'ജുഡീഷ്യറിയെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള ശ്രമം': ചീഫ് ജസ്റ്റിസിനെ വിമർശിച്ച ബിജെപി എംപിമാർക്കെതിരെ കോൺഗ്രസ്
''തങ്ങൾക്ക് അനുകൂലമല്ലാത്ത തീരുമാനങ്ങളുണ്ടാകുമ്പോൾ ജുഡീഷ്യറിയെ ഭീഷണിപ്പെടുത്തുന്നു. സുപ്രിംകോടതി സ്വമേധയാ കേസെടുക്കണം''
ന്യൂഡല്‍ഹി: വഖഫ് ഭേദഗതി നിയമത്തില്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസിനെ വിമർശിച്ചുള്ള ബിജെപി എംപിമാരുടെ പ്രതികരണത്തിനെതിരെ കോണ്‍ഗ്രസ് രംഗത്ത്.
ബിജെപി എംപി നിഷികാന്ത് ദുബെക്കെതിരെ ലോക്സഭ സ്പീക്കർ നടപടി എടുക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ആവശ്യപ്പെട്ടു.
' അങ്ങേയറ്റം ഭരണഘടന വിരുദ്ധമായ പ്രസ്താവനയാണ് നിഷികാന്ത് ദുബെയുടെത്. രാജ്യത്തിന്റെ ആരോഗ്യകരമായ അവസ്ഥയ്ക്ക് ഗുരുതര ഭീഷണിയാണിത്. തങ്ങൾക്ക് അനുകൂലമല്ലാത്ത തീരുമാനങ്ങളുണ്ടാകുമ്പോൾ ജുഡീഷ്യറിയെ ഭീഷണിപ്പെടുത്തുന്നു. സുപ്രിംകോടതി സ്വമേധയാ കേസെടുക്കണമെന്നും'- കെ.സി വേണുഗോപാല്‍ പറഞ്ഞു.
'ഒരാളെ കൊണ്ട് ഒരു കാര്യം പറയിപ്പിക്കുക. എന്നിട്ട് തള്ളി പറയുകയാണ്. താക്കീത് കൊണ്ട് കാര്യമില്ല. എംപിമാർക്കെതിരെ നടപടിയെടുക്കാൻ ബിജെപി തയ്യാറാണോ എന്നും'- കെ.സി വേണുഗോപാല്‍ ചോദിച്ചു.
അതേസമയം എംപിമാരുടെ പരാമർശങ്ങൾ വ്യക്തിപരമാണെന്നും ഇക്കാര്യത്തിൽ പാർട്ടിക്ക് യോജിപ്പില്ലെന്നും വ്യക്തമാക്കിയ ബിജെപി അധ്യക്ഷൻ ജെ.പി നദ്ദ, ഇത്തരം പരാമർശങ്ങൾ ആവർത്തിക്കരുതെന്ന് ഇരുനേതാക്കൾക്കും നിർദേശം നൽകിയിരുന്നു.
സുപ്രിംകോടതി പരിധി വിടുകയാണെന്നും കോടതി നിയമങ്ങളുണ്ടാക്കാൻ തുടങ്ങുകയാണെങ്കിൽ പാർലമെന്റ് മന്ദിരം അടച്ചിടാമെന്നുമാണ് ജാര്‍ഖണ്ഡില്‍ നിന്നുള്ള ലോക്സഭാംഗമായ ദുബേ പറഞ്ഞത്. ദുബെയുടെ അഭിപ്രായത്തെ പിന്താങ്ങുന്ന പ്രസ്താവനയാണ് ഉത്തർപ്രദേശ് മുൻ ഉപമുഖ്യമന്ത്രി കൂടിയായ ദിനേശ് ശർമ്മ നടത്തിയത്.