രാജസ്ഥാനിൽ ദലിത് യുവാവിനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; ദേഹത്ത് മൂത്രമൊഴിച്ചെന്നും പരാതി

എസ്‌സി/എസ്ടി ആക്ട് അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഡിഎസ്പി അരവിന്ദ് കുമാർ പറഞ്ഞു.

Update: 2025-04-20 11:25 GMT
Advertising

ജയ്പൂർ: രാജസ്ഥാനിൽ 19കാരനായ ദലിത് യുവാവിനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയും ദേഹത്ത് മൂത്രമൊഴിക്കുകയും ചെയ്തതായി പരാതി. ഒരു വിവാഹ ഘോഷയാത്ര കണ്ടുകൊണ്ടിരിക്കുമ്പോൾ രണ്ടുപേർ യുവാവിനെ സമീപത്തെ ബസ് സ്റ്റാന്റിലേക്ക് വിളിച്ചുകൊണ്ടുപോവുകയായിരുന്നു. അവിടെ വെച്ച് യുവാവിനെ മർദിക്കുകയും ദേഹത്ത് മൂത്രമൊഴിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് ആരോപണം.

സികാറിലെ ഫത്തേപൂർ ഏരിയയിൽ ഏപ്രിൽ എട്ടിനാണ് സംഭവം നടന്നത്. ഒരാഴ്ച കഴിഞ്ഞ് ഏപ്രിൽ 16നാണ് യുവാവ് പരാതി നൽകിയത്. പീഡനത്തെ തുടർന്ന് യുവാവ് കടുത്ത മാനസികാഘാതത്തിൽ ആയിരുന്നു. അതുകൊണ്ടാണ് പരാതി നൽകാൻ വൈകിയത്. അക്രമികൾ തന്നെ സ്വകാര്യ ഭാഗത്തടക്കം അടിച്ചെന്നും ബലം പ്രയോഗിച്ച് വസ്ത്രങ്ങൾ അഴിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് യുവാവ് നൽകിയ പരാതിയിൽ പറയുന്നത്.

അവർ മദ്യപിച്ചിരുന്നു. ഒരു കുപ്പികൊണ്ടാണ് തന്നെ അടിച്ചത്. ജാതി അധിക്ഷേപം നടത്തിയെന്നും ദേഹത്ത് മൂത്രമൊഴിച്ചെന്നും യുവാവ് ആരോപിച്ചു. സംഭവത്തിന്റെ വീഡിയോ ചിത്രീകരിച്ച അക്രമികൾ സംഭവത്തെക്കുറിച്ച് ആരോടെങ്കിലും വെളിപ്പെടുത്തിയാൽ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവാവ് പറഞ്ഞു.

എസ്‌സി/എസ്ടി ആക്ട് അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഡിഎസ്പി അരവിന്ദ് കുമാർ പറഞ്ഞു. സംസ്ഥാനത്തെ യഥാർഥ ക്രമസമാധാന നില വെളിപ്പെടുത്തുന്നതാണ് സംഭവമെന്ന് പ്രതിപക്ഷനേതാവ് ടീക്കാറാം രാം ജുല്ലി പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News