയ പാർട്ടിയാണെന്നും അഖിലേഷ് പറഞ്ഞു.

പിന്നാക്ക ദലിത് ന്യൂനപക്ഷ വിഭാഗങ്ങളുടെ കൂട്ടായ്മയായ പിഡിഎ അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കുന്നതിൽ നിർണായക പങ്കുവഹിക്കുമെന്നും അഖിലേഷ് വ്യക്തമാക്കി. ഇൻഡ്യാ സഖ്യം ഇപ്പോഴും നിലനിൽക്കുന്നുണ്ട്, അത് ഭാവിയിലും തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ഇൻഡ്യാ സഖ്യം അധികാരത്തിലെത്തിയാൽ കുംഭമേളയുടെ നടത്തിപ്പിലുണ്ടായ വീഴ്ച അന്വേഷിക്കുമെന്നും അഖിലേഷ് പറഞ്ഞു. കുംഭമേളയിലെ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ എണ്ണം സർക്കാർ പുറത്തുവിട്ടത് തെറ്റാണ്. നിരീക്ഷണ സംവിധാനങ്ങളിൽ വലിയ വീഴ്ചയുണ്ടായിട്ടുണ്ട്. അപകടത്തിൽ മരിച്ചവരുടെ മരണകാരണം തിരുത്താൻ ഇരകളുടെ കുടുംബങ്ങളിൽ സംസ്ഥാന സർക്കാർ സമ്മർദം ചെലുത്തുകയാണെന്നും അഖിലേഷ് ആരോപിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News