'നീതി കിട്ടിയില്ലെങ്കിൽ ചിതാഭസ്മം അഴുക്കുചാലിൽ ഒഴുക്കണം'; ഭാര്യക്കെതിരെ വീഡിയോ ഇട്ട് യുവാവ് മരിച്ചു
നോയ്ഡയിലെ സിമന്റ് കമ്പനിയിൽ എൻജിനീയറായ മോഹിത് കുമാർ ആണ് മരിച്ചത്.
നോയ്ഡ: ഭാര്യയുടെ മാനസികപീഡനം സഹിക്കാനാവുന്നില്ലെന്ന് ആരോപിച്ച് യുവാവ് ജീവനൊടുക്കി. നോയ്ഡയിലെ സിമന്റ് കമ്പനിയിൽ എൻജിനീയറായ മോഹിത് കുമാർ ആണ് മരിച്ചത്.
തന്റെ ഭാര്യയും ബന്ധുക്കളും ചേർന്ന് മാനസികമായി പീഡിപ്പിക്കുകയാണ് എന്നാണ് ജീവനൊടുക്കുന്നതിന് മുമ്പ് ചെയ്ത വിഡിയോയിൽ മോഹിത് ആരോപിക്കുന്നത്. തങ്ങൾക്ക് പിറക്കാനിരുന്ന കുഞ്ഞിനെ ഭാര്യയുടെ മാതാവ് നിർബന്ധപൂർവം ഗർഭഛിദ്രത്തിലൂടെ നശിപ്പിച്ചുവെന്നും മോഹിത് പറയുന്നു. തന്റെ പേരിലുളള സ്വത്തുവകകൾ ഭാര്യയുടെ പേരിൽ എഴുതിക്കൊടുത്തില്ലെങ്കിൽ തനിക്കും മാതാപിതാക്കൾക്കുമെതിരെ ഗാർഹിക പീഡനത്തിന് കേസ് ഫയൽ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. ജീവിച്ചിരിക്കുമ്പോൾ നീതി കിട്ടിയില്ല. മരിച്ചതിന് ശേഷവും നീതി കിട്ടിയില്ലെങ്കിൽ തന്റെ ചിതാഭസ്മം അഴുക്കുചാലിൽ ഒഴുക്കണമെന്നും മോഹിത് വീഡിയോയിൽ പറയുന്നുണ്ട്.
ഉത്തർപ്രദേശിലെ ഔറൈയ ജില്ലക്കാരനാണ് മോഹിത്. നോയ്ഡയിലെ സിമന്റ് കമ്പനിയിൽ എൻജിനീയറായി ജോലി ചെയ്യുമ്പോഴാണ് പ്രിയ എന്ന യുവതിയെ പരിചയപ്പെടുന്നത്. ഏഴ് വർഷത്തോളം നീണ്ട പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്.
വിവാഹത്തിന് ശേഷം പ്രിയക്ക് ബിഹാറിലെ സമസ്തിപൂരിൽ പ്രൈമറി സ്‌കൂൾ അധ്യാപികയായി ജോലി ലഭിച്ചു. ജോലി കിട്ടുമ്പോൾ പ്രിയ ഗർഭിണിയായിരുന്നു. തുടർന്ന് പ്രിയയുടെ മാതാവ് നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തിച്ചുവെന്നാണ് മോഹിത് ആരോപിക്കുന്നത്. അതിന് ശേഷമാണ് ഇരുവരും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുണ്ടായതെന്നാണ് മോഹിതിന്റെ ബന്ധുക്കൾ പറഞ്ഞു. ഇതിന് ശേഷം രോഹിതിനെ മാനസികമായി തളർത്തുന്ന പെരുമാറ്റമാണ് പ്രിയയുടെയും മാതാപിതാക്കളുടെയും ഭാഗത്തുനിന്ന് ഉണ്ടായതെന്ന് മോഹിതിന്റെ കുടുംബം ആരോപിക്കുന്നു.