കണ്ണീരിലായി സന്തോഷവേദി; ഭാര്യക്കൊപ്പം 25ാം വിവാഹ വാർഷികം ആഘോഷിക്കുന്നതിനിടെ ഹൃദയാഘാതം, 50കാരന് ദാരുണാന്ത്യം
ദമ്പതികൾ ഒരുമിച്ച് വേദിയിൽ കേക്ക് മുറിക്കാനും പദ്ധതിയിട്ടിരുന്നു. പക്ഷേ അതിനു മുമ്പ് ഭർത്താവിനെ മരണം തേടിയെത്തുകയായിരുന്നു.
ന്യൂഡൽഹി: ഭാര്യക്കൊപ്പം വിവാഹ വാർഷികം ആഘോഷിക്കുന്നതിനിടെ കുഴഞ്ഞുവീണ് 50കാരന് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ബറേലിയിലെ ദമ്പതികളുടെ വിവാഹ വാർഷിക ആഘോഷമാണ് മരണവേദിയായത്. ഷൂ ബിസിനസുകാരനായ വസീം സർവത് ആണ് മരിച്ചത്.
25ാം വാർഷികം ഭാര്യ ഫറയ്ക്കും കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം ആഘോഷിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടാവുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. പിലിഭിത്ത് ബൈപാസ് റോഡിലെ ഒരു വേദിയിൽ നടന്ന പാർട്ടിക്കിടെ കഴിഞ്ഞദിവസമായിരുന്നു സംഭവം.
ദമ്പതികൾ വേദിയിൽ പാട്ടുകൾക്കൊപ്പം നൃത്തം ചെയ്യുകയായിരുന്നു. തുടർന്ന് സംസാരിച്ചുകൊണ്ടുനിൽക്കെ വസീം പെട്ടെന്ന് കുഴഞ്ഞുവീണു. ബന്ധുക്കൾ ഓടിയെത്തി വസീമിനെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം പ്രതികരിക്കുന്നുണ്ടായിരുന്നില്ല.
ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. ദമ്പതികളുടെ ക്ഷണം സ്വീകരിച്ച് നിരവധി പേർ ചടങ്ങിനെത്തിയിരുന്നു.
ഇരുവരും ഒരുമിച്ച് വേദിയിൽ കേക്ക് മുറിക്കാനും പദ്ധതിയിട്ടിരുന്നു. പക്ഷേ അതിനു മുമ്പ് ഭർത്താവിനെ മരണം തേടിയെത്തുകയായിരുന്നു. സ്കൂൾ അധ്യാപികയാണ് വസീമിന്റെ ഭാര്യ ഫറ. രണ്ട് ആൺമക്കളുണ്ട്.