'സർക്കാർ ചെയ്ത കാര്യങ്ങളൊക്കെ പറയൂ'; ഉദ്ധവ്-രാജ് ഒന്നിക്കൽ വാർത്തകളോട് 'ചൂടായി' ഏക്നാഥ് ഷിൻഡെ
ശിവസേനയെ പിളർത്തിയാണ് ഏക്‌നാഥ് ഷിൻഡെ ബിജെപിക്കൊപ്പം പോയി സർക്കാർ രൂപീകരിച്ചതും മുഖ്യമന്ത്രിയായതും
മുംബൈ: ഉദ്ധവ് ശിവസേനയും(യുബിടി) മഹാരാഷ്ട്ര നവനിർമാൺ സേനയും(എംഎൻഎസ്) ഒന്നിക്കുന്നത് സംബന്ധിച്ച ചോദ്യങ്ങളോട് ദേഷ്യപ്പെട്ട് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ. സർക്കാർ ചെയ്ത കാര്യങ്ങളെക്കുറിച്ച് പറയൂ എന്നായിരുന്നു ഇതുസംബന്ധിച്ച് ചോദ്യങ്ങളോടുള്ള അദ്ദേഹത്തിന്റെ മറുപടി.
കൂടുതൽ പ്രതികരിക്കാതെ ഷിന്‍ഡെ ഒഴിഞ്ഞുമാറുകയും ചെയ്തു. അദ്ദേഹത്തിന്റെ അതൃപ്തി പ്രകടമായിരുന്നു. പൊതുവെ സൗമ്യതയോടെ മാധ്യമങ്ങളെ നേരിടാറുള്ള ഷിൻഡെയുടെ ദേഷ്യപ്പെട്ടുള്ള പ്രതികരണം ചർച്ചയാകുകയും ചെയ്തു. ശിവസേനയെ പിളർത്തിയാണ് ഏക്‌നാഥ് ഷിൻഡെ ബിജെപിക്കൊപ്പം പോയി സർക്കാർ രൂപീകരിച്ചതും മുഖ്യമന്ത്രിയായതും. അതിനാൽ ഉദ്ധവ്-രാജ് പക്ഷങ്ങൾ ഒന്നിച്ചാൽ തനിക്ക് ഭീഷണിയാകുമെന്ന് കണ്ടാണ് ഇതുസംബന്ധിച്ച ചോദ്യങ്ങളോട് പോലും ഷിൻഡെ അസഹിഷ്ണുതയോടെ പെരുമാറുന്നതെന്നാണ് വിലയിരുത്തുന്നത്.
രാഷ്‌ട്രീയ ശത്രുതയേക്കാള്‍ പ്രധാനം മറാത്ത സംസ്‌കാരവും സ്വത്വവുമാണെന്നു ചൂണ്ടിക്കാട്ടിയാണ് ഉദ്ധവ്- രാജ് വിഭാഗങ്ങള്‍ ഒന്നാകുന്നതിന്റെ സൂചനകള്‍ നല്‍കിയത്. നടനും ചലച്ചിത്രകാരനുമായ മഹേഷ് മഞ്‌ജരേക്കറുമായുള്ള ഒരു അഭിമുഖത്തിലാണ് ഒന്നിക്കാമെന്ന സൂചന നല്‍കി രാജ് താക്കറെ ആദ്യം രംഗത്തുവന്നത്. പ്രതികരണത്തിന് ഉപാധികളോടെയാണ് ഉദ്ധവിന്റെ മറുപടി എങ്കിലും ഒന്നാകാം എന്ന സൂചന അദ്ദേഹത്തിന്റെ വാക്കുകളിലുമുണ്ടായിരുന്നു. ഇതോടെ മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ ചര്‍ച്ചകള്‍ സജീവമാകുകയും ചെയ്തു.
അതേസമയം സഖ്യം സംബന്ധിച്ചുള്ളതല്ല, മറിച്ച് വൈകാരികമായ ചർച്ചകൾ മാത്രമാണ് ഇപ്പോള്‍ നടക്കുന്നത് എന്നായിരുന്നു ഉദ്ധവ് വിഭാഗം എംപിയായ സഞ്ജയ് റാവത്തിന്റെ പ്രതികരണം. ഇരുവരും തമ്മിലെ ബന്ധം തകര്‍ന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.