'ഭിന്നതകൾ മാറ്റിവെക്കാം'; ഒരുമിക്കുമെന്ന സൂചന നൽകി ഉദ്ധവ് താക്കറെയും രാജും

രാഷ്‌ട്രീയ ശത്രുതയേക്കാള്‍ പ്രധാനം മറാത്ത സംസ്‌കാരവും സ്വത്വവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ്‌ ഇരുനേതാക്കളുടെയും നീക്കം

Update: 2025-04-20 04:34 GMT
Editor : rishad | By : Web Desk
Advertising

മുംബൈ: ഉദ്ധവ്‌ താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയും(യുബിടി) രാജ്‌ താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്‌ട്ര നവനിര്‍മാണ്‍ സേനയും(എംഎന്‍എസ്‌) ഒന്നിക്കാനൊരുങ്ങുന്നു. രാഷ്‌ട്രീയ ശത്രുതയേക്കാള്‍ പ്രധാനം മറാത്ത സംസ്‌കാരവും സ്വത്വവുമാണെന്നു ചൂണ്ടിക്കാട്ടിയാണ്‌ ഇരുനേതാക്കളുടെയും നീക്കം.

നടനും ചലച്ചിത്രകാരനുമായ മഹേഷ്‌ മഞ്‌ജരേക്കറുമായുള്ള ഒരു അഭിമുഖത്തിലാണ്‌  ഒന്നിക്കാമെന്ന സൂചന നല്‍കി രാജ്‌ താക്കറെ രംഗത്തുവന്നത്‌. ബന്ധുക്കള്‍ തമ്മിലുള്ള പ്രശ്‌നങ്ങളേക്കാള്‍ പ്രധാനം മഹാരാഷ്‌ട്രയുടെ താത്‌പര്യങ്ങളാണെന്ന്‌ അദ്ദേഹം വ്യക്‌തമാക്കി. ഉദ്ധവും താനുമായുള്ള തര്‍ക്കങ്ങള്‍ നിസാരമാണെന്നും മഹാരാഷ്‌ട്രയാണ്‌ എല്ലാത്തിലും വലുതെന്നും രാജ്‌ ചൂണ്ടിക്കാട്ടി. ഉദ്ധവും രാജും തമ്മില്‍ ഒരുമിക്കുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു രാജ് താക്കറെ.

ശിവസേന സ്‌ഥാപകന്‍ ബാല്‍ താക്കറെയുടെ മരണത്തേത്തുടര്‍ന്ന്‌, മകന്‍ ഉദ്ധവ്‌ താക്കറെ രാഷ്‌ട്രീയ പിന്തുടര്‍ച്ചാവകാശിയായി മാറിയതില്‍ പ്രതിഷേധിച്ചാണ്‌ ബാല്‍താക്കറെയുടെ സഹോദരന്റെ മകന്‍ രാജ്‌ താക്കറെ എംഎന്‍എസ്‌ രൂപീകരിച്ചത്‌. 2005ലായിരുന്നു എംഎന്‍എസ്‌ രൂപീകരിച്ചത്‌.

രാജ്താക്കറെയുടെ പ്രതികരണത്തിന് മറുപടിയുമായി ഉദ്ധവ് താക്കറെ രംഗത്ത് എത്തി.  ഉപാധിയോടെയാണ്‌ ഉദ്ധവ്‌ താക്കറെ പ്രതികരിച്ചത്‌.

''മഹാരാഷ്‌ട്രയുടെ താത്‌പര്യങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ താന്‍ സ്വാഗതം ചെയ്യില്ല. അവരെ വീട്ടിലേക്കു ക്ഷണിക്കില്ല, ഇക്കാര്യത്തില്‍ വ്യക്‌തതയുണ്ടായാല്‍ നമുക്ക്‌ മഹാരാഷ്‌ട്രയ്‌ക്ക് വേണ്ടി ഒന്നിച്ച്‌ പ്രവര്‍ത്തിക്കാം. നിസാരമായ തര്‍ക്കങ്ങള്‍ മാറ്റിവെയ്‌ക്കാന്‍ താന്‍ തയാറാണ്‌. വ്യവസായങ്ങള്‍ മഹാരാഷ്‌ട്രയില്‍നിന്നു ഗുജറാത്തിലേക്ക് കൊണ്ടുപോകുന്ന വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ചപ്പോള്‍ ഒന്നിച്ചുനിന്നിരുന്നെങ്കില്‍ മഹാരാഷ്‌ട്രയ്‌ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാരുണ്ടാക്കാമായിരുന്നു. ഒരു ദിവസം അവരെ അനുകൂലിക്കുക, അടുത്ത ദിവസം എതിര്‍ക്കുക, അങ്ങനെ ഇടയ്‌ക്കിടെ നിലപാട്‌ മാറ്റാനാവില്ല''- ഇങ്ങനെയായിരുന്നു ഉദ്ധവിന്റെ പ്രതികരണം.

ഭാരതീയ കാംഗാര്‍ സേന സംഘടിപ്പിച്ച സമ്മേളനത്തിലാണ് ഉദ്ധവ് തന്റെ നിലപാട് വ്യക്തമാക്കിയത്. 

അതേസമയം സംസ്ഥാനത്തെ മറാത്തി-ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലെ ഒന്നുമുതല്‍ അഞ്ചുവരെയുള്ള ക്ലാസുകളില്‍ ഹിന്ദി നിര്‍ബന്ധിത വിഷയമാക്കാനുള്ള മഹായുതി സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രാജ് താക്കറെയും രംഗത്തുണ്ട്. ഇതിനിടയിലാണ് ഒന്നിക്കാം എന്ന തരത്തിലുള്ള പ്രസ്താവനകള്‍ നേതാക്കളില്‍ നിന്ന് വരുന്നത്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News