'മുസ്‌ലിം സമുദായത്തെ കേന്ദ്രം വഞ്ചിച്ചു,വഖഫ് നിയമഭേദഗതിയെ പൂർണ്ണമായും എതിർക്കുന്നു'; ഷിയ നേതാവ് മൗലാന ഖൽബെ ജവാദ്
ഇന്നത്തെ ജുമുഅ നമസ്ക്കാര ശേഷം സമരം പ്രഖ്യാപിക്കുമെന്നും ഖൽബെ ജവാദ് മീഡിയവണിനോട് പറഞ്ഞു
ഡൽഹി: മുസ്‌ലിം സമുദായത്തെ കേന്ദ്രം വഞ്ചിച്ചുവെന്ന് പ്രമുഖ ഷിയ നേതാവും അഞ്ജുമാനി- ഇ- ഹൈദ്രി രക്ഷാധികാരിയുമായ മൗലാന ഖൽബെ ജവാദ് വഖഫ് നിയമഭേദഗതിയെ പൂർണ്ണമായും എതിർക്കുന്നതായും ഇന്നത്തെ ജുമുഅ നമസ്ക്കാര ശേഷം സമരം പ്രഖ്യാപിക്കുമെന്നും ഖൽബെ ജവാദ് മീഡിയവണിനോട് പറഞ്ഞു.
വഖഫ് നിയമഭേദഗതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം അലയടിക്കുന്നതിനിടെയാണ് കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനുമായി ഷിയ വിഭാഗം രംഗത്ത് എത്തിയത്. മുസ്‌ലിം സമുദായത്തെ അവർ വഞ്ചിച്ചിരിക്കുന്നു.ബിഹാറിലെയും തെലുങ്കാനയിലെയും സർക്കാറുകൾക്കായി മുസ്‌ലിങ്ങൾ വോട്ട് ചെയ്‌തു. എന്നാൽ അവരെ പറ്റിക്കുകയായിരുന്നു. മുസ്‌ലിങ്ങളുടെ ശക്തി എന്താണ് എന്ന് ഞങ്ങൾ തെളിയിക്കുമെന്നും മൗലാന ഖൽബെ ജവാദ് പറഞ്ഞു.
ബില്ലിനെ പൂർണ്ണമായും എതിർക്കുന്നു. ഇതൊരു കരിനിയമമാണെന്നും അദ്ദേഹം പറഞ്ഞു. ദൈവത്തിന്റ സ്വത്തുകളാണ് വഖഫ്. ദൈവം ഞങ്ങളെ സഹായിക്കും. ഇതിൽ ഞങ്ങൾ വിജയിക്കും. ജുമുഅ നമസ്ക്കാരത്തിന് ശേഷം സമരം പ്രഖ്യാപിക്കുമെന്നും ഖൽബെ ജവാദ് വ്യക്തമാക്കി. ബില്ലിനെതിരെ സുപ്രിംകോടതിയെ സമീപിച്ച്, രാജ്യവ്യാപക പ്രതിഷേധം ശക്തമാക്കുമെന്നാണ് സൂചന .